കേരളത്തിൽ ‘മിഷൻ 2029’ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

കേരളത്തിൽ ‘മിഷൻ 2029’ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതത്തിലെ മുന്നേറ്റത്തിൻറെ ആത്മവിശ്വാസത്തിൽ, 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷൻ 2029’ പദ്ധതിക്ക് കേരളത്തിൽ ബിജെപി തുടക്കം കുറിച്ചു. സംസ്ഥാനത്ത് കുറഞ്ഞത് 30 ലക്ഷം അധിക വോട്ടുകൾ സ്വന്തമാക്കുക, ഒന്നിലധികം ലോക്‌സഭാ സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നേതൃപാടവമുള്ളവരെ മാത്രം മുൻനിരയിലേക്ക് കൊണ്ടുവരാൻ നേതാക്കൾക്കായി പ്രത്യേക പരീക്ഷകളും കർശന വിലയിരുത്തലുകളും പാർട്ടി നടപ്പിലാക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ 24.66 ലക്ഷം വോട്ടുകൾ നേടി വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ‘സരൾ’ ആപ്പ് വഴിയുള്ള ഡിജിറ്റൽ നിർദ്ദേശങ്ങൾ, 72 പേജുകളുള്ള ഹാൻഡ്‌ബുക്ക്, ഏരിയ ജനറൽ സെക്രട്ടറി റാങ്കിന് മുകളിലുള്ള നേതാക്കൾക്കായി 24 മണിക്കൂർ നിർബന്ധിത റെസിഡൻഷ്യൽ ക്യാമ്പുകൾ എന്നിവയാണ് ‘മിഷൻ 2029’-ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

സിപിഎം കോട്ടകളിൽ കണ്ണ്; ബൂത്ത് തലത്തിൽ കർശന നിർദ്ദേശങ്ങൾ
സംസ്ഥാനത്ത് പ്രമുഖ പ്രതിപക്ഷ കക്ഷിയെന്ന പ്രതിഛായ വളർത്തിയെടുക്കുന്നതിനായി താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടി കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. മുൻപ് സിപിഎമ്മിനെ പിന്തുണച്ചിരുന്ന വോട്ടർമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനും, സിപിഎമ്മിന്റെ പരമ്പരാഗത പാർട്ടി ഗ്രാമങ്ങളെ കാവിക്കോട്ടകളാക്കി മാറ്റാനും അണികളോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമായി ഉയർത്തിക്കാട്ടിയ ‘കോൺഗ്രസ്-ലീഗ്-ജമാഅത്തെ ഇസ്‌ലാമി’ സഖ്യം വരും വർഷങ്ങളിലും സജീവ ചർച്ചയാക്കി നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പദ്ധതി.ബൂത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ ഓരോ മാസവും കുറഞ്ഞത് ഒരു രാഷ്ട്രീയ പരിപാടിയെങ്കിലും നിർബന്ധമായും സംഘടിപ്പിക്കാൻ ആഭ്യന്തര സർക്കുലർ വഴി നിർദ്ദേശിച്ചിട്ടുണ്ട്.

ഡിജിറ്റൽ ടെസ്റ്റുകളും ലീഡർഷിപ്പ് ക്യാമ്പുകളും; ജൂലൈ 20 വരെ നീളും

പഞ്ചായത്ത്/ഏരിയ പ്രസിഡന്റുമാർ, മോർച്ച ഭാരവാഹികൾ എന്നിവർക്കായി മണ്ഡലം-ജില്ലാ തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടക്കും. ഇതിന് പുറമെ ഭാവിയിൽ പാർട്ടിക്ക് തുണയാകാൻ സാധിക്കുന്ന ഓരോ മണ്ഡലത്തിലെയും 10 പ്രമുഖ വ്യക്തികളെ വീതം ക്യാമ്പുകളുടെ ഭാഗമാക്കും. ജൂലൈ 20 വരെ സംസ്ഥാനവ്യാപകമായി ഈ പ്രവർത്തനങ്ങൾ നീണ്ടുനിൽക്കും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ. സോമൻ, യുവനേതാവ് യുവരാജ് ഗോകുൽ തുടങ്ങിയവരാണ് ക്യാമ്പുകളിൽ പ്രധാന പ്രഭാഷകരാകുന്നത്.ക്യാമ്പുകൾക്കൊപ്പം സരൾ ആപ്പ് വഴിയുള്ള ഓൺലൈൻ പരീക്ഷകളും നേതാക്കൾക്കായി നടത്തും. വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കൽ, പാർട്ടിയുടെ ചരിത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണനേട്ടങ്ങൾ എന്നിവയാണ് ക്യാമ്പുകളിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ബിജെപി മാത്രമല്ല, എൻഡിഎ മുന്നണി ഒന്നടങ്കം 2029 ലക്ഷ്യമിട്ടുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുന്നണിയിലെ മറ്റ് കക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിജെപി നേതാവും എൻഡിഎ കേരള വൈസ് ചെയർമാനുമായ എഎൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം, വീട്ടുകാരെ കുടുക്കി ഭാര്യ

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം, വീട്ടുകാരെ കുടുക്കി ഭാര്യ

ഗാന്ധിനഗര്‍: മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍. മരണത്തിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമം നടത്തി. എന്നാല്‍ 23 കാരനായ യുവാവിന്റെ ഭാര്യയുടെ ഇടപെടലാണ് ക്രൂരമായ കൊലപാതകത്തിലെ അണിയറയിലേക്ക് വെളിച്ചം വീശിയത്.

ആദ്യം ആത്മഹത്യയെന്ന് കരുതിയ 23 കാരന്റെ മരണം, മാതാപിതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് തെളിഞ്ഞത്. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലുള്ള ഗോണ്ടല്‍ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തില്‍ ജൂണ്‍ 30-നാണ് സംഭവം നടന്നത്. റാം ബാബുഭായ് ബംഭാവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നാല് മാസം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം തോന്നിയ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

റാമിന് കടുത്ത മദ്യപാന ശീലമുണ്ടായിരുന്നു. ഇതേച്ചൊല്ലി പിതാവ് ബാബുഭായ്, മാതാവ് മനീഷാബെന്‍ എന്നിവരുമായി വീട്ടില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം മദ്യപാനത്തെച്ചൊല്ലി മാതാപിതാക്കളും റാമുമായി വീണ്ടും തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ മാതാവ് റാമിനെ ബലമായി ആസിഡ് കുടിപ്പിച്ചു. തുടര്‍ന്ന് പിതാവ് റാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കാന്‍ പിതാവായ ബാബുഭായ് തന്റെ പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിച്ചു. പൊലീസിനോ അധികൃതര്‍ക്കോ യാതൊരുവിധ സംശയവും തോന്നാത്ത രീതിയില്‍, ഗോണ്ടല്‍ സിവില്‍ ആശുപത്രിയില്‍ വെച്ച് വേഗത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇയാള്‍ ചില പ്രാദേശിക നേതാക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയതായി പൊലീസ് പറയുന്നു. എന്നാല്‍ ഉള്ളില്‍ വിഷാംശം ചെന്നതായും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

റാമിന്റെ ഭാര്യ ബന്‍ഷിബെന്‍ ബംഭാവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോണ്ടല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും മാതാപിതാക്കളായ ബാബുഭായിയെയും മനീഷാബെന്നിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രാദേശിക ചായക്കട നടത്തുന്ന ബാബുഭായിയുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട റാം.

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന റെയിൽവേ പാത നവീകരണ-അറ്റകുറ്റപ്പണികളെ തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കണ്ണൂരിലേക്കുള്ള പ്രധാന സർവീസുകൾ ഉൾപ്പെടെയുള്ളവ വിവിധ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കും.

ട്രെയിനുകളുടെ ഭാഗിക റദ്ദാക്കൽ വിവരങ്ങൾ (Partial Cancellations)
ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (Train No. 16307):

ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും (Short-terminated). ജൂലൈ 8, 11, 15, 18, 22 തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (Train No. 12082):

ഈ ട്രെയിൻ തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ സർവീസുകളുടെ സമയനിയന്ത്രണം (Regulation of Trains)
പാതയിലെ അറ്റകുറ്റപ്പണികൾ കാരണം താഴെ പറയുന്ന ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടുകയോ വൈകി ഓടുകയോ ചെയ്യും:

മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (Train No. 22638):

ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടും

തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (Train No. 16312):

ജൂലൈ 11, 18 തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസിനാണ് തീപിടിച്ചത്. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. തീപിടിത്തത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

അപകട സമയത്ത് ബസില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:45ഓടെയായിരുന്നു അപകടം. കെങ്കേരിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു.

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ സുധീര്‍ ഉത്തരവിറക്കി. കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാൽ പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. നിലവില്‍ ചുരം റോഡിലെ മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും, വീണ്ടും അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ ഉത്തരവ്. നെല്ലിയാമ്പതി പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലെ യാത്രകള്‍ ഒഴികെ, പുറത്തു നിന്നുള്ളവര്‍ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങള്‍ക്കുമുള്ള വാഹനങ്ങള്‍ക്കൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും വൈകീട്ട് 6 മുതല്‍ രാവിലെ 6 മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം! അയോധ്യയില്‍ നടന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം! അയോധ്യയില്‍ നടന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചാളുകള്‍ പണം എണ്ണുന്നതിനിടയില്‍ വസ്ത്രത്തിലും സോക്‌സിലും ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. ഇതോടെ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജീവനക്കാര്‍ക്ക് കീശകളില്ലാത്ത പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കി. കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. രാമക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയുള്ള സംഭാവന എണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് പണം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ആരും ശ്രദ്ധിക്കാത്ത സമയത്ത് ചിലര്‍ നോട്ടുകെട്ടുകള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പൊലീസ് പണം പിടിച്ചെടുത്തിരുന്നു.

180 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ 45 ദിവസത്തെ സിസിടിവി മാത്രമാണ് ഉണ്ടായിരുന്നത്. എത്രകാലമായി മോഷണം നടക്കുന്നു എന്നത് കണ്ടെത്താനായില്ല. ട്രസ്റ്റിന്റെ അഞ്ചുവര്‍ഷത്തെ അക്കൗണ്ടുകള്‍ പ്രത്യേക അന്വേഷണ സംഘം വീണ്ടും ഓഡിറ്റ് ചെയ്യും.

ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകളും സംഭാവനകളായി ലഭിച്ച സ്വര്‍ണവും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും പരിശോധിക്കും. അതിനിടെ, പ്രതികളില്‍ ഒരാളായ അവിനാശ് ശുക്ലയെ അയോധ്യയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഓഫീസില്‍ ചോദ്യം ചെയ്തു. സംഭാവ കൊള്ളയില്‍ ആര്‍എസ്എസ് ദുഃഖവും രോഷവും പ്രകടിപ്പിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെല്ലാം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആര്‍എസ്എസ് വ്യക്തമാക്കി.