കാക്കനാട്ടെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

കാക്കനാട്ടെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

കൊച്ചി: ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ക്യാംപ് പിരിച്ചുവിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികൾ പരാതിപ്പെട്ടു.

എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശേരി മെഡിക്കൽ കോളജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ടോടെ കൂടുതൽ കുട്ടികൾ ക്ഷീണിതരായി തളർന്നു വീഴുകയായിരുന്നു.

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് കൈമാറാനെന്ന് മൊഴി

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് കൈമാറാനെന്ന് മൊഴി

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരണപെട്ടു

ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരണപെട്ടു

കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ ചക്രത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല

സംസ്ഥാനത്ത് ​ഗുണ്ടാ സംഘങ്ങളും കുറ്റകൃത്യങ്ങളും പെരുകുമ്പോഴും പല പൊലീസ് സ്റ്റേഷനുകളിലെയും പൊലീസുകാരുടെ എണ്ണം വളരെ പരിമിതമെന്ന് റിപ്പോർട്ട്. പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഓരോ സ്റ്റേഷനിലും 100 പൊലീസുകാർവരെ വേണമെന്നാണ് കണക്ക്.

എന്നാൽ, വെറും അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് നൂറിൽ കൂടുതൽ പൊലീസുകാരുള്ളത്.
245 പൊലീസ് സ്റ്റേഷനുകളിൽ അംഗസംഖ്യ പരമാവധി 40 വരെയാണ്. അതിൽത്തനെ 41 സ്റ്റേഷനുകളിൽ 19-നും 30-നുമിടയിലാണ് പൊലീസുകാരുടെ എണ്ണം. 204 സ്റ്റേഷനുകളിലാണ് 40 പൊലീസുകാരുള്ളത്. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം സേനയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർധിച്ചിട്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണമുയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല എന്നാണ് വിമർശനം. ഉദ്യോഗസ്ഥ പുനർവിന്യാസം കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓണായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു.

ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്. തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് വടകര കരിമ്പനപ്പാലത്ത് കാരവന്റെ വാതിലിൽ മനോജിനെയും ഉള്ളിൽ ജോയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വാഹനം ഒതുക്കി ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാരവന്റെ ഡ്രൈവറായ മനോജ് മലപ്പുറം സ്വദേശിയും സഹായിയായ ജോയൽ കണ്ണൂർ സ്വദേശിയുമാണ്. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലാണ് വാഹനം.

പൊന്നാനി റജിസ്ട്രേഷനിലുള്ള കാരവാനാണിത്. തലശേരിയില്‍ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു കാരവന്‍ ജീവനക്കാര്‍. രണ്ടു ദിവസങ്ങളായി റോഡിനു വശത്ത് കിടക്കുകയായിരുന്നു കാരവന്‍. പ്രദേശവാസിയായ ഒരാൾ കാരവന്റെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് വാഹനത്തിനു ചുറ്റും വടംകെട്ടി. ദേശീയപാതയോരത്തായതിനാല്‍ സംഭവമറിഞ്ഞശേഷം കരിമ്പനപ്പാലം ഭാഗത്ത് ഇടയ്ക്കിടെ ഗതാഗതതടസ്സവുമുണ്ടായി.

പിഎസ് സി അഭിമുഖ തീയതി മാറ്റം: അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം

പിഎസ് സി അഭിമുഖ തീയതി മാറ്റം: അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് ശേഷം തപാല്‍, ഇ-മെയില്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പിഎസ് സി അറിയിച്ചു.

അഭിമുഖ ദിവസം മറ്റു പിഎസ്‌സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്‌സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ റിക്വസ്റ്റ് എന്ന ടൈറ്റിലില്‍ കാണുന്ന ഇന്റര്‍വ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖ തീയതിക്കു മുന്‍പായി സമര്‍പ്പിക്കുന്നതും നിശ്ചയിച്ച ഇന്റര്‍വ്യൂ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതുമായ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.