by Midhun HP News | Nov 28, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങും.
കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 01 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by Midhun HP News | Nov 28, 2024 | Latest News, സിനിമ
തിയറ്ററില്‍ വമ്പന്‍ വിജയമായതിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌കര്‍ ഒടിടിയില്‍. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ലഭ്യമാണ്. ഒടിടിയില്‍ എത്തിയതിനു പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
വെങ്കി അത്‌ലൂരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഒക്ടോബര്‍ 31നാണ് തിയറ്ററിലെത്തിയത്. വമ്പന്‍ വിജയമായ ചിത്രം 111 കോടിക്ക് മേലെയാണ് കളക്റ്റ് ചെയ്തത്. സീതാരാമത്തിന്റെ വമ്പന്‍ വിജയത്തിനു ശേഷം ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍.ആദ്യ ദിവസം മുതല്‍ ഗംഭീര അഭിപ്രായം നേടിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തിയറ്റര്‍ പിടിച്ചത്. തെലുങ്കില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രം മികച്ച കളക്ഷനാണ് നേടിയത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.
by Midhun HP News | Nov 28, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്.
നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. ഉപതിരഞ്ഞെടുപ്പില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്.
by Midhun HP News | Nov 28, 2024 | Latest News, ജില്ലാ വാർത്ത
പാരിപ്പള്ളി: കാര്‍ നിയന്ത്രണം വിട്ട് തെരുവോര കച്ചവടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. വേളമാനൂര്‍ അമ്പൂരി ചരുവിള വീട്ടില്‍ അശോകന്‍ (51), പാളയംകുന്ന് രമേശ് ഭവനില്‍ രമേശന്‍ (55) എന്നിവര്‍ക്കും ബൈക്ക് യാത്രികരായ പാരിപ്പള്ളി ജവഹര്‍ ജാങ്ഷനില്‍ ലതിക ഭവനില്‍ ഷിജി (39), അനില്‍കുമാര്‍ (51) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. കൊല്ലം – തിരുവനന്തപുരം ദേശീയപാതയില്‍ പാരിപ്പള്ളി മുക്കട ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന സ്വകാര്യകാര്‍ അലക്ഷ്യമായി വര്‍ക്കല ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ എതിരെ വന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് വഴിയോരത്ത് കച്ചവടം ചെയ്തിരുന്നവരെയും മറ്റും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചു. പാരിപ്പള്ളി പോലിസ് കേസെടുത്തു.
by Midhun HP News | Nov 28, 2024 | Latest News, കേരളം
തിരുവനന്തപുരം: കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യൽ മെമു സർവീസിന്റെ കാലാവധി നീട്ടി. യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സർവീസ് 2025 മേയ് 30 വരെ നീട്ടിയത്. ആഴ്ചയിൽ അഞ്ച് ദിവസമാണ് കോട്ടയം വഴിയുള്ള മെമു സർവീസ്.
രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് മെമു സർവീസ് ആരംഭിച്ചത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ച് 9.35ന് എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും.
തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ് സ്റ്റോപ്പുകൾ.
by Midhun HP News | Nov 28, 2024 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം: ഗുണ്ടാ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈയ്ക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്.
കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്നു പോലീസ് പറയുന്നു. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടി. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. തൗഫീഖ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Recent Comments