ഉഗ്രൻ സ്മാഷിൽ തകർന്ന് ജോസും ഷോണും; അവസാന തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാണി സി കാപ്പൻ

ഉഗ്രൻ സ്മാഷിൽ തകർന്ന് ജോസും ഷോണും; അവസാന തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാണി സി കാപ്പൻ

പാലാ: ‘പാലാ’പ്പോരിൽ വീണ്ടും ജയിച്ചുകയറിയിരിക്കുകയാണ് മാണി സി കാപ്പൻ. ഇത്തവണ കൂടി ജയിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനുള്ള കാപ്പൻ്റെ ആഗ്രഹത്തിന് ശുഭപര്യവസാനം. അരനൂറ്റാണ്ടിലധികം കാലം കെഎം മാണിയുടെ തട്ടകമായിരുന്ന പാലാ വീണ്ടും മാണി സി കാപ്പൻ പിടിച്ചെടുക്കുമ്പോൾ, കെഎം മാണിയുടെ മകൻ ജോസ് കെ മാണിക്ക് ആണ് കനത്ത പ്രഹരം, പാർട്ടിയുടെ ചരിത്രം പേറുന്ന മണ്ണിലെ പാർട്ടി ചെയർമാൻ്റെ തോൽവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യുന്നതാണ്.

കാപ്പൻ്റെ സ്മാഷിൽ തകർന്നടിഞ്ഞ് ജോസും ഷോണും
ഒരു കാലത്ത് വോളിബോൾ കോർട്ടുകളിൽ കിടിലിൽ സ്മാഷുകൾ തീർത്ത മാണി സി കാപ്പൻ തൻ്റെ 69ലും തൊടുത്തുവിടുന്ന ‘പൊളിറ്റിക്കൽ സ്മാഷു’കളിൽ എതിരാളികൾ തകർന്നടിയുകയാണ്. തുടർച്ചയായ 12 തവണ എതിരാളികളെ മലർത്തയടിച്ച കെഎം മാണിയുടെ തട്ടകത്തിൽ മറ്റൊരു മാണി നടത്തുന്ന തനിയാവർത്തനം.

ഇക്കുറി പാലായിൽ യുഡിഎഫിനായി വീണ്ടും മാണി സി കാപ്പൻ കളത്തിൽ ഇറങ്ങിയപ്പോൾ എൽഡിഎഫിനായി ജോസ് കെ മാണിയും എൻഡിഎയ്ക്കായി ഷോൺ ജോർജും ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മാണി സി കാപ്പൻ്റെ ജയമാകട്ടെ 2991 വോട്ടുകൾക്ക്. ആകെ 1,35,851 വോട്ടുകൾ പോൾ ചെയ്തപ്പോൾ 50,799 വോട്ടുകൾ കാപ്പൻ പിടിച്ചെടുത്തു. മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും ജോസ് കെ മാണി 47,808 വോട്ടുകളിൽ ഒതുങ്ങി. 35,304 വോട്ടുകൾ പിടിച്ച് ഷോൺ ജോർജ് നടത്തിയ മുന്നേറ്റം ജോസിൻ്റെ സ്വപ്നങ്ങൾക്ക് വിള്ളൽവീഴ്ത്തുന്നതിനൊപ്പം കാപ്പിൻ്റെ ഭൂരിപക്ഷവും ഇടിച്ചു.

അമ്പലപ്പുഴയിൽ ജി. സുധാകരന് വിജയം

അമ്പലപ്പുഴയിൽ ജി. സുധാകരന് വിജയം

അമ്പലപ്പുഴ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ജി. സുധാകരന് വിജയം. 69511 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 43548 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധൻ 14795 വോട്ടുകളും നേടി.

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ൽഡിഎഫ് മുന്നണിയിൽ മത്സരിച്ച എച്ച് സലാം 61,365 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി എം ലിജുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലിജുവിന് 50,240 വോട്ടുകളാണ് ലഭിച്ചത്. 1,125 വോട്ടുകളുടെ ഭൂരിപക്ഷമാണ് സലാം നേടിയത്.

വാശിയേറി പോരാട്ടത്തിനു സാക്ഷിയായ അമ്പലപ്പുഴയിൽ, കക്ഷികളുടെ മത്സരം എന്നതിലുപരി വ്യക്തി പ്രഭാവത്തിനും കൂടി പ്രാധാന്യമുള്ള പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുന്നണി കൂറുമാറ്റങ്ങൾകൊണ്ട് വാർത്തകളിലും മറ്റും ഇടം നേടിയ മണ്ഡലമായി മാറിയിരുന്നു അമ്പലപ്പുഴ. പാർട്ടിയിൽ നിന്ന് മതിയായി പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണം ഉയർത്തി അംഗത്വം പുതുക്കാതിരിക്കുകയായിരുന്ന സിപിഎമ്മിന്റെ മുതിർന്ന നേതാവും ആലപ്പുഴയിലെ പാർട്ടി മുഖങ്ങളിൽ ഒരാളുമായിരുന്ന ജി സുധാകരന്റെ പടിയിറക്കവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

നെൽ കർഷകരുടെ പ്രശ്‍നങ്ങളും, ശുദ്ധമായ കുടിവെള്ളം സ്ഥിരമായി വിതരണം,ആരോഗ്യമേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ,കടലാക്രമണം മൂലം വീട് നഷ്ടപ്പെടുന്നത് പോലുള്ള ദുരിതങ്ങൾ മറ്റ് അടിസ്ഥാന വിഷയങ്ങളും രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുറമെ മണ്ഡലത്തിൽ ചർച്ചാ വിഷയമായിരുന്നു.

 

കരുനാഗപ്പള്ളിയിൽ സിആർ മഹേഷ് തരംഗം; 26,618 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം

കരുനാഗപ്പള്ളിയിൽ സിആർ മഹേഷ് തരംഗം; 26,618 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം

കരുനാഗപ്പള്ളി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിആർ മഹേഷിന് വിജയം. 26618 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിആർ മഹേഷ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിആർ മഹേഷിന് 82593 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എംഎസ് താര 55975 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി വിഎസ് ജിതിൻദേവ് 32121 വോട്ടുകളും നേടി.

വികസനവും, രാഷ്ട്രീയവും ചർച്ചയായ തെരഞ്ഞടുപ്പായിരുന്നു ഇത്തവണ. ദശകങ്ങളായി വിവിധ മുന്നണികളെ മാറിമാറി പരീക്ഷിച്ചിട്ടുള്ള ചരിത്രമാണ് കരുനാഗപ്പള്ളിക്കുള്ളത്. പാർട്ടികളുടെ ലേബലിനേക്കാൾ ഉപരിയായി പ്രാദേശിക നേതൃത്വത്തിന്റെ സാന്നിധ്യവും സാമ്പത്തികമായ പ്രതീക്ഷകളുമാണ് ഇവിടെ വിധി നിർണ്ണയിക്കാറുള്ളത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. സിആർ മഹേഷ് 94,225 വോട്ടുകൾ നേടി 29,208 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ നിയമസഭയിലെത്തിയത്. രാമചന്ദ്രന് 65,017 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ബിറ്റി സുധീർ 12,144 വോട്ടുകൾ നേടിയിരുന്നു. 2016-ൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു സിആർ മഹേഷ് പരാജയപ്പെട്ടിരുന്നത്.

‘എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തു‌വാകും, എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും’; ഇടതുകോട്ട പൊളിച്ച് ഫാത്തിമ തഹ്‌ലിയ

‘എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തു‌വാകും, എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും’; ഇടതുകോട്ട പൊളിച്ച് ഫാത്തിമ തഹ്‌ലിയ

പേരാമ്പ്ര: ഇടതുപക്ഷത്തിന്‍റെ കരുത്തുറ്റ ചെങ്കോട്ടകളിൽ ഒന്നായ പേരാമ്പ്രയിൽ മിന്നും വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്‌ലിയ. പതിറ്റാണ്ടുകളായി ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള പേരാമ്പ്രയിൽ ഇക്കുറി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഫാത്തിമ തഹ്ലിയ.  വിജയം ഉറപ്പാക്കിയ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ടി പി രാമകൃഷ്ണനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്.

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ വിജയിച്ചു

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ വിജയിച്ചു

തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. 167 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. എൽഡിഎഫും എൻഡിഎയും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് പ്രചാരണവേളയില്‍ കാണാൻ കഴിഞ്ഞത്. 2016 മുതല്‍ തുടര്‍ച്ചയായി രണ്ടുവട്ടം കഴക്കൂട്ടത്ത് മത്സരിച്ച് വിജയിച്ച് എംഎൽഎയായ കടകംപള്ളി സുരേന്ദ്രനെ തന്നെ ഇക്കുറിയും മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് എടുത്ത തീരുമാനം പാളുമോ എന്ന ചര്‍ച്ചകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായിരുന്നു. ഒന്നാം പിണറായി സ‌‍‌‌ർക്കാരിൽ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങളായിരുന്നു ഇതിന് കാരണം.

ശബരിമല സ്വര്‍ണക്കൊള്ള വലിയ ചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പാണിത്. എന്നാല്‍, ഇതൊന്നും തിരിച്ചടി ആവില്ലെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോവുകയായിരുന്നു എല്‍ഡിഎഫ് ക്യാംപ്. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ ഒരിടവേളയ്ക്ക് ശേഷം കഴക്കൂട്ടത്ത് മത്സരിക്കാന്‍ നിയോഗിച്ച എന്‍ഡിഎ അവര്‍ക്ക് ഉറച്ച സീറ്റുകളിലൊന്നായാണ് കഴക്കൂട്ടത്തെ കണക്കാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശരത്ചന്ദ്രപ്രസാദ് കൂടി എത്തിയതോടെ ശരിയായ ത്രികോണ പോരിന്‍റെ ചൂട് കഴക്കൂട്ടത്ത് ഉയരുകയായിരുന്നു.

തൃക്കാക്കരയിൽ വീണ്ടും ഉമ തോമസ്; 50211 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

തൃക്കാക്കരയിൽ വീണ്ടും ഉമ തോമസ്; 50211 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

തൃക്കാക്കര: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വിജയം. 50211 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വിജയിച്ചത്. ജയിച്ച ഉമ തോമസ് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടി.

കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. കൊച്ചി നഗരത്തിന്റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.

വോട്ടിങ് ചരിത്രം
2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ബെന്നി ബെഹന്നാൻ ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 65,854 വോട്ടുകളായിരുന്നു ബെന്നി ബെഹന്നാന് ലഭിച്ചിരുന്നത്. എംഇ ഹസൈനാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ബിജെപി സ്ഥാനാർഥി എൻ സജികുമാറിന് മണ്ഡലത്തിൽനിന്ന് 5,935 വോട്ടുകളായിരുന്നു 2011ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പുമുതലാണ് പിടി തോമസ് മണ്ഡലത്തിൽ മത്സരിക്കുന്നത്. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെയായിരുന്നു പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി എസ് സജി ആ തെരഞ്ഞെടുപ്പിൽ 21,247 വോട്ടുകളും നേടിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്, മഹാമാരിയുടെ സമ്മർദ്ദങ്ങൾക്കിടയിലായിരുന്നു ആ തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിനായി ജെ ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ബിജെപിക്കായി എസ് സജിയും ട്വന്റി-20 ക്കായി ടെറി തോമസും മത്സരരംഗത്തുണ്ടായിരുന്നു. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് വിജയിച്ചത്.