by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന, ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറന്‍സിക് സംഘം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ ഏഴുമണിയോടെ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഗോപന്‍ സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുമ്പോള്‍ നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളിലും പോസ്റ്റ് മോര്‍ട്ടത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. അതിന് ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തണം. ഇതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.
വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണോ?, ശ്വാസകോശത്തില്‍ എന്തെങ്കിലും നിറഞ്ഞിട്ടാണോ മരണം സംഭവിച്ചത്?, ശ്വാസംമുട്ടിയിട്ടാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണം നടന്ന സമയം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. മരണം നടന്ന സമയം സംബന്ധിച്ച് ബന്ധുക്കള്‍ പറയുന്ന സമയം ഉണ്ട്. ഗോപന്‍ സ്വാമിയുടെ ബന്ധുക്കള്‍ പറയുന്ന സമയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് അറിയാന്‍ രാസപരിശോധനാഫലം വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. നാളെ വീട്ടുവളപ്പിലാണ് സംസ്‌കരിക്കുക. മൃതദേഹം ഇന്ന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
by Midhun HP News | Jan 16, 2025 | Latest News
തൃശൂര്‍: ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കലാമണ്ഡലം. നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഇന്ന് ചുമതലയേല്‍ക്കും.
by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റവും ഹയർസെക്കൻഡറി വിഭാഗത്തിലെ രണ്ടാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനം എം പി എ എ റഹീം, കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, പ്രതിഭകളെ ആദരിക്കൽ അഡ്വക്കേറ്റ് എസ് കുമാരിയും നിർവഹിക്കും. ചടങ്ങിൽ മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
by Midhun HP News | Jan 16, 2025 | Latest News, കേരളം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്നു. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.
യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
by Midhun HP News | Jan 16, 2025 | Latest News, കേരളം
കോട്ടയം : ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാറിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകുമാറിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
കേസില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡിസി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പൊലീസ് അന്വേഷിച്ചു വരികയാണ്.
ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
by Midhun HP News | Jan 16, 2025 | Latest News, കേരളം
ബംഗളൂരു: ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സങ്കീര്‍ണമായ ഈ സാങ്കേതികവിദ്യയില്‍ പൂര്‍ണമായി കഴിവു തെളിയിക്കണമെങ്കില്‍ ഐഎസ്ആര്‍ഒ ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ചന്ദ്രയാന്‍ 4, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യം, സ്വന്തം ബഹിരാകാശ നിലയം എന്നി ഭാവി ലക്ഷ്യങ്ങള്‍ക്ക് സ്‌പേസ് ഡോക്കിങ് പരീക്ഷണം ആത്മവിശ്വാസം പകരും. രണ്ടുതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇന്ന് രാവിലെയാണ് സ്‌പെഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തത്. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഡിസംബര്‍ 30നാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് വിക്ഷേപിച്ചത്. സ്‌പെഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 60 റോക്കറ്റ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ചാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ചാണ് ഒന്നിച്ചത്.
വിക്ഷേപണത്തിനുശേഷം അഞ്ച് മുതല്‍ ആറ് വരെ ഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഇന്ത്യന്‍ ഡോക്കിംഗ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പെറ്റല്‍ അധിഷ്ഠിത ഡോക്കിങ് സിസ്റ്റമാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും ഐഎസ്ആര്‍ഒ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ജനുവരി 11 ആയപ്പോഴേക്കും രണ്ട് ഉപഗ്രഹങ്ങളും 1.5 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് 230 മീറ്റര്‍ ദൂരത്തിലേക്ക് അടുത്തു. എല്ലാ സെന്‍സറുകളും വിലയിരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നതെന്ന് യുആര്‍എസ്സി ഡയറക്ടര്‍ എം ശങ്കരന്‍ പറഞ്ഞു.
കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളുടെ പേര് എസ്ഡിഎക്‌സ് 01- ചേസര്‍, എസ്ഡിഎക്‌സ് 02- ടാര്‍ഗറ്റ് എന്നിങ്ങനെയാണ്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്.കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രോ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തുകയായിരുന്നു.
Recent Comments