by Midhun HP News | Jan 19, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 686 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ വിറ്റ AX 278750 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ തിരൂരിൽ വിറ്റ AS 706450 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
by Midhun HP News | Jan 19, 2025 | Latest News, കേരളം
തൃശൂര്‍: ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും.
ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ പത്തു ജ്വല്ലറികളുടെ ഉടമയാണ്. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ആണ് അദ്ദേഹം സ്വര്‍ണ വ്യാപാര രംഗത്തേയ്ക്ക് കടക്കുന്നത്. നന്മ നിറഞ്ഞ ചാലക്കുടി എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
by Midhun HP News | Jan 19, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ത്യയിലെ ആദ്യത്തെ സമാധാന സൗഹൃദ പ്രസ്ഥാനമായ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ ആര്യൻ എസ് ബി നായർ ഒന്നാം സ്ഥാനം നേടി വിജയിച്ചു. ‘പരിസ്ഥിതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ നടത്തിയ രചനയ്ക്കാണ് സമ്മാനം ലഭിച്ചത്. മാനവീയം വീഥിയിൽ എം ടി വാസുദേവൻ നായർ നഗറിൽ വച്ച് നടന്ന ഇസ്‌കഫ് സംസ്ഥാന സമ്മേളനത്തിൽ വച്ച് സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. മുൻ എം.പി. സുരേഷ് കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌കഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരി
മുഖ്യാതിഥിയായി. അഡ്വ. പ്രശാന്ത് രാജൻ, എസ്. ഹസൻ, രാജീവ് തുടങ്ങിയവർ സംസാരിച്ചു.
ചെറു കഥാകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെയും കവയിത്രി ബിന്ദു നന്ദനയുടെയും മകൻ ആണ് ആര്യൻ. കൊടുവഴന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ്.
by Midhun HP News | Jan 19, 2025 | Latest News, കേരളം
ശബരിമല: മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം. ഹരിവരാസനം പാടി രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും.
തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു.
വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു.
by Midhun HP News | Jan 19, 2025 | Latest News, കേരളം
മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറിയ സ്വര്‍ണ വിലയ്ക്ക് ഇന്നലെ സഡന്‍ ബ്രേക്ക് വീണിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 7,435 രൂപയും. പവന് 59,480 രൂപയുമാണ് ഇന്നത്തെ വില.
ജനുവരി 17ന് സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു പവന് 59,600 രൂപയായിരുന്നു, ഗ്രാമിന് 7450 രൂപയും. കഴിഞ്ഞ ദിവസം വരെ പവന് 60,000 രൂപയാകുമെന്ന ആശങ്ക ശക്തമായിരുന്നു. ഇന്നലെ വില കുറഞ്ഞതോടെ സ്വര്‍ണം തിരിച്ചിറങ്ങുന്ന പ്രവണത കാണിക്കുമെന്ന പ്രതീക്ഷയാണുള്ളത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുമുണ്ട്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
by Midhun HP News | Jan 19, 2025 | Latest News, കേരളം
കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് വ്യക്തമാക്കി.
ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്ത രീതിയിൽ പണം തിരികെ നൽകിയതോടെ പലരിൽ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികൻ വീണ്ടും നിക്ഷേപിച്ചു.
എന്നാൽ പിന്നീട് വൈദികനു സംഘത്തെ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെയാണ് പരാതി നൽകിയത്. കടുത്തുരുത്തി പൊലീസിലാണ് വൈദികൻ പരാതി നൽകിയത്. പ്രശസ്ത കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. പരാതിയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Recent Comments