by Midhun HP News | Dec 4, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുറഞ്ഞത് 20 ശതമാനം ഡാര്‍ക്ക് വെബ് ഉപയോഗിച്ചുള്ള ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. ഡാറ്റാ ലംഘനങ്ങള്‍, ഹാക്കിങ്, ഫിഷിങ്, ഐഡന്റിറ്റി മോഷണം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വാങ്ങലും തുടങ്ങിയവയ്ക്കാണ് പ്രധാനമായി സൈബര്‍ ക്രിമിനലുകള്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ലിസിയാന്‍തസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പെഷ്യല്‍ ടൂളുകള്‍ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഇന്റര്‍നെറ്റിലെ പ്ലാറ്റ്‌ഫോമാണ് ഡാര്‍ക്ക് വെബ്. ഒരു ഡാര്‍ക്ക് വെബ് ഉപയോക്താവിന്റെ ഐഡന്റിറ്റിയും ലൊക്കേഷനും കണ്ടെത്തുന്നത് സാധാരണഗതിയില്‍ വളരെ ബുദ്ധിമുട്ടാണ്. രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി സൈബര്‍ കുറ്റകൃത്യങ്ങളുടെ വിശദമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് ലിസിയാന്‍തസ് ടെക്കിന്റെ സ്ഥാപകനും സിഇഒയുമായ കുശാല്‍ കൗശിക് പറഞ്ഞു.
സംസ്ഥാന പൊലീസ്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് പ്രസക്തമായ പോര്‍ട്ടലുകള്‍ എന്നിവയില്‍ നിന്ന് എടുത്ത ക്രൈം ഡാറ്റയുടെ നിരവധി സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഡേറ്റ വ്യവസായ വിദഗ്ധര്‍, സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്റുമാര്‍, നിയമ നിര്‍വ്വഹണ പ്രതിനിധികള്‍ എന്നിവരുമായി വിശദമായി വിശകലനം ചെയ്തതായും കൗശിക് പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ ഡാര്‍ക്ക് വെബിന്റെ ഉപയോഗം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ അവരുടെ ഫോണ്‍ ബുക്കിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും പ്രവേശന അനുമതി തേടുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകള്‍ക്ക് അനുവാദം നല്‍കരുതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
by Midhun HP News | Dec 4, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്‌സഭ അംഗീകരിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികളൊന്നും അംഗീകരിച്ചില്ല. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
മെച്ചപ്പെട്ട നിയന്ത്രണം, കാര്യക്ഷമമായ ഓഡിറ്റിങ് എന്നിവയ്ക്കായി നിലവിലുള്ള അഞ്ച് നിയമങ്ങളില്‍ 19 ഭേദഗതികള്‍ നിര്‍ദേശിക്കുന്നതാണ് 2024 ലെ ബാങ്കിങ് നിയമഭേദഗതി ബില്‍. നിക്ഷേപകരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്തതിനൊപ്പം ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ഭരണം ശക്തിപ്പെടുത്താനും നിര്‍ദ്ദിഷ്ട ഭേദഗതികള്‍ സഹായിക്കുമെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയര്‍ത്തുന്നതിലൂടെ നിക്ഷേപം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കോവിഡ് കാലത്ത് ബാങ്ക് അക്കൗണ്ട് ഉടമകളും നോമിനിയും മരിച്ചതോടെ നിക്ഷേപം പിന്‍വലിക്കുന്നതു സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയെ വെക്കുന്നതോടൊപ്പം ഇവര്‍ക്കുള്ള പങ്കാളിത്തം തീരുമാനിക്കാന്‍ കൂടി അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. അവകാശിയില്ലാത്ത ലാഭവിഹിതം, ഓഹരികള്‍, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപകരുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റാന്‍ ബില്‍ അനുമതി നല്‍കുന്നു. ഇത് വ്യക്തികളെ ഫണ്ടില്‍ നിന്ന് കൈമാറ്റങ്ങളോ റീഫണ്ടുകളോ ക്ലെയിം ചെയ്യാന്‍ അനുവദിക്കുന്നു.
അവകാശികളില്ലാത്ത നിക്ഷേപത്തിന്മേല്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും പരിരക്ഷിച്ചുകൊണ്ട് വ്യക്തികള്‍ക്ക് അവകാശവാദമുന്നയിക്കുന്നതിന് വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതാണ് പുതിയ ബില്‍. അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നിക്ഷേപ വിദ്യാഭ്യാസ സംരക്ഷണ നിധി ബോര്‍ഡിലേക്കാണ് മാറ്റുക. തര്‍ക്കമുള്ളവര്‍ക്ക് അവകാശമുന്നയിച്ച് ബോര്‍ഡിനെ സമീപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. ബാങ്കുകളില്‍ നിക്ഷേപമുള്ള ഡയറക്ടര്‍മാരുടെ ലാഭവരുമാനം നിലവിലെ അഞ്ചുലക്ഷത്തില്‍ നിന്ന് രണ്ടുകോടിയായി ഉയര്‍ത്താനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
by Midhun HP News | Dec 4, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം ചെമ്മാന്‍മുക്കില്‍ ഭാര്യ അനിലയെ പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ കാരണം സംശയരോഗമെന്ന് പൊലീസ് എഫ്‌ഐആര്‍. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം ഭര്‍ത്താവ് പത്മരാജന്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമായതെന്ന് പത്മരാജന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് യാതൊരു മാനസിക പ്രയാസവുമില്ല. 14 വയസ്സുള്ള മകളെ ഓര്‍ത്തു മാത്രമാണ് വിഷമം ഉള്ളതെന്ന് പത്മരാജന്‍ പൊലീസിനോട് പറഞ്ഞു. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പത്മരാജന്‍ പലതവണ അനിലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനില ഇതു കൂട്ടാക്കിയില്ല. ഈ വിഷയത്തില്‍ ഹനീഷും പത്മരാജനും തമ്മില്‍ ബേക്കറിയില്‍ വെച്ച് അടിപിടിയുണ്ടായി. ഭാര്യയുടെ മുന്നില്‍ വെച്ച് ഹനീഷ് തന്നെ മര്‍ദ്ദിച്ചപ്പോഴും അനില പിടിച്ചു മാറ്റാന്‍ പോലും തയ്യാറായില്ല. ഇത് വളരെ മാനസിക പ്രയാസമുണ്ടാക്കിയെന്നും പത്മരാജന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ പാടുകളും ഇയാള്‍ പൊലീസിനെ കാട്ടിക്കൊടുത്തു.
ചെമ്മാന്‍മുക്കില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം. ബേക്കറി അടച്ച് അനില കാറില്‍ വരുമ്പോള്‍, പിന്നാലെ ഓംനി വാനില്‍ പത്മരാജന്‍ പിന്തുടരുകയായിരുന്നു. ചെമ്മാന്‍മുക്കിലെത്തിയപ്പോള്‍ വാന്‍ കാറിന്റെ മുന്‍വശത്ത് ഇടിച്ചു നിര്‍ത്തിയശേഷം വാനില്‍ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അനിലയാണ് കാര്‍ ഓടിച്ചിരുന്നത്. ഇറങ്ങി ഓടാന്‍ കഴിയാത്തവിധം കാറിനുള്ളില്‍ കുടുങ്ങിപ്പോയ അനില വെന്തുമരിച്ചു.
കാറില്‍ ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരന്‍ സോണി കാര്‍തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. ദേഹത്ത് പൊള്ളലേറ്റ സോണി ചികിത്സയിലാണ്. ആക്രമണത്തിനിടെ വാനിലേക്കും തീ പടര്‍ന്ന് പത്മരാജനും പൊള്ളലേറ്റിരുന്നു. പരിക്കേറ്റ ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കാറ്ററിങ് ബിസിനസ് ചെയ്യുന്ന പത്മരാജന്റെ രണ്ടാം വിവാഹമാണിത്. ആക്രമണം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പത്മരാജന്‍, കാറുമായി അനില വരുന്നതും നിരീക്ഷിച്ച് ഓംനി വാനില്‍ കാത്തു കിടക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.
നവംബര്‍ ആറിനാണ് നിള എന്ന പേരില്‍ അനില ബേക്കറി ആരംഭിക്കുന്നത്. ഇതിനായി പത്മരാജനും 35,000 രൂപയോളം മുടക്കിയിരുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും ബേക്കറിയില്‍ പണം മുടക്കിയിട്ടുണ്ട്. ഹനീഷ് നിരന്തരം ബേക്കറിയില്‍ വരുന്നതിനെച്ചൊല്ലി അനിലയും പത്മരാജനും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. ഹനീഷും പത്മരാജനും തമ്മില്‍ അടിപിടിയും ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം വീട്ടിലേക്ക് പോകാതെ അനില ചെമ്മാന്‍മുക്കില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നു.
ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാന്‍ ഇന്നലെ കൊട്ടിയത്ത് പൊതു പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഈ പണം പത്മരാജന്‍ നല്‍കണമെന്ന് അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായി. അനിലയ്‌ക്കൊപ്പം മുമ്പും ഹനീഷിനെ കാറില്‍ പത്മരാജന്‍ കണ്ടിട്ടുണ്ട്. അതുപോലെ ഇന്നലെയും ഹനീഷ് ഒപ്പമുണ്ടാകുമെന്നാണ് കരുതിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. എന്നാല്‍ കാറിന് പിന്നില്‍ ബൈക്കിലായിരുന്നു ഹനീഷ് വന്നിരുന്നത്. തഴുത്തലയില്‍ നിന്നാണ് 300 രൂപയ്ക്ക് പത്മരാജന്‍ പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Dec 4, 2024 | Latest News, കേരളം
ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഭൂചലനം. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ 7.27ന് തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് സംഭവം. 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. മുലുഗിലും ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടിന് പുറത്തേയ്ക്ക് ഓടി. ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് തെലങ്കാനയില്‍ ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. തെലങ്കാന ഏറ്റവും കുറഞ്ഞ തീവ്രതയുള്ള മേഖലയായ സീസ്മിക് സോണ്‍ രണ്ടിലാണ് ഉള്‍പ്പെടുന്നത്.
by Midhun HP News | Dec 4, 2024 | Latest News, കേരളം
ചെന്നൈ: സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് ഐടി വകുപ്പിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മൂന്നു ദിവസത്തേക്കു സിനിമാ നിരൂപണങ്ങൾ നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
പുതിയ സിനിമകളുടെ റിവ്യൂ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. അടുത്തിടെ സൂര്യ നായകനായെത്തിയ കങ്കുവ എന്ന ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.
നെഗറ്റീവ് റിവ്യൂകൾ കാരണം സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പ്രചരിക്കുമ്പോൾ സിനിമ കാണാൻ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ മാറുന്നു. അഭിനയിച്ച നടനെയും സംവിധായകനെയും കുറിച്ച് അപകീർത്തികരമായ പ്രചരണം നടക്കുന്നുണ്ടെന്നും മനപ്പൂര്‍വം സിനിമയെ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും അസോസിയേഷൻ വാദിച്ചു.
എന്നാൽ വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് സുന്ദർ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കി കോടതിക്ക് ഉത്തരവിടാനാവില്ല. ചില സിനിമകൾക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. അവലോകനത്തിന്റെ മറവിൽ അപകീർത്തി ഉണ്ടായാൽ പൊലീസിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും യൂട്യൂബ് കമ്പനിയോടും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.
രണ്ടാഴ്ച മുൻപ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തിയറ്റർ പരിസരത്ത് ആരാധകരുടെ കമന്റുകൾ യൂട്യൂബ് ചാനലുകളും മറ്റും എടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Dec 4, 2024 | Latest News, കേരളം
ആറ്റിങ്ങൽ : ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനം ചെയ്യുന്നതിനു നഗരസഭ ആരോഗ്യ വിഭാഗം തുടക്കം കുറിച്ചു.
ദുരന്തനിവാരണ സ്റ്റാർട്ടപ്പ് കമ്പനിയായ റിയാക്റ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സൊല്യൂഷൻ എന്ന ഏജൻസിയുടെ സഹായത്തോടെയാണ് നഗരസഭ ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
നഗരസഭാ പരിധിയിലെ വീടുകളിലും, സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഡയപ്പർ, സാനിട്ടി പാഡുകൾ, ഇൻസുലിൻ സിറിഞ്ചുകൾ, ഉപയോഗ ശൂന്യമായ മരുന്നുകൾ എന്നിവ ഉൾപ്പടെയുള്ള ബയോമെഡിക്കൽ വേസ്റ്റുകൾ തികച്ചും ശാസ്ത്രീയമായാണ് സംസ്കരിക്കുന്നത്.
മാലിന്യ ശേഖരണ വാഹനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഫ്ലാഗ്ഓഫ് ചെയ്തു.
നിലവിൽ 100 ഗുണഭോക്താക്കളാണ് ഇതിൽ അംഗമായിട്ടുള്ളത്.
ഇത്തരം മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ലിങ്കിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 7306087704
https://forms.gle/xGfC1vQo3o65Ya9r8
Recent Comments