‘എന്തു രസമാണിത് കാണാന്‍’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍

‘എന്തു രസമാണിത് കാണാന്‍’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍

മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍. ഇപ്പോള്‍ സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. താരത്തെ ടാഗ് ചെയ്ത് എക്‌സിലാണ് സച്ചിന്‍ വിഡിയോ പങ്കുവച്ചത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീര്‍ ഖാന്‍ മറുപടിയും നല്‍കി.

രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ നിന്നുള്ള സുശീല മീണ എന്ന പെണ്‍കുട്ടിയാണ് സഹീര്‍ ഖാന് സമാനമായ ബൗളിങ് ആക്ഷനില്‍ പന്തെറിയുന്ന കുട്ടിതാരം. സ്‌കൂള്‍ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിയുന്നതാണ് വിഡിയോയിലുള്ളത്.

”സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷന്‍ താങ്കളുടെ ബോളിങ് ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?’ സഹീര്‍ ഖാനെ ടാഗ് ചെയ്ത് സച്ചിന്‍ കുറിച്ചു.

പിന്നാലെ സഹീര്‍ ഖാന്റെ മറുപടിയുമെത്തി. ”താങ്കളല്ലേ ഇത്തരമൊരു സമാനത ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാന്‍ എങ്ങനെ യോജിക്കാതിരിക്കും. അവളുടെ ബോളിങ് ആക്ഷന്‍ ആയാസമില്ലാത്തതും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു’. സഹീര്‍ ഖാന്‍ മറുപടി നല്‍കി.

സിനിമ ഇഷ്ടപ്പെടാതെ തിയറ്ററിൽ നിന്ന് ഇറങ്ങിയോ? വിഷമിക്കേണ്ട, കാണാത്ത ഭാ​ഗത്തിന്റെ പൈസ തിരികെ കിട്ടും! ‘ഫ്ലെക്സി ഷോ’യുമായി പിവിആർ

സിനിമ ഇഷ്ടപ്പെടാതെ തിയറ്ററിൽ നിന്ന് ഇറങ്ങിയോ? വിഷമിക്കേണ്ട, കാണാത്ത ഭാ​ഗത്തിന്റെ പൈസ തിരികെ കിട്ടും! ‘ഫ്ലെക്സി ഷോ’യുമായി പിവിആർ

ന്യൂഡൽഹി: സിനിമ കണ്ട് ഇഷ്ടപ്പെട്ടാതെ തിയറ്ററിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന വിഷമം ഇനി വേണ്ട. സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം അവതരിപ്പിച്ച് പിവിആർ ഐനോക്സ്. ‘ഫ്ലെക്സി ഷോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ തിയറ്ററിൽ ഇരിക്കുന്ന സമയം മാത്രം പരിഗണിച്ചായിരിക്കും ടിക്കറ്റ് നിരക്ക്.

നിലവിൽ ഡൽഹിയിലെയും ഗുഡ്‌ഗാവിലെയും 40 തിയറ്ററുകളിലാണ് ആദ്യഘട്ടത്തിൽ ‘ഫ്ലെക്സി ഷോ’ പിവിആർ പരീക്ഷിക്കുന്നത്. സാധാരണയുള്ള ടിക്കറ്റിനേക്കാൾ 10% അധിക ചാർജാണ് ഫ്ലെക്സി ടിക്കറ്റിന് ഈടാക്കുക. തുടർന്ന് പ്രേക്ഷകൻ എത്ര നേരം തിയറ്ററിലുണ്ടായിരുന്നു എന്ന് കണക്കാക്കി ബാക്കി തുക റീഫണ്ട് ചെയ്യും.

സിനിമയുടെ ആകെ ദൈർഘ്യത്തിന്റെ 75 ശതമാനത്തിൽ അധികം ബാക്കിയുള്ളപ്പോഴാണ് പുറത്ത് പോകുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 60% തിരികെ ലഭിക്കും. 50 മുതൽ 75% വരെ ബാക്കിയുള്ളപ്പോൾ ഇറങ്ങിയാൽ 50% തുകയും 25% – 50% വരെ ബാക്കിയുണ്ടെങ്കിൽ 30% ടിക്കറ്റു തുകയും തിരികെ ലഭിക്കും.

തിയറ്ററിനുള്ളിലെ ഓരോ സീറ്റുകളും മോണിറ്റർ ചെയ്യുന്ന എഐ കാമറകൾ ഉപയോഗിച്ചാണ് പ്രേക്ഷകൻ സീറ്റിലുണ്ടോ എന്ന് തീരുമാനിക്കുന്നത്. തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ബോക്സ് ഓഫിസ് കൗണ്ടറിലെത്തി ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രേക്ഷകർക്ക് റീഫണ്ട് കൈപ്പറ്റാം.

രാവിലെ പൊട്ടിത്തെറി ശബ്ദം; പരിശോധിച്ചപ്പോൾ വീടിന്റെ ടെറസിൽ ഐസ്ക്രീം ബോംബുകൾ, അറസ്റ്റ്

രാവിലെ പൊട്ടിത്തെറി ശബ്ദം; പരിശോധിച്ചപ്പോൾ വീടിന്റെ ടെറസിൽ ഐസ്ക്രീം ബോംബുകൾ, അറസ്റ്റ്

കണ്ണൂർ: മലയോര പ്രദേശമായ ഉളിക്കൽ പരിക്കളത്ത് നിന്നു ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻ്റെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്.

പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്. പിന്നാലെ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വയനാട് പുനരധിവാസം; ആദ്യ കരട് പട്ടികയില്‍ 388 കുടുംബങ്ങള്‍; 30ദിവസത്തിനകം അന്തിമ പട്ടിക

വയനാട് പുനരധിവാസം; ആദ്യ കരട് പട്ടികയില്‍ 388 കുടുംബങ്ങള്‍; 30ദിവസത്തിനകം അന്തിമ പട്ടിക

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യകരട് പട്ടികയില്‍ 338 കുടുംബങ്ങള്‍. ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ ഉള്ളവര്‍ക്ക് പതിനഞ്ച് ദിവസത്തിനകം പരാതി നല്‍കാം. 30 ദിവസത്തിനകം അന്തിമ കരട് പട്ടിക പ്രസിദ്ധികരിക്കും.

മുണ്ടക്കൈയില്‍ 201, ചൂരല്‍മലയില്‍ 121, അട്ടമലയില്‍ 66 കുടുംബങ്ങളാണ് ആദ്യകരട് പട്ടികയില്‍ ഉള്‍പ്പെട്ടത്. പട്ടികയില്‍പ്പെട്ട 17 കുടുംബങ്ങളില്‍ ആരും ജീവിച്ചിരിപ്പില്ല. വീട് ഒലിച്ചുപോയവര്‍, വീട് പൂര്‍ണമായും തകര്‍ന്നവര്‍, ഭാഗികമായി വീട് തകര്‍ന്നവര്‍, മറ്റ് എവിടെയും വിട് ഇല്ലാത്തവരെയുമാണ് ഒന്നാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. പട്ടിക സംബന്ധിച്ച ചര്‍ച്ച നാളെ വയനാട് കലക്ടറേറ്റില്‍ നടക്കും/

ടൗണ്‍ഷിപ്പിനായി രണ്ട് എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഭൂമി വില സംബന്ധിച്ച് ആശങ്കയുള്ളതിനാലാവാം എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസമില്ലാതെ അനുകൂല വിധി കോടതിയില്‍ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയ്ക്ക് നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ ഭൂമി വാങ്ങാനുള്ള നടപടി സ്വീകരിക്കും. പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പത്തിയെട്ട് ഏജന്‍സികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്പോണ്‍സര്‍ഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 480 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 480 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.20 ന് 56,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

ഐഐഎഫ്‌കെ പുരസ്‌കാരങ്ങള്‍; സുവര്‍ണ്ണ ചകോരം ‘മാലു’വിന്

ഐഐഎഫ്‌കെ പുരസ്‌കാരങ്ങള്‍; സുവര്‍ണ്ണ ചകോരം ‘മാലു’വിന്

തിരുവനന്തപുരം: : സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി. നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയുടെ സംവിധായകന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. റിയോ ഡി ജനീറോയിലെ തീര്‍ത്തും അരക്ഷിതമായൊരു ചേരിയില്‍ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ ആത്മബന്ധങ്ങളുടെ കഥ പറയുന്നതാണ് ചിത്രം.

മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’ സിനിമയുടെ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മി അര്‍ഹനായി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.എഴുത്തുകാരനും സംവിധായകനും നടനുമായ ഫര്‍ഷാദ് ഹാഷ്മിയുടെ ആദ്യ ചലച്ചിത്രം കൂടിയാണ് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’. ഈ വര്‍ഷത്തെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണിത്. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഫെമിനിച്ചി ഫാത്തിമ, അപ്പുറം എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമകള്‍.

മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായിക പായല്‍ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും ഫെമിനിച്ചി ഫാത്തിമയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. സിനിമ പുരസ്‌കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമർശം നേടി. അവാർഡുകൾ ഏറ്റുവാങ്ങിയ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്. അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്’ എന്ന ഇറാനിയൻ ചിത്രം കരസ്ഥമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍,റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍,സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവ് പായല്‍ കപാഡിയ, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം,സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ വി എസ് പ്രിയദര്‍ശന്‍, ജൂറി ചെയര്‍പേഴ്സണ്‍ ആഗ്‌നസ് ഗൊദാര്‍ഡ്,അര്‍മേനിയന്‍ സംവിധായകന്‍ സെര്‍ജ് സെര്‍ജ് അവെദികിയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി അജോയ്, അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം സോഹന്‍ സീനു ലാല്‍ തുടങ്ങിയവർ പങ്കെടുത്തു.