തെലങ്കാനയില്‍ പൊലീസുകാര്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ട്

തെലങ്കാനയില്‍ പൊലീസുകാര്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് മരിച്ചത്.

തടാകത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രി 12.30 ഓടെയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്‌ഐയുടെ മൃതദേഹവും ലഭിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ തകരാര്‍ വന്നാല്‍ ശരിയാക്കിയിരുന്നത്. മരണകാരണം ദുരൂഹമാണ്.

ഈ നഷ്ടം എളുപ്പം നികത്താന്‍ സാധിക്കില്ല; വിതുമ്പി ടി പത്മനാഭന്‍

ഈ നഷ്ടം എളുപ്പം നികത്താന്‍ സാധിക്കില്ല; വിതുമ്പി ടി പത്മനാഭന്‍

കോഴിക്കോട്: എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. എം ടിയുടേത് നികത്താനാകാത്ത നഷ്ടമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു. വിതുമ്പിക്കൊണ്ടായിരുന്നു ടി പത്മനാഭന്റെ പ്രതികരണം.

‘ഒരാള്‍ മരിച്ചാല്‍ ആര്‍ക്കും ദുഃഖമുണ്ടാവില്ലേ. എനിക്കും ദുഃഖമുണ്ട്. വളരെ കാലത്തെ പരിചയമാണ്. 1950 മുതലുള്ള പരിചയമാണ്. 75 കൊല്ലമായില്ലേ. ധാരാളം അനുഭവങ്ങളുണ്ട്. നല്ലതും ചീത്തയുമായ… സമ്മിശ്ര അനുഭവങ്ങളാണ്. അദ്ദേഹം കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി പ്രായാധിക്യത്തിന്റെ വിഷമങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഒരു വീഴ്ചയുണ്ടായതിനാല്‍ മൂന്നാഴ്ചയായി ചികിത്സയിലാണ്. അല്ലെങ്കില്‍ കൃത്യമായി എം ടിയെ കാണാന്‍ പോകുമായിരുന്നു. ഏറ്റവുമൊടുവില്‍ കണ്ടത് രണ്ട് വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തുവെച്ച്. അദ്ദേഹത്തിനും എനിക്കും വിഷമമുണ്ട്. അന്ത്യം ഇത്രയും വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെയല്ല അദ്ദേഹം. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങികൂടിയവനാ. എം ടി അങ്ങനെയല്ല. കഥകളെഴുതി, നോവല്‍ എഴുതി, നാടകം, സിനിമാ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു. അദ്ദേഹത്തിന്റെ ലോകം വളരെ വിശാലമാണ്. എന്റേത് ചെറുതാണ്. എന്റെ സന്‍മനസുകൊണ്ടല്ല അത്. എനിക്ക് അത്രയേ കഴിയുള്ളൂ. അദ്ദേഹത്തിന്റെ നിയോഗം നികത്താനാകാത്ത നഷ്ടമാണ്. ഇത് ക്ലീഷേയായി പറയുന്നതല്ല. സത്യമാണ്. അദ്ദേഹം വളരെ വലിയ നഷ്ടമാണ്. ഈ നഷ്ടം എളുപ്പം നികത്താന്‍ കഴിയില്ല’, ടി പത്മനാഭന്‍ പ്രതികരിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; നടപടി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍

കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; നടപടി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍

കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജി എം സുഹൈബിനെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. കഴിഞ്ഞയാഴ്ചയാണ് കോടതിയിലെ ഓഫീസ് അസിസ്റ്റന്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ജഡ്ജി സുഹൈബ് പെരുമാറിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

എന്നാല്‍ സുഹൈബിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയതിനെ ചൊല്ലി കോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് ഇടയില്‍ ഉള്‍പ്പെടെ എതിര്‍പ്പുണ്ടായിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ യുവതി ഇതുവരേയും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ഉള്‍പ്പെടെ പരാതിയില്ലെങ്കിലും കേസെടുത്ത് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിരുന്നു.

സമാനമായ രീതിയിലാണ് ഇപ്പോള്‍ കോഴിക്കോട് സംഭവത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതി നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തുകയായിരുന്നു. ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നൂറിലധികം വരുന്ന കോടതി ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും വനിതാ ജീവനക്കാരായിരുന്നു. കോടതി മുറിയില്‍ നടന്ന സംഭവം നിയമവൃത്തങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സാധാരണക്കാരന് നീതി നടപ്പിലാക്കേണ്ട കോടതിമുറിയില്‍ പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നതില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നതും.

‘നികത്താനാവാത്ത നഷ്ടം’- എംടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

‘നികത്താനാവാത്ത നഷ്ടം’- എംടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

കുറിപ്പ്

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.

എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

തൃശൂരിൽ വീട് കയറി ആക്രമണം: രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

തൃശൂരിൽ വീട് കയറി ആക്രമണം: രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകരയിൽ വീട് കയറിയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തു കൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

കൊടകര വട്ടേക്കാട് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. വിവേകിനെ 4 വർഷം മുൻപ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു.

‘എംടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി

‘എംടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി

ഡല്‍ഹി: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. ‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.