by Midhun HP News | Jul 4, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനം നിലച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മോട്ടോര്‍ വാഹനവകുപ്പ്. കെല്‍ട്രോണിന് സര്‍ക്കാര്‍ പണം നല്‍കാത്തിനെ തുടര്‍ന്ന് സേവനം നിര്‍ത്തിയെന്നും സര്‍ക്കാര്‍ ഇതുവരെ പ്രശ്നപരിഹാരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് പ്രചരണങ്ങള്‍.
എന്നാല്‍ എഐ കാമറകള്‍ റോഡിലെ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നുമാണ് എംവിഡി പറയുന്നത്. ലംഘനങ്ങളില്‍ ചലാന്‍ അയക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. അതായത് നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഈ നിയമലംഘനത്തിനു കൂട്ടത്തോടെ ചലാന്‍ അയക്കാന്‍ എഐ കാമറയില്‍ സംവിധാനമുണ്ടെന്നാണ് എംവിഡി വിശദീകരണം.
‘സംസ്ഥാനത്ത് എഐ കാമറകള്‍ പ്രവര്‍ത്തനം നിലച്ചു എന്ന വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവ പ്രവര്‍ത്തിക്കുകയും ഗതാഗത നിയമലംഘനങ്ങള്‍ ചിത്രീകരിച്ച് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. തടസ്സങ്ങള്‍ മാറുന്നതോടെ ഈ ഗതാഗത നിയമലംഘനങ്ങള്‍ക്കും ചല്ലാന്‍ നല്‍കുന്നതായിരിക്കും. ദയവായി ശ്രദ്ധിക്കുക- നീരീക്ഷണത്തിന് കാമറകള്‍ ഉണ്ടായാലും ഇല്ലെങ്കിലും ജീവന്റെ സുരക്ഷിതത്വത്തിനായി ഗതാഗത നിയമങ്ങള്‍ പാലിക്കുകം എംവിഡി കുറിച്ചു.
കാമറകളുടെ പ്രവര്‍ത്തനത്തിനുള്ള നെറ്റ് കണക്ഷന്‍ റദ്ദാക്കിയതാണ് മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയത്. അതേസമയം, എഐ കാമറിയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സെര്‍വറില്‍ സൂക്ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കുന്നതോടെ ഈ ചിത്രങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തും.

by Midhun HP News | Jul 4, 2026 | Latest News
ചാലക്കുടി: റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണുകിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികനായ വൃദ്ധൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ വീട്ടിൽ തോമസ് (65) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ അഞ്ച് മണിയോടെ ചാലക്കുടി തൂമ്പാക്കോട് വെച്ചായിരുന്നു അപകടം . സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കെതിരെ പ്രദേശത്ത് കടുത്ത ജനരോഷം ഉയരുകയാണ്.
വൈദ്യുതി വിച്ഛേദിച്ചു, പക്ഷെ മരം റോഡിൽ തന്നെയിട്ടു
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡിന് കുറുകെ പോകുന്ന ഇലക്ട്രിക് കമ്പികളിലേക്ക് മരം ഒടിഞ്ഞുവീണത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മരം വീണ വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തുകയും അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
എന്നാൽ വൈദ്യുതി ഓഫാക്കിയ ശേഷം റോഡിന് കുറുകെ അപകടാവസ്ഥയിൽ കിടന്ന മരം മുറിച്ചുമാറ്റാനോ, തദ്ദേശവാസികളെയോ ജനപ്രതിനിധികളെയോ വിവരം അറിയിക്കാനോ കെ.എസ്.ഇ.ബി ജീവനക്കാർ തയ്യാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രാത്രി മുഴുവൻ മരം അതേപടി റോഡിന് കുറുകെ കിടക്കുകയായിരുന്നു.
കപ്പ വലിക്കാൻ പോയ സഹോദരങ്ങൾക്ക് ദുരന്തം
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീട്ടിൽ നിന്നും കപ്പ വലിക്കുന്ന ജോലിക്കായി സ്കൂട്ടറിൽ പോവുകയായിരുന്നു തോമസും സഹോദരൻ പൗലോസും. വെളിച്ചക്കുറവ് കാരണം റോഡിന് കുറുകെ ഇലക്ട്രിക് കമ്പിയിൽ തങ്ങിനിൽക്കുകയായിരുന്ന മരം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.
നിയന്ത്രണം വിട്ട സ്കൂട്ടർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരൻ പൗലോസ് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
by Midhun HP News | Jul 4, 2026 | Latest News
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മമത ബാനര്‍ജിയുടെ വലംകൈയും പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. മമത ബാനര്‍ജിയുടെ വിശ്വസ്തയായ ചന്ദ്രിമ, പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും ശനിയാഴ്ച രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം നിലനിര്‍ത്തിയിട്ടുണ്ട്. പദവികള്‍ ഒഴിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടില്ല.
തനിക്ക് നല്‍കിയിട്ടുള്ള സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മറ്റ് എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് മമത ബാനര്‍ജിക്ക് നല്‍കിയ രാജി കത്തില്‍ ചന്ദ്രിമ വ്യക്തമാക്കി. വിവിധ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പാര്‍ട്ടിയെ പ്രതിനിധീകരിക്കാനുള്ള അധികാരം എന്നിവ ഇനിമുതല്‍ തന്നില്‍ നിഷിപ്തമല്ലെന്നും അവര്‍ രാജി കത്തില്‍ ചൂണ്ടിക്കാട്ടി.
ചന്ദ്രിമയുടെ മകന്‍ സൗരവ് ബസു, കഴിഞ്ഞ ദിവസം ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത പക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി. മമത ബാനര്‍ജിയുടെ മന്ത്രിസഭയില്‍ ആരോഗ്യം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി പിളരുമെന്ന് ഉറപ്പായ ഘട്ടത്തില്‍ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമ ഭട്ടാചാര്യയെ മമത സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തത്.
കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011ലാണ് നിയമസഭയിലെത്തുന്നത്. മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന ചന്ദ്രിമയുടെ അപ്രതീക്ഷിത രാജി തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മമതയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും നേരിടുന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായാണ് ഈ രാജിയും കണക്കാക്കപ്പെടുന്നത്.
by Midhun HP News | Jul 4, 2026 | Latest News
ടിനി ടോമുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ രമേഷ് പിഷാരടി നടത്തിയ ഇടപെടലിനെക്കുറിച്ച് നടി അന്‍സിബ. രമേഷ് പിഷാരടിയുടേത് ആത്മാര്‍ത്ഥമായ ശ്രമമായിരുന്നുവെന്നും അതിനാലാണ് താന്‍ സംസാരിക്കാന്‍ തയ്യാറായതെന്നും പത്രസമ്മേളനത്തില്‍ സംസാരിക്കവെ അന്‍സിബ പറഞ്ഞു. എന്നാല്‍ താന്‍ മാപ്പ് എഴുതി നല്‍കണമെന്ന ടിനി ടോമിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലായിരുന്നു എന്നും അന്‍സിബ പറയുന്നു.
‘കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. രമേഷ് പിഷാരടിയുടെ കാര്യം പറഞ്ഞാല്‍, അദ്ദേഹം എനിക്കെന്റെ സഹപ്രവര്‍ത്തകനാണ്. അദ്ദേഹം ഇപ്പോള്‍ എംഎല്‍എയാണ്. അദ്ദേഹത്തിനോടുള്ള ബഹുമാനപ്പുറത്താണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹം എന്നെ ഒരുപാട് തവണ വിളിച്ച് സംസാരിച്ചു. അവസാനം ഞാന്‍ വിചാരിച്ചു, ഇത്രയും തവണ വിളിച്ച് സംസാരിക്കുന്ന ആളല്ലേ, അദ്ദേഹത്തിന് ഞാന്‍ കൊടുക്കേണ്ട ബഹുമാനം കാരണമാണ് ഞാന്‍ പറഞ്ഞത് ശരി ചേട്ടാ സംസാരിക്കാം എന്ന്’ അന്‍സിബ പറയുന്നു.
”അങ്ങനെയാണ് രമേഷേട്ടന്‍ സംസാരിച്ചത്. സംസാരിച്ചിട്ട് എന്റെയടുത്ത് പറഞ്ഞു, അന്‍സിബ മാപ്പ് എഴുതിക്കൊടുക്കണം എന്ന് അവര്‍ പറഞ്ഞത്രേ. ഇത് എവിടുത്തെ ന്യായമാണ്. ഇപ്പോള്‍ ഞാന്‍ പറഞ്ഞു ശരി ചേട്ടാ ഇനി ഇതേപ്പറ്റി സംസാരിക്കണ്ട എന്ന്. ഒന്ന് ആലോചിച്ച് നോക്കൂ, പരാതിക്കാരി മാപ്പ് എഴുതിക്കൊടുക്കണമത്രേ, ഇനി പരാതി പറയുകയില്ലെന്ന്. ഇത് എന്താ വെള്ളരിക്കാപ്പട്ടണമോ? ആലോചിച്ച് നോക്കൂ, വളരെ വ്യക്തിപരമായി സംസാരിക്കുന്ന ഓഡിയോ ലീക്ക് ചെയ്യുക എന്ന് പറയുമ്പോള്‍ അത് ഇന്ത്യയിലെ ഐടി ആക്ട് പ്രകാരം തെറ്റാണ്.” എന്നും അന്‍സിബ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പത്രസമ്മേളനത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമ വാര്‍ത്തകള്‍ക്കെതിരെയും അന്‍സിബ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. അന്‍സിബയുടെ കുറിപ്പിലേക്ക്:
ടിനി ടോമുമായുള്ള വിഷയത്തില്‍ അനുരഞ്ജനത്തിനായി ആത്മാര്‍ത്ഥമായി മുന്‍കൈ എടുത്ത രമേഷ് പിഷാരടിയെ ഞാന്‍ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഇത് പൂര്‍ണമായും വസ്തുതാവിരുദ്ധമാണ്. പ്രസ്തുത വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം എന്നെ അറിയിക്കുകമാത്രമാണ് രമേഷ് പിഷാരടി ചെയ്തത്.
അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുന്നു. അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
by Midhun HP News | Jul 4, 2026 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യത. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട്
05/07/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
06/07/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
07/07/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്
08/07/2026: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്.
ഇതിനായി തദ്ദേശ സ്ഥാപന/റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക.
വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍/ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.
by Midhun HP News | Jul 4, 2026 | Latest News
ഇന്ത്യൻ ആർമിയിൽ സ്പോർട്സ് ക്വാട്ട വഴി ഹവിൽദാർ, നായിബ് സുബേദാർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അവിവാഹിതരായ ഇന്ത്യൻ പുരുഷ-വനിത കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, റെസ്‌ലിംഗ്, ഷൂട്ടിംഗ് ഉൾപ്പെടെ 23 കായിക ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനത്തിൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെയോ സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10.
കായിക ഇനങ്ങൾ (24)
അത്‌ലറ്റിക്സ് (ട്രാക്ക് & ഫീൽഡ്)
അമ്പെയ്ത്ത് (ആർച്ചറി)
ബാസ്‌ക്കറ്റ്ബോൾ
ബോക്സിംഗ്
ഡൈവിംഗ്
കുതിരസവാരി (ഇക്വസ്ട്രിയൻ)
ഫുട്ബോൾ
ഫെൻസിംഗ്
ജിംനാസ്റ്റിക്സ്
ഹോക്കി
ഹാൻഡ്ബോൾ
ജൂഡോ
കയാക്കിംഗ് & കനോയിംഗ്
കബഡി
കരാട്ടെ
റോയിംഗ്
നീന്തൽ
സെയിലിംഗ്
ഷൂട്ടിംഗ്
തായ്ക്വാണ്ടോ
വോളിബോൾ
വുഷു
വെയ്റ്റ് ലിഫ്റ്റിംഗ്
ഗുസ്തി (റെസ്‌ലിംഗ്)
പ്രായപരിധി
ഉദ്യോഗാർഥികൾക്ക് 17½ മുതൽ 25 വയസ് വരെ പ്രായമുണ്ടായിരിക്കണം. അതായത് 2001 സെപ്റ്റംബർ 30 മുതൽ 2008 ഒക്ടോബർ 1 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് (മെട്രിക്കുലേഷൻ) വിജയിച്ചിരിക്കണം.
ഹവിൽദാർ
ജൂനിയർ/സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർ.
അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.
ഖേലോ ഇന്ത്യ ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മെഡൽ നേടിയവർ.
നായിബ് സുബേദാർ
ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് അല്ലെങ്കിൽ ലോകകപ്പിൽ മെഡൽ നേടിയവർ.
ഏഷ്യൻ ഗെയിംസ്/കോമൺവെൽത്ത് ഗെയിംസ്/ലോകകപ്പിൽ രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.joinindianarmy.nic.inpdf
Recent Comments