by Midhun HP News | Dec 4, 2024 | Latest News, കേരളം
കൊല്ലം: ചെമ്മാന്‍മുക്കില്‍ യുവതിയെ കാറിനുള്ളില്‍ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം നഗരത്തിലെ ആശ്രാമം പരിസരത്ത് ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ മേലതില്‍ വീട്ടില്‍ അനില (44)യാണ് കൊല്ലപ്പെട്ടത്. അനിലയുടെ ഭര്‍ത്താവ് പത്മരാജനാണ് കൊലപാതകം നടത്തിയത്. അനില നടത്തുന്ന ബേക്കറിയില്‍ പാര്‍ട്ട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.
കാറില്‍ വെച്ച് അനിലയെ ആക്രമിക്കുമ്പോള്‍, ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരനായ സോണിക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിലയുടെ ആണ്‍സുഹൃത്താണ് കാറിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതി യുവാവിനെയും ആക്രമിച്ചത്. സംഭവത്തിനു ശേഷം പൊലീസില്‍ കീഴടങ്ങിയ പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകക്കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമക്കുറ്റവും ചുമത്തും.
കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പത്മരാജനും അനിലയുടെ സുഹൃത്തുമായി കയ്യാങ്കളിയും നടന്നിരുന്നു. തുടർന്ന് പാർട്ട്ണർഷിപ്പ് തുക ഡിസംബർ 10ന് തിരികെ തരാമെന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു. ഇതിനുശേഷമാണ് ആക്രമണം ഉണ്ടാകുന്നത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പത്മരാജൻ പെട്രോൾ ഒഴിച്ചത്. കടയിലെ ജീവനക്കാരനായ സോണിയെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു ആക്രമണം. കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ബേക്കറിയിലെ പാർട്ട്ണറായ യുവാവും അനിലയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ നിരന്തരമുണ്ടായ കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
by Midhun HP News | Dec 4, 2024 | Latest News, കേരളം
കൊച്ചി: ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതടക്കമുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ്, മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
ഷവർമ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഏപ്രിൽമുതൽ ഒക്ടോബർവരെ നടത്തിയ പരിശോധനയിൽ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇത്തരമൊരു ഹർജി നൽകിയതിന് ഹർജിക്കാരിയെ അഭിനന്ദിച്ച കോടതി, കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത്, കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 2022 മേയ് ഒന്നിനാണ് ഷവർമ കഴിച്ചതിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്.
by Midhun HP News | Dec 4, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്നു കൂടി സ്വീകരിക്കും. ഇന്നു വൈകിട്ട് 5 മണിക്ക് മുമ്പായി പരാതികളും നിര്‍ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ റജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കാം.
അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16നാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫിസുകളിലും കരട് വാർഡ് വിഭജന നിർദേശങ്ങൾ ലഭ്യമാണ്. കരട് നിർദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
വാർഡ് വിഭജന പരാതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സ്വീകരിക്കുന്നതല്ലെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030 എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.
by Midhun HP News | Dec 4, 2024 | Latest News, കേരളം
ആറ്റിങ്ങൽ: പൂവമ്പാറയിലെ ഇരുചക്ര വാഹന സർവ്വീസ് സെൻ്ററിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം സ്വദേശി ദികേഷ് (42) ആണ് മരിച്ചത്. രാവിലെ മറ്റൊരു ജീവനക്കാരൻ സെൻ്റ്ർ തുറക്കുന്നതിനിടയിലാണ് ഉള്ളിൽ ദികേഷ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ തന്നെ വിവരം ആറ്റിങ്ങൽ പൊലീസിൽ അറിയിച്ചു.
by Midhun HP News | Dec 4, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7130 രൂപ നല്‍കണം.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം ഇന്നലെ തിരിച്ചുകയറി. ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Dec 4, 2024 | Latest News, കേരളം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ 12 ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
പാലക്കാട് നിന്നും ചരിത്ര വിജയം നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തുന്നത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.
ചേലക്കരയില്‍ 12, 201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ യു ആര്‍ പ്രദീപ് വിജയിച്ചത്. കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെയാണ് പ്രദീപ് തോല്‍പ്പിച്ചത്. അതേസമയം 2021 ല്‍ കെ രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. രാധാകൃഷ്ണന് പോള്‍ ചെയ്തതിന്റെ 54.41 ശതമാനം വോട്ടും ലഭിച്ചപ്പോള്‍, പ്രദീപിന് 41.44 ശതമാനം വോട്ടാണ് ലഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലില്‍ മാങ്കൂട്ടത്തിലിന് സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാകും രാഹുല്‍ നിയമസഭയിലെത്തുക. രാവിലെ എകെജി സെന്ററില്‍ എത്തിയശേഷമാകും യു ആര്‍ പ്രദീപ് നിയമസഭയിലെത്തുക.
ഈ സർക്കാരിന്റെ കാലത്ത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന്റെ ഉമ തോമസ് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നതിനാൽ പുതുപ്പള്ളിയിൽ നിന്നും വിജയിച്ച കോൺഗ്രസിലെ ചാണ്ടി ഉമ്മന് നിയമസഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.
Recent Comments