സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍

സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കനത്ത ഇടിവിന് ശേഷം കഴിഞ്ഞദിവസമാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. തുടര്‍ന്ന് മൂന്ന് ദിവസത്തിനകമാണ് 58,000 കടന്നും സ്വര്‍ണത്തിന്റെ കുതിപ്പ്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി.

കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു.

സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി 10.30 വരെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. രാവിലെയും വീട്ടില്‍ എത്തിതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു ശേഷമാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്.

ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. വയയ്ക്കലിൽ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമാണ്. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.

കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലനേഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

മൂന്നു തവണയും വന്നത് തെറ്റായ ഉൽപ്പന്നം; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

മൂന്നു തവണയും വന്നത് തെറ്റായ ഉൽപ്പന്നം; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

കോട്ടയം: ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്ത ആൾക്ക് മൂന്നു തവണയും തെറ്റായ ഉൽപ്പന്നം നൽകിയതിന് ഫ്ലിപ്കാർട്ടിന് പിഴ. ഉപഭോക്തൃ തർക്ക പരിഹാര കമ്മിശനാണ് 25,000 രൂപ പിഴ ചുമത്തിയത്. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി.

ഫ്ലിപ്കാർട്ടിൽ നിന്ന് ട്രിമ്മറാണ് സന്ദീപ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചത് വ്യത്യസ്തമായ ഉൽപ്പന്നമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് ഇത്തവണയും ലഭിച്ചത്. ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. എന്നാൽ മൂന്നാം തവണയും ഇത് ആവർത്തിക്കുകയായിരുന്നു.

കലവറ നിറയ്ക്കാൻ വെയിലൂർ ഗവ. ഹൈസ്കൂളും പങ്കാളികളായി

കലവറ നിറയ്ക്കാൻ വെയിലൂർ ഗവ. ഹൈസ്കൂളും പങ്കാളികളായി

കേരള സ്കൂൾ കലോത്സവത്തിൽ കലവറ നിറയ്ക്കലിന്റെ ഭാഗമായി വെയിലൂർ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സ്റ്റാഫ് സെക്രട്ടറി ശ്രീശങ്കർ ഏറ്റുവാങ്ങി കണിയാപുരം ബിആർസിയിൽ എത്തിച്ചു.

ചൂട് മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം; ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏല്ക്കുവന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.