സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്‍ എംഎംആര്‍ വാക്‌സീന്‍ ഉടന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്‍ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.മീസില്‍സും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആര്‍ വാക്‌സീന്‍ ഇപ്പോള്‍ കുട്ടികള്‍ക്കു സൗജന്യമായി നല്‍കുന്നുണ്ട്. മംപ്‌സ് പ്രതിരോധമരുന്നുകൂടി ഉള്‍പ്പെടുന്ന എംഎംആര്‍ വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്.

ചിറയിൻകീഴ് പാലകുന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം

ചിറയിൻകീഴ് പാലകുന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം

ചിറയിൻകീഴ് : ചിറയിൻകീഴ് പാലകുന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ മുടപുരം ചിറയിൻകീഴ് റൂട്ടിൽ പോയ എസ്എഎൻ ബസ് ആണ് അപകടത്തിൽ പെട്ടത്. അമി വേഗതയിൽ വന്ന ബസ് പാലകുന്നിൽ വെച്ച് ഇടറോഡിൽ നിന്ന് ഇറങ്ങിയ കാറിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട് ബസ് റോഡ് സൈഡിലെ മതിലിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറ്റൊരു പിക്കപ്പിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. അപകടത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.

ജലനിരപ്പ് അപകടകരം; അച്ചന്‍കോവിലിന്റെയും കല്ലടയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ജലനിരപ്പ് അപകടകരം; അച്ചന്‍കോവിലിന്റെയും കല്ലടയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹച്യത്തില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നദിയുടെ കരയില്‍ താമസിക്കുന്നവര്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിാ്ാണം. അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തെന്മല ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ പടിപടിയായി ഉയര്‍ത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യുന മര്‍ദ്ദമായി മാറി തുടര്‍ന്ന് ശക്തി പ്രാപിച്ചു 48 മണിക്കൂറില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 18നും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 18 ന് യെല്ലോ അലര്‍ട്ടാണുള്ളത്.

ചോദ്യപേപ്പർ ചോർച്ച നടപടി വേണമെന്ന് കെപിഎസ്ടിഎ

ചോദ്യപേപ്പർ ചോർച്ച നടപടി വേണമെന്ന് കെപിഎസ്ടിഎ

ആറ്റിങ്ങൽ : പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ചോദ്യപേപ്പർ ചോരുന്നത് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ടൗൺ ബ്രാഞ്ച് സമ്മേളനം ആരോപിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അധ്യയനവർഷം അവസാനിക്കാറായിട്ടും മാറിയ പാഠപുസ്തകങ്ങളുടെ അധ്യാപക സഹായികൾ ഇതുവരെ തയ്യാറാക്കി വിതരണം ചെയ്യാൻ കഴിയാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ്. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ. സാബു, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു. സഞ്ജീവ്, ആറ്റിങ്ങൽ ഉപജില്ല സെക്രട്ടറി ആർ.എ. അനീഷ്, ജൂലി പി.എസ്. എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡി.സി. വിനോദ് (പ്രസിഡന്റ്‌), എസ്.എസ്. ആശാറാണി, ആർ. ലേഖ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മദ്യപിച്ച് ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു, വകുപ്പുതല നടപടിക്ക് സാധ്യത

മദ്യപിച്ച് ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു, വകുപ്പുതല നടപടിക്ക് സാധ്യത

പത്തംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നു ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തി.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.

മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് ഇന്നലെ രാത്രിയോടെ ഹോട്ടലുകാരാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്നു പൊലീസെത്തി എസ്ഐയെ കസ്റ്റഡിയിൽ‌ എടുത്തു. പിന്നാലെയാണ് പിടികൂടിയ ആൾ പൊലീസാണെന്നു മനസിലായത്.

വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ രാത്രി തന്നെ ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കി മടക്കി അയച്ചത്. സംഭവത്തെക്കുറിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി.