ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ഇവര്‍ 22,600 മുതല്‍ 86,000 രൂപ വരെ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്.

പൊതുഭരണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായ ആറു ജീവനക്കാര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയത്. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയവരെ പിരിച്ചു വിടണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

ആദ്യഘട്ട നടപടി എന്ന നിലയിലാണ് അനധികൃതമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും കൂടി തിരിച്ചടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പണം സര്‍ക്കാരിന് തിരികെ ലഭിച്ചശേഷം, ഇവരെ പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് നിലവിലെ ധാരണ.

ഉന്നത സർക്കാർ ജോലിയുള്ളവരും ബിഎംഡബ്ലിയു കാർ അടക്കം ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.

നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി ​ഗോവയിൽ മരിച്ചു

നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി ​ഗോവയിൽ മരിച്ചു

മലപ്പുറം: നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതി മരിച്ചതായി വിവരം. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ് മരിച്ചത്. ഗോവയിൽ വെച്ച് വൃക്ക രോഗത്തെ തുടർന്ന് മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്.

കേസിലെ മുഖ്യപ്രതികൾ പിടിയിലായതിനെ തുടർന്നാണ് ഫാസിൽ ഒളിവിൽ പോയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്.

ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ, വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്.

ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറയുകയായിരുന്നു. 3177 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ്‌ അടക്കം പന്ത്രണ്ട് പ്രതികളാണ് അറസ്റ്റിലായത്.

അണ്ടര്‍ 23ല്‍ കേരളത്തെ തോല്‍പ്പിച്ച് ഹരിയാന

അണ്ടര്‍ 23ല്‍ കേരളത്തെ തോല്‍പ്പിച്ച് ഹരിയാന

റാഞ്ചി :അണ്ടര്‍ 23 പുരുഷ സ്റ്റേറ്റ് ട്രോഫിയില്‍ കേരളത്തെ തോല്പിച്ച് ഹരിയാന. പത്ത് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഇരുപത്തി ഏഴാം ഓവറില്‍ വെറും 80 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 7.2 ഓവറില്‍ ലക്ഷ്യത്തിലെത്തി.

ബാറ്റിങ് നിര അമ്പെ പരായജപ്പെട്ടതാണ് മത്സരത്തില്‍ കേരളത്തിന് തിരിച്ചടിയായത്. സ്‌കോര്‍ ആറിലെത്തിയപ്പോള്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത അഭിഷേക് നായരാണ് ആദ്യം പുറത്തായത്, തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായപ്പോള്‍ കാമില്‍ അബൂബക്കര്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ഒമര്‍ അബൂബക്കറും ക്യാപ്റ്റന്‍ രോഹന്‍ നായരും ചേര്‍ന്നുള്ള 46 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാല്‍ ഇരുവരും പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

വെറും മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്. മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കി ഭുവന്‍ റോഹില്ലയാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. 8.2 ഓവറില്‍ വെറും 22 റണ്‍സ് വഴങ്ങിയാണ് ഭുവന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. അനൂജ് തക്രല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റണ്‍സെടുത്ത ഒമര്‍ അബൂബക്കറും 19 റണ്‍സെടുത്ത രോഹന്‍ നായരും 14 റണ്‍സെടുത്ത ജെറിന്‍ പി സും മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണര്‍ അര്‍ഷ് രംഗയുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. 25 പന്തില്‍ 54 റണ്‍സ് നേടിയ അര്‍ഷും 22 റണ്‍സെടുത്ത യഷ് വര്‍ധന്‍ ദലാലും ചേര്‍ന്ന് എട്ടാം ഓവറില്‍ ഹരിയാനയെ ലക്ഷ്യത്തിലെത്തിച്ചു

വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോ​ഗം

വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോ​ഗം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്നുചേരും. വൈകീട്ട് മൂന്നുമണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം ചേരുക. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും.

പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലം നഷ്ടമായവര്‍ക്കാവും ആദ്യപരിഗണന. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. പുനരധിവാസപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്. വീട് നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിൻറയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവരെ മുഖ്യമന്ത്രി നേരില്‍ കാണും.

‘വിഷൻ 2025’ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു

‘വിഷൻ 2025’ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു

കലാനികേതനും കെ പി ആർ എയും ഗവൺമെൻറ് എൽ പി എസ് മേനംകുളം
പിടിഎ കമ്മിറ്റിയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സംയുകതമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. മേനംകുളം ഗവൺമെൻറ് എൽ പി എസിൽ വച്ച് നാളെ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടത്തുന്നത്.

കഴക്കൂട്ടം എസിപി പി നിയാസ് ഉദ്ഘാടനം നിർവഹിക്കും. കലാനികേതൻ കെ പി ആർ എ
ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷനാകും. ഡോക്ടർ ലെനിൻ ലാൽ, സുരേഷ് ജീ ടി, എസ് മോഹനൻ, കെ ഉണ്ണികൃഷ്ണൻ നായർ, നാസർ, ശ്രീലാൽ മേനംകുളം, വിജീഷ് കല്പന തുടങ്ങിയവർ പങ്കെടുക്കും.

ഏക ദിന വിസ്മയ യാത്ര ഒരുക്കി  ടൂറിസം കോ, ഓപ്പറേറ്റീവ് സൊസൈറ്റി

ഏക ദിന വിസ്മയ യാത്ര ഒരുക്കി ടൂറിസം കോ, ഓപ്പറേറ്റീവ് സൊസൈറ്റി

ആറ്റിങ്ങൽ: എല്ലാ മാസങ്ങളിലും ഏകദിന വിസ്മയ യാത്ര ഒരുക്കി ടൂറിസം കോ, ഓപ്പറേറ്റീവ് സൊസൈറ്റി. കേവലം 6500 രൂപക്കാണ് ആകാശ -കടൽ – കൊച്ചി മെട്രോ, വാട്ടർ മെട്രോ, ക്രൂയിസ് യാത്ര, അതിനുള്ളിൽ ഡിജേ പാർട്ടി ഉൾപ്പെടെ തയ്യാറാക്കിയിരിക്കുന്നത് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പ റേറ്റീവ് സൊസൈറ്റി. ഇത് ഒരു കേരള സർക്കാർ സഹകരണ സ്ഥാപനം കൂടിയാണ്.

രാവിലെ തിരുവനന്തപുരം വിമാനത്താവളം, അവിടെ നിന്നും വിമാനത്തിൽ കൊച്ചി,
കൊച്ചിയിൽ വല്ലാർപാടം, തൃപ്പൂണിത്തറ പാലസ്, ബസേലിക്കപള്ളി ഉൾപ്പടെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കും. തുടർന്ന് ക്ലാസ്സിക്‌ പാരഡൈസ് പോലുള്ള വലിയ കപ്പലിൽ ഉൾക്കടൽ യാത്രയും.

തിരിച്ച് മറൈൻ ഡ്രൈവിൽ നിന്നും വാട്ടർ മെട്രോ യാത്ര. കൊച്ചി മെട്രോയിൽ കയറി ലുലു മാൾ സന്ദർശിച്ച ശേഷം തിരികെ ബസിൽ ആറ്റിങ്ങലിലേക്കു എത്തുന്ന രീതിയിലാണ് യാത്ര. പാക്കേജിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം ഉൾപ്പെടുന്നു. മുഴുവൻ സമയവും സൊസൈറ്റിയുടെ ഗൈഡും ഉണ്ടാകും.

ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
☎️ 9496813931

☎️ 9846940000

കര-കടൽ-ആകാശയാത്ര

➡️ വിമാനയാത്ര
➡️ ക്രൂയിസ് യാത്ര
➡️ കൊച്ചി മെട്രോ
➡️ വാട്ടർ മെട്രോ
➡️ A/C ബസ്
➡️ ഭക്ഷണം
➡️ പ്രവേശന ടിക്കറ്റുകൾ