സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. പവന് 360 രൂപയാണ് കുറഞ്ഞത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7215 രൂപയില്‍ എത്തി.

തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതിന് ശേഷം പുതുവര്‍ഷത്തില്‍ ഇതാദ്യമായാണ് വിലയില്‍ ഇടിവുണ്ടായത്. ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചാണ്‌സ്വര്‍ണവില വീണ്ടും 58,000 കടന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. സൈനികരായ ഇരുവരും പത്താന്‍ കോട്ട് യൂണിറ്റിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അവിവാഹിതയായ യുവതിയും അവരുടെ രണ്ട് പെണ്‍മക്കളും കൊല്ലപ്പട്ടത്. ഈ കൊലപാതകത്തില്‍ മുന്‍ സൈനികരായ ഇരുവര്‍ക്കും പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികളായ ഇരുവരും ഒളിവിലായിരുന്നു. സൈന്യത്തിലേക്കും ഇവര്‍ മടങ്ങിയെത്തിയില്ല. ഇവര്‍ രാജ്യം വിട്ടുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണവും നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളായി പ്രതികളെ കുറിച്ച് സൂചനകള്‍ ചെന്നൈ സിബിഐ യൂണിറ്റിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുകയായിരുന്നു. പോണ്ടിച്ചേരിയില്‍ ഇരുവരും മറ്റൊരു വിലാസത്തില്‍ സ്‌കൂള്‍ അധ്യാപികമാരെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.

ദിബില്‍ കുമാറില്‍ രഞ്ജിനിക്ക് ജനിച്ചതാണ് ഈ കുട്ടികള്‍ എന്നാണ് പറയുന്നത്. ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് രഞ്ജിനിയുടെ കുടുംബം പരാതികളുമായി മുന്നോട്ടുപോയിരുന്നു. കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിബിലും രാജേഷും രഞ്ജിനിയുടെ വീട്ടില്‍ എത്തുകയായിരുന്നു. രഞ്ജിനിയെ മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. കൃത്യം നടത്താനായി ഇരുവരും സൈന്യത്തില്‍ നിന്ന് അവധിയെടുത്ത് നാട്ടിലെത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സിബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറുകയും ചെയ്തിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് ഉമാ തോമസ്.

പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; ഇനി ഈ രേഖകൾ മതിയാകും

പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; ഇനി ഈ രേഖകൾ മതിയാകും

തിരുവനന്തപുരം: ഒരു പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് അപേക്ഷയോടൊപ്പം എന്തൊക്കെ രേഖകളാണ് ആവശ്യമായിരിക്കുന്നത്? കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ട് രേഖകൾ മാത്രമാണ് ആവശ്യമായി വരുന്നത്. കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതി​ന്റെ ഭാ​ഗമായാണ് രേഖകളുടെ എണ്ണം വെട്ടിക്കുറച്ചത്.

അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് ഹാജരാക്കേണ്ടത്. വൈദ്യുത കണക്ഷനായി നൽകേണ്ട അപേക്ഷയ്ക്കൊപ്പമാണ് ഇവ സമർപ്പിക്കേണ്ടത്.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോ​ഗിക്കാം.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് സാമ്പത്തിക വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം.

പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ശില്‍പ്പി; ഡോ. ആര്‍ ചിദംബരം അന്തരിച്ചു

പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ശില്‍പ്പി; ഡോ. ആര്‍ ചിദംബരം അന്തരിച്ചു

മുംബൈ: പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ ചിദംബരം(88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം. 1975 ലും 1998 ലും ആണവ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു.

ശാസ്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തിന് വേണ്ടി സുപ്രധാന സേവനമനുഷ്ടിച്ച വ്യക്തിയാണ് ഡോ. രാജഗോപാല ചിദംബരം. ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. പൊഖ്‌റാന്‍ 1, പൊഖ്‌റാന്‍ 2 ആണവപരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.

ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ പദവിക്ക് പുറമെ ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്നു.