പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി. ഇന്നലെ പ്രത്യേക കോടതി ജഡ്ജിയുടെ ചുമതലയുള്ള നാലാം അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക് കേടതി ജഡ്ജി എസ്. സുഭാഷ് മുന്‍പാകെയാണ് കേസ് പരിഗണിച്ചത്.
കേസില്‍ 50 പ്രതികളാണ് ഉണ്ടായിരുന്നത്. അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന മുപ്പതാം പ്രതി അനുരാജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് പ്രതിഭാഗം കോടതിയോട് സാവകാശം ആവശ്യപ്പെട്ടു. കൂടാതെ 13 പ്രതികള്‍ അവധി അപേക്ഷ നല്‍കി. ഒരു പ്രതി കൂടി മരിച്ചതായി ബന്ധപ്പെട്ട അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 43-ാമത്തെ പ്രതി വര്‍ക്കല മുട്ടത്തലം ചരുവിള വീട്ടില്‍ വിനോദ് ആണ് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഇതോടെ മരിച്ച പ്രതികളുടെ സംഖ്യ എട്ടായി. കേസ് വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. ജബ്ബാര്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ ഹാജരായി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി രം​ഗത്തു വന്നിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാന്‍ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു. നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടിരുന്നു.

പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ആന്ധ്ര സര്‍ക്കാര്‍

പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭഷണ പദ്ധതി ആരംഭിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നിലവില്‍ അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറിയിലെ 132,000 വിദ്യാര്‍ഥികള്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ 475 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 132,000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഒന്നാം വര്‍ഷം 72,000 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 62,000 വിദ്യാര്‍ഥികളുമാണ് ഉള്ളത്. 2024-25 സാമ്പത്തിക വര്‍ഷം 27.39 കോടിയും അടുത്ത സാമ്പത്തിക വര്‍ഷം 85.84 കോടിയും ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ നിന്ന് വരുന്നവരാണെന്നും സര്‍ക്കാര്‍ പറയുന്നു.

സാമ്പത്തിക ബാധ്യതയില്ലാതെയും ആരോഗ്യകരമായ അന്തരിക്ഷത്തിലൂടെയും ഉന്നതവിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഉച്ചഭക്ഷണ പദ്ധതി അനിവാര്യമാണെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ചെന്നിത്തല എന്‍എസ്എസിന്റെ സന്തതിയെന്ന് സുകുമാരന്‍ നായര്‍

ചെന്നിത്തല എന്‍എസ്എസിന്റെ സന്തതിയെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: മന്നം ജയന്തി ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

പരിപാടിക്കായി രമേശിനെ വിളിച്ചപ്പോള്‍ കൃതജ്ഞത പറയാനായാലും താന്‍ എത്തുമെന്നാണ് രമേശ് പറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശിന്റെ വരവിനെ വിവാദമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരുനായര്‍ വന്നാലേ അവര്‍ക്ക് കുഴപ്പമുള്ളു. മറ്റ് ആരു വന്നാലും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കാറില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എന്ന മുദ്രയില്‍ അല്ല രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ച് നായന്‍മാര്‍ക്ക് നേട്ടം ഉണ്ടാക്കാനല്ല. കളിച്ചുനടന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല. എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസില്‍ വിവിധ രാഷ്ട്രീയക്കാരുണ്ട്. ഇടതുപക്ഷത്ത് നില്‍ക്കുന്നവനാണ് ഗണേഷ് കുമാര്‍. ഗണേഷിന്റെ രാഷ്ട്രീയത്തില്‍ ജാതിയുടെ പേര് പറഞ്ഞ് എന്‍എസ്എസ് ഇടപെടുന്നില്ല. അവര്‍ക്ക് അവരവരുടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. അവര്‍ക്ക് അത് ഉപയോഗിക്കാം. അവരുടെ കുടുംബം മറക്കരുത് എന്നുമാത്രമാണ് പറയാനുള്ളത്. അവര്‍ കുടുംബം മറക്കാത്തതുകൊണ്ടാണ് അവരെ ഉള്‍ക്കൊള്ളുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

വളക്കൈ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

വളക്കൈ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.എന്‍ ശശി പറഞ്ഞു. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അതേസമയം, വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് നല്‍കി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.

മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് മൃതദേഹം കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പരുക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രി വിട്ടു.

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ

ചിറയിൻകീഴ്: കിഴവിലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്.

വിവാഹത്തിന് അണിഞ്ഞ 45 പവൻ ആഭരണങ്ങളാണ് രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറും സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നൽകി വന്നിരുന്നു. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തിയതി ബാങ്ക് ലോക്കർ വീണ്ടും തുറന്നപ്പോൾ പക്ഷേ, 17 വളകൾ കാണാനുണ്ടായിരുന്നില്ല. ബാങ്ക് അധികൃതരോട് പറഞ്ഞപ്പോൾ മോശം സമീപനമായിരുന്നെന്നും, പൊലീസീനും സഹകരണ രജിസ്ട്രാറിനും പരാതി നൽകിയെന്നും ദമ്പതികൾ പറയുന്നു.

ഒപ്പം സൂക്ഷിച്ചിരുന്ന മാലകൾ ലോക്കറിൽ തന്നെ ഉണ്ടെങ്കിലും അത് സ്വര്‍ണ്ണം തന്നെ ആണോ എന്ന കാര്യത്തിലുമുണ്ട് സംശയമെന്നാണ് ദമ്പതികൾ പറയുന്നത്. ഇതിന് പിന്നാലെ അന്വേഷിച്ചപ്പോൾ സമാനമായ സംഭവം നടന്നതായി പരാതിക്കാരുള്ളതായി അറിയാൻ കഴിഞ്ഞതായും ദമ്പതികൾ ആരോപിക്കുന്നു.എന്നാൽ സ്വർണ്ണം കാണാതെ പോയതിൽ ബാങ്കിന്‍റെ ഭാഗത്ത് വീഴ്ച്ചയൊന്നും ഇല്ലെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്നത് ലോക്കർ എടുത്തവർ തന്നെയാണന്നും, അവരറിയാതെ സ്വർണ്ണം എങ്ങനെ പുറത്തുപോകുമെന്നുാണ് ബാങ്ക് അധികൃതർ ചോദിക്കുന്നത്.