by Midhun HP News | Jan 4, 2025 | Latest News, കേരളം
ആലപ്പുഴ: കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം.
വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെന് തുടർന്ന് ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയായിരുന്നു പരിചരിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.
by Midhun HP News | Jan 4, 2025 | Latest News, കേരളം
കൊച്ചി: കേടായ തെങ്ങ് കടപുഴകി വീണ അഞ്ചുവയസുകാരന് ദാരുണ അന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആണ് സംഭവം.
കുട്ടിയെ ഉടന്‍തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്റെ അടിഭാഗം കേടായത് അറിയാതെ അതിന്റെ സമീപത്ത് തീ ഇട്ടതായിരുന്നു, ചൂടേല്‍ക്കാന്‍ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. കുറെ മാസങ്ങളായി പെരുമ്പാവൂരില്‍ താമസിക്കുകയാണ് അസം സ്വദേശികളായ കുടുംബം.
by Midhun HP News | Jan 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമല കുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
എന്നാൽ ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസിൽ വിഷം ചേർത്തു നൽകിയിരുന്നു. ജൂസ് ചലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊല ആസൂത്രണം ചെയ്തത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.
by Midhun HP News | Jan 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും. നിരീക്ഷണത്തിന് പ്രത്യേക പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജഡ്ജസിനെയും ഇടനിലക്കാരയും സസൂഷ്മം നിരീക്ഷിക്കാനാണ് നീക്കം. പ്രധാന വേദികളിൽ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.
പ്രശ്നബാധിത വേദികളിൽ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരാതികൾ ഉണ്ടങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രധാനവേദിയായ എംടി നിളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്.
കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.
by Midhun HP News | Jan 4, 2025 | Latest News, കേരളം
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയെ തുടർന്ന് ഗ്രൗണ്ടിന് കേടുപാട് ഉണ്ടായതായി പരാതി. ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ആയിരത്തിയറുനൂറോളം പേരാണ് നൃത്ത പരിപാടിയിൽ പങ്കെടുത്തത്. ഇത്രയും പേര്‍ നൃത്തം ചെയ്യുമ്പോള്‍ സ്വഭാവികമായും ഗ്രൗണ്ടിനും ടര്‍ഫിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരോപണം.
ജിസിഡെഎയുടെ ഉടമസ്ഥതയിലാണ് സ്‌റ്റേഡിയമെങ്കിലും പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ആണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആണ് കലൂർ സ്റ്റേഡിയം. 13-ാം തീയതിയാണ് അടുത്ത മത്സരം. മത്സരത്തിന് മുൻപായി ഗ്രൗണ്ടിൽ പരിശോധന നടത്തും. കേടുപാട് ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ചോദിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയേക്കും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അധ്യാപകരെയും കേസിൽ പ്രതിചേർക്കും.
നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാം പ്രതി നിഘോഷ് കുമാർ, രണ്ടാം പ്രതി നിഘോഷിന്‍റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുൽ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
by Midhun HP News | Jan 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം. ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് തീരുമാനിക്കുക ക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് ഒരുമാറ്റം വേണമെന്നുണ്ടെങ്കില്‍ തന്ത്രികളുമായി ചര്‍ച്ച ചെയ്‌തോ, അല്ലെങ്കില്‍ ദേവപ്രശ്‌നം വച്ചുനോക്കിയോ തീരുമാനിക്കാം. അതാണ് ഹിന്ദുക്ഷേത്രങ്ങളിലെ രീതി. ഏത് മതത്തിലായാലും ഓരോ ദേവലായത്തിനും അതിന്റെതായ ആചാരമുണ്ട്. അതനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ അങ്ങോട്ടു പോകണ്ട’- ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതില്‍ അഭിപ്രായം പറയാനില്ലെന്ന് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. അതാത് മതസാമുദായിക സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ. അത്തരം വിവാദങ്ങളിലേക്ക് പോകാന്‍ തങ്ങളാരും ഉദ്ദേശിക്കുന്നില്ല. അതൊക്കെ മതസാമദായിക നേതാക്കള്‍ തീരുമാനിക്കേണ്ടതാണ്. കോണ്‍ഗ്രസിന് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക പ്രീണനമോ, അകല്‍ച്ചയോ ഇല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയെന്നതാണ് സമീപനം. അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
Recent Comments