by Midhun HP News | Dec 20, 2024 | Latest News, ജില്ലാ വാർത്ത
കേരള യൂണിവേഴ്സിറ്റിയിൽ എം എ പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്ക് നേടി ശ്രീലക്ഷ്മി കെ.ബിനു. കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥിനിയാണ്. കലാപരിശീലകനും തെയ്യം കലാകാരനുമായ (രാമനാഥ ക്ഷേത്രകലാസമിതി, ആറ്റിങ്ങൽ) അയ്യപ്പൻ കലാസാഹിതിയുടെയും കലാദേവിയുടെയും മകളാണ് ശ്രീലക്ഷ്മി.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവിക്കുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
by Midhun HP News | Dec 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കൻ തമിഴ്‌നാട്-തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാനും തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Dec 20, 2024 | Latest News, കേരളം
ആലപ്പുഴ: വിട്ടുമാറാത്ത കൈമുട്ടു വേദനയുമായി എത്തിയ ആളുടെ കയ്യിൽ നിന്ന് പട്ടിയുടെ പല്ല് പുറത്തെടുത്തു. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കയ്യിൽ നിന്നാണ് ഓപ്പറേഷനിലൂടെ പല്ല് പുറത്തെടുത്തത്. 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല് വൈശാഖിന്റെ കയ്യിൽ തറഞ്ഞിരിക്കുകയായിരുന്നു.
കൈമുട്ടുവേദനയുമായാണ് വൈശാഖ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിലാണ് സര്‍ജന്‍ ഡോ മുഹമ്മദ് മുനീറിന്റെ കണ്ണിൽ പല്ല് തെളിഞ്ഞത്. മുട്ടില്‍ തൊലിയോടു ചേര്‍ന്നാണ് കൂര്‍ത്തപല്ലിന്റെ ഭാഗം കണ്ടെത്തിയത്. ഓപ്പറേഷന് ശേഷമാണ് 25 വർഷം മുൻപ് പട്ടി കടിയേറ്റ വിവരം വൈശാഖ് ഡോക്ടർമാരോട് പങ്കുവെക്കുന്നത്.
36കാരനായ വൈശാഖിനെ 11 -ാം വയസ്സിലാണ് പട്ടികടിക്കുന്നത്. പട്ടികടിയേറ്റസമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സ നടത്തിയില്ല. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം. വൈശാഖ് ബുധനാഴ്ചതന്നെ ആശുപത്രിവിട്ടു. നഴ്സിങ് ഓഫീസര്‍മാരായ വി. ശ്രീകല, സാന്ദ്രാ സലിം, റിയ എന്നിവര്‍ ശസ്ത്രക്രിയയില്‍ സഹായികളായി.
by Midhun HP News | Dec 20, 2024 | Latest News, കേരളം
കോഴിക്കോട്: വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഷജീലിനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നത്.
സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടിലാണ് ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ പൊലീസ് തള്ളിയത്. ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം. വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍.
കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.
by Midhun HP News | Dec 20, 2024 | Latest News, കേരളം
പാലക്കാട്: വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥി. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് സിദാനാണ് അവസരോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ചത്.
ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സിദാനൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് റാജിഹും ഷഹജാസും ഉണ്ടായിരുന്നു. റാജിഹ് തട്ടിക്കളിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടടുത്ത പറമ്പിലേക്ക് വീണു. ഇത് എടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതിയപ്പോൾ പിടിച്ചതു തൊട്ടടുത്തുള്ള വൈദ്യുതിത്തൂണിൽ. ഫ്യൂസ് കാരിയറിന്റെ ഇടയിൽ കൈകുടുങ്ങി റാജിഹിന് ഷോക്കടിക്കുകയായിരുന്നു.
താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ ഷഹജാസിനും ചെറിയതോതിൽ ഷോക്കേറ്റു. ഇതോടെയാണ് റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവർ അറിയുന്നത്. ഉടൻ തന്നെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു. കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനൽകി.
Recent Comments