പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നരഹത്യ കേസിൽ ജാമ്യം തേടി അല്ലു അർജുൻ

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നരഹത്യ കേസിൽ ജാമ്യം തേടി അല്ലു അർജുൻ

ഹൈ​ദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 13 ന് നടനെ വസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.

തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു.

സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകൾ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അർജുന്റെ ബൗൺസർമാർ ആളുകളെ മർദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്.

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികളിന്മേല്‍ നവംബര്‍ 26നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി നിലവില്‍ അവധിയാണ്. എന്നാല്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ ബെഞ്ചാണ് ഹര്‍ജികളിന്മേല്‍ ഉത്തരവിട്ടത്.

ലാന്‍ഡ് അക്വിസിഷന്‍ പ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ 2013ലെ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം നഷ്ടപരിഹാരം ഉറപ്പാക്കണം. നഷ്ടപരിഹാര തുക സംബന്ധിച്ച് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് വീണ്ടും നിയമ നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

നാളെ മുതല്‍ ആവശ്യമെങ്കില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഇതിനാവശ്യമായ സഹായം എസ്റ്റേറ്റ് എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാരിന് ചെയ്ത് കൊടുക്കണം. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് എസ്റ്റേറ്റ് ഉടമകള്‍ തടസ്സം നില്‍ക്കരുത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പായി തന്നെ നഷ്ടപരിഹാരം നല്‍കി എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരില്‍ അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത്. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്. അഞ്ചു കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്.

തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐഎഎസ് ഉദ്യോ​ഗസ്ഥരായ ജയതിലകും ഗോപാലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്?. സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തിന്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?. ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു.

താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂ എന്നാണ് പ്രശാന്തിന്റെ നിലപാട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. തൊട്ടു പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു.

“ദ്യുതി 2024” ന്റെ ഭാഗമായി ജലം ജീവിതം പദ്ധതി ഉദ്ഘാടനം ചെയ്തു

“ദ്യുതി 2024” ന്റെ ഭാഗമായി ജലം ജീവിതം പദ്ധതി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പിന്റെ ആറാം ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ “ദ്യുതി 2024” ന്റെ ഭാഗമായി ജലസംരക്ഷണ ദ്രവ്യ മാലിന്യ സംസ്കരണ സന്ദേശ പ്രചാരണം “ജലം ജീവിതം” പദ്ധതി രണ്ടാം ഘട്ട തുടക്കം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി നിർവഹിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സർക്കാർ അമൃത് മിഷൻ, വി എച്ച് എസ് ഇ, എൻ എസ് എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലം പാഴാക്കാതെയും മലിനപ്പെടുത്താതെയും സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ നിഷ വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സിന്ധു എസ് നായർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിദ്യാർത്ഥികൾ തെരുവുനാടകവും അരങ്ങേറി.

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്തും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ പാടില്ലയെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.

സ്വര്‍ണവില വീണ്ടും 57,000 കടന്ന് കുതിക്കുന്നു

സ്വര്‍ണവില വീണ്ടും 57,000 കടന്ന് കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 57000 കടന്ന് കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 57,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് ഏഴുദിവസത്തിനിടെ 900 രൂപയോളമാണ് വില വര്‍ധിച്ചത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.