റെക്കോര്‍ഡുകളുടെ പെരുമഴ തീർത്ത് വിജയം, പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

റെക്കോര്‍ഡുകളുടെ പെരുമഴ തീർത്ത് വിജയം, പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

രാജ്കോട്ട്: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം ചരിത്രം കുറിച്ചു. പുരുഷ ടീമിനെയും മറികടന്ന പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ കുറിച്ചത്. അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിന്റെ വമ്പന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു.

ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെയും ഓപ്പണർ പ്രതിക റാവലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഇന്ത്യൻ വനിതകൾ കൂറ്റൻ സ്കോർ നേടിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്.

ക്യാപ്റ്റൻ സ്മൃതി മന്ധാന 70 പന്തുകളിൽ നിന്നാണ് അന്താരാഷ്ട്ര ഏകദിനത്തിലെ 10–ാം സെഞ്ച്വറി സ്വന്തമാക്കിയത്. ഏഴു സിക്സുകളും 12 ഫോറുകളും സഹിതമാണ് ഇന്ത്യൻ ക്യാപ്റ്റൻ 135 റൺസെടുത്തത്. 80 പന്തുകളിൽ 135 റൺസെടുത്ത് സ്മൃതി പുറത്തായി. ഇന്ത്യൻ വനിതകളിലെ വേഗമേറിയ ഏകദിന സെഞ്ച്വറിയെന്ന റെക്കോർഡും സ്മൃതി മന്ധാന സ്വന്തമാക്കി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌‍ക്കെതിരെ 87 പന്തിൽ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗറിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

129 പന്തുകൾ നേരിട്ട പ്രതിക റാവൽ 154 റൺസെടുത്തു. പ്രതികയുടെ കന്നി സെഞ്ച്വറിയാണിത്. 20 ഫോറും ഒരു സിക്സും സഹിതമാണ് പ്രതിക 154 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി – പ്രതിക സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ടു തീർത്തു. 26.4 ഓവർ ക്രീസിൽ നിന്ന ഇരുവരും 233 റൺസാണ് അടിച്ചുകൂട്ടിയത്. വനിതാ ഏകദിനത്തിൽ ഒരു മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചറി നേടുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. തുടർന്നെത്തിയ റിച്ച ഘോഷ് അര്‍ധസെഞ്ച്വറി (59 റൺസ്) നേടി.തേജൽ ഹസാബ്‌നിസ് (25 പന്തിൽ 28), ഹർലീൻ ഡിയോൾ (10 പന്തിൽ 15) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് 131 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അയര്‍ലന്‍ഡ് ബാറ്റിങ് നിരയില്‍ സാറോ ഫോബ്സിനും (41) ഒര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്(36) നും മാത്രമേ ഇന്ത്യയെ അല്പമെങ്കിലും ചെറുക്കാൻ സാധിച്ചത്. ദീപ്തി ശര്‍മ മൂന്നും തനൂജ കന്‍വാര്‍ രണ്ടും ടിറ്റാസ് സദ്ധു, സയാലി സത്ഘരെ മിന്നുമണി എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു

സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം, പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ

സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം, പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ‌ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്.

ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 റോക്കറ്റിലാണ് സ്പെഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഉപഗ്രഹങ്ങളുടെ പേരുകള്‍. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡോക്കിങ് സാങ്കേതികവിദ്യയിൽ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കൈവരിച്ചിട്ടുള്ളത്.

കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; കള്ളന്റെ ആക്രമണം വീട്ടിലെ മോഷണശ്രമത്തിനിടെ

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; കള്ളന്റെ ആക്രമണം വീട്ടിലെ മോഷണശ്രമത്തിനിടെ

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളന്‍ നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു.

നടന് ആറ് തവണയാണ് കുത്തേറ്റത്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് താരം. അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കി. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും ഓപ്പറേഷന് ശേഷമേ കാര്യങ്ങള്‍ പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കള്ളന്റെ ആക്രമണം തടയുന്നതിനിടെയാണ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റത്. സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്.

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു.

ഈ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരളത്തിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും കൊളീജിയം പരി​ഗണിച്ചു.

2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990ലാണ് കെ വിനോദ് ചന്ദ്രൻ അഭിഭാഷകനായി എൻ‌റോൾ ചെയ്തത്. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24ന് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സതീഷ് കുമാർ എസ് (65) അന്തരിച്ചു

സതീഷ് കുമാർ എസ് (65) അന്തരിച്ചു

വർക്കല:ഇടവ വെൺകുളം എസ്.എസ് നിവാസിൽ സതീഷ് കുമാർ എസ് (65) അന്തരിച്ചു. ഭാര്യ രമാദേവി ആർ.സഹോദരങ്ങൾ സുരേഷ് ബാബു എസ് കൈപ്പറ്റിമുക്ക് (റിട്ടയേർഡ് വാട്ടർ അതോറിറ്റി, ആറ്റിങ്ങൽ ),സലീന എസ്, പരേതനായ സന്തോഷ് കുമാർ എസ്.സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് സ്വവസതിയിൽ.