നെടുമങ്ങാട് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

നെടുമങ്ങാട് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ ആണ് സംഭവം. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിലായിരുന്നു അപകടം സംഭവിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഋതികിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ചാണ് മറിഞ്ഞത്. പാലത്തിനു സമീപത്തെ കല്ലിൽ ഇടിച്ചില്ല എങ്കിൽ കാർ ആറ്റിലേക്ക് മറിയുമായിരുന്നു.

ശബരിമല; തങ്ക അങ്കി ഘോഷയാത്ര ഇന്ന്

ശബരിമല; തങ്ക അങ്കി ഘോഷയാത്ര ഇന്ന്

അയ്യപ്പന് മണ്ഡലപൂജയ്‌ക്ക്‌ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ ഏഴുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പുലർച്ചെ അഞ്ചുമണി മുതൽ തന്നെ വിശ്വാസികൾക്ക് തങ്കഅങ്കിദർശിക്കാനായുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. 7.00 മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേനടയില്‍നിന്നും ശബരിമലയിലേക്കുള്ള പ്രയാണം ആരംഭിക്കും.

ഡിസംബർ 25ന് ബുധനാഴ്ച പകൽ 1.30ന് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തും. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനു ശേഷം 6.15ന് ഘോഷയാത്ര സന്നിധാനത്തെത്തും.ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.

നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചു അപകടം; തിരുവനന്തപുരം സ്വദേശിനിയ്ക്കു ദാരുണാന്ത്യം

നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചു അപകടം; തിരുവനന്തപുരം സ്വദേശിനിയ്ക്കു ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം.

അനീഷയുടെ മരുമകന്‍ നൗഷാദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു.

അപകടത്തെ തുടര്‍ന്ന് രണ്ട് തവണ കാര്‍ റോഡിലൂടെ മറിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാക്കട സ്വദേശികള്‍ തൃശൂരിലാക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടകാരും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഗുരുതര പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ കേസ്: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ കേസ്: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ചെന്നൈ: കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം ഉള്‍പ്പെടെ തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ് നിഥിന്‍ ജോര്‍ജ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസില്‍ നേരത്തെ തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെയും (ആര്‍സിസിസി) ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. നേരത്തെ അറസ്റ്റിലായ മായാണ്ടി ഇടനിലക്കാരനായി നിന്നാണ് കേരളത്തില്‍നിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണ് നിഗമനം. മീന്‍ വ്യാപാരിയായ മനോഹര്‍ മായാണ്ടിയുടെ കൂട്ടാളിയാണ്. മാലിന്യം തള്ളിയ സംഭവത്തില്‍ 5 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിഎംഡബ്ല്യു തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചു; ആളപായമില്ല

ബിഎംഡബ്ല്യു തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചു; ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കവെ ഒരു കോടിയോളം വിലവരുന്ന ബി എം ഡബ്ല്യു ആഡംബര കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. പാപ്പനംകോട് – കിള്ളിപ്പാലം നാഷണൽ ഹൈവേ റോഡിൽ കരമന മാർക്കറ്റിന് സമീപം വെച്ചായിരുന്നു ബി എം ഡബ്ല്യുവിന് തീ പിടിച്ചത്. ഡ്രൈവർ സീറ്റിന്‍റെ പിൻവശത്തായി അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നത് നാട്ടുകാരാണ് കണ്ടത്. വാഹനം നിർത്തി തീയണക്കാൻ നാട്ടുകാർ ശ്രമിക്കവെ, സംഭവം അറിഞ്ഞ് ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.

ഹോസ് റീൽ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായി കെടുത്തി ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ലൈൻ കട്ട് ചെയ്ത് ഫയർ ഫോഴ്സ് അപകടം പൂർണമായും ഒഴിവാക്കി.കിള്ളിപ്പാലം പി ആർ എസ് ഹോസ്പിറ്റലിലെ ഡോക്ടർ കാർത്തിരാജിന്‍റെ ഫൈവ് സീരിയസ് KL 01 CG 9900 ബി എം ഡബ്ല്യു കാർ, ഡ്രൈവർ ഷമീർ ഓടിക്കവെയാണ് തീയും പുകയും ഉയർന്നത്. ഫയർ ഫോഴ്സിനൊപ്പം പൊലീസും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിജു ടി ഒ, സാജൻ സൈമൺ, പ്രവീൺ ഫയർ ആൻഡ് റെസ്ക്യൂ വുമൺ അശ്വിനി, ശ്രുതി, ഹോം ഗാർഡ് ശ്യാമളൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ഇവര്‍ 22,600 മുതല്‍ 86,000 രൂപ വരെ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്.

പൊതുഭരണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായ ആറു ജീവനക്കാര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയത്. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയവരെ പിരിച്ചു വിടണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

ആദ്യഘട്ട നടപടി എന്ന നിലയിലാണ് അനധികൃതമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും കൂടി തിരിച്ചടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പണം സര്‍ക്കാരിന് തിരികെ ലഭിച്ചശേഷം, ഇവരെ പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് നിലവിലെ ധാരണ.

ഉന്നത സർക്കാർ ജോലിയുള്ളവരും ബിഎംഡബ്ലിയു കാർ അടക്കം ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.