by Midhun HP News | Nov 29, 2024 | Latest News, കേരളം
കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. മദ്രസയിലും മദ്രസയുടെ ടെറസിന്റെ മുകളില്‍ വെച്ചും അധ്യാപകന്‍ നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി നടന്ന സംഭവം പറയുന്നത്. പിന്നീട് അധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2022 ഫെബ്രുവരി 24ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
അഞ്ചുവകുപ്പുകളിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും രണ്ടുവകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
by Midhun HP News | Nov 29, 2024 | Latest News, കേരളം
കണ്ണൂർ: നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി. കണ്ണൂർ കേളകത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിനു മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇകെ ബേബി എന്നിവർക്കെതിരെയാണ് കേസ്.
ഉയരം കുറഞ്ഞ വ്യക്തി വാഹനം ഓടിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജങ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Nov 29, 2024 | Latest News, കേരളം
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.
മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകും എന്നായിരുന്നു പൊലീസ് നിഗമനം. ഇതേത്തുടർന്നു തമിഴ്നാട്ടിലും കർണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയിൽ നിന്നു കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Nov 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത് സ്വാഗതാർഹമെന്ന് സമസ്ത കേരള ജം-ഇയ്യത്തുൽ മുഅ:ല്ലിമീൻ ആലംകോട് റെയിഞ്ച് പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
എസ്കെജെഎം ആലംകോട് റെയിഞ്ച് പ്രസിഡന്റ് ഷെഫീഖ് ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അർശുദ്ദീൻ മുസ്‌ലിയാർ, ട്രഷറർ ഹുസൈൻ മുസ്‌ലിയാർ, പരീക്ഷാ ബോർഡ് ചെയർമാൻ സജ്ജാദ് ദാരിമി, ഐടി കോ-ഓർഡിനേറ്റർ തമീം അശ്അരി, ക്ഷേമനിധി ചെയർമാൻ നവാസ് സഅദി, നൗഫൽ ബാഖവി, ഹുസൈൻ ജൗഹരി, മാഹിൻ മുസ്ലിയാർ, മുബാറക്ക് ദാരിമി, മുനീർ അൻവരി, നജീബ് റഹ്മാനി എന്നിവർ സംസാരിച്ചു.
എച്ച്.എസ് സ്കോളർഷിപ്പ് പരീക്ഷയുടെ കൈപുസ്തകത്തിന്റെ വിതരണോദ്ഘാടനം ആലംകോട് മദ്രസ സദർ-മുഅല്ലിം ഹുസൈൻ ജൗഹരിക്ക് കൈപുസ്തകം നൽകി റെയിഞ്ച് പ്രസിഡന്റ് ഷെഫീഖ് ബാഖവി നിർവഹിച്ചു.
by Midhun HP News | Nov 29, 2024 | Latest News, മരണം
ആറ്റിങ്ങൽ ഗ്രാമത്തിൻമുക്ക് ആറാട്ട്കടവ് കൗസ്തുഭത്തിൽ പി രാജു (69) നിര്യാതനായി.
ഭാര്യ: ശാന്ത
മക്കൾ: രാകേഷ് രാജ്, സൗമ്യ
മരുമക്കൾ: പ്രവീൺകുമാർ, മായ
by Midhun HP News | Nov 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്ഡം എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിച്ച മദ്രസാ വിദ്യാർത്ഥികളുടെ ‘സർഗവസന്തം’ ജില്ലാതല മത്സരങ്ങളിൽ ആറ്റിങ്ങൽ എഡ്യൂക്കേഷൻ കോംപ്ലക്സ് ചാമ്പ്യന്മാരായി. കൊല്ലായിൽ അൽ ഫലാഹ് കോളേജിൽ സമാപിച്ച മത്സരങ്ങളിൽ 446 പോയിൻ്റുകൾ കരസ്ഥമാക്കിയാണ് ആറ്റിങ്ങൻ കോംപ്ലക്സ് ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തിയത്. 414 പോയിൻ്റുകളോടെ തിരുവനന്തപുരം വെസ്റ്റ് കോംപ്ലക്സ് ഓവറോൾ രണ്ടാം സ്ഥാനം നേടി.
7 വേദികളിലായി 106 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 338 വിദ്യാർത്ഥികൾ പങ്കെടുത്തു. കൊല്ലായിൽ അൽഫലാഹ് ഹിഫ്ദ് കോളേജ്, ലിറ്റിൽ ഫ്ലോക്ക് പബ്ലിക് സ്കൂൾ, സലഫി മദ്രസാ ഹാൾ എന്നിവടങ്ങളിലാണ് വേദികൾ തയ്യാറാക്കിയത്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നസീർ വള്ളക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ മുരളി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്, വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്,
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻറ് ഹാറൂൺ വള്ളക്കടവ്, വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡന്റ് സമീർ കരിച്ചാറ എന്നിവർ സംസാരിച്ചു. ജില്ലാ സർഗവസന്തം കൺവീനർ അൻസാറുദ്ദീൻ സ്വലാഹി സ്വാഗതവും മദ്രസാ കൺവീനർ നിസാറുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു.
Recent Comments