അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എടി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്ന് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടി കസേരയില്‍ നിന്നാണ് വീണത്. കുട്ടിക്ക് തലച്ചോറിലും സുഷുമ്നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന്് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്നുമുതൽ അപേക്ഷിക്കാം

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്നുമുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബർ 25) രാവിലെ 11 മുതൽ നൽകാവുന്നതാണ്.ഡിസംബർ 10 വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in

വീട്ടിലെ തീന്‍മേശയുടെ കാലില്‍ ചുറ്റി രാജവെമ്പാല, ഭീതിയില്‍ വീട്ടുകാര്‍

വീട്ടിലെ തീന്‍മേശയുടെ കാലില്‍ ചുറ്റി രാജവെമ്പാല, ഭീതിയില്‍ വീട്ടുകാര്‍

പത്തനംതിട്ട: കോന്നിയില്‍ വീട്ടിനുള്ളില്‍ രാജവെമ്പാല കയറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. തീന്‍മേശയുടെ കാലില്‍ ചുറ്റിയിരുന്ന രാജവെമ്പാലയെ വനപാലകര്‍ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. ആനകുത്തി പെരിഞ്ഞൊട്ടയ്ക്കല്‍ അയ്യന്തിയില്‍ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലില്‍ ചുറ്റിയ നിലയിലാണ് രാജവെമ്പാലയെ കണ്ടത്.

ഞായറാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് തോമസ് എബ്രഹാമിന്റെ വീട്. മുമ്പും ഇവിടെ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.രാജവെമ്പാലയടക്കം വരുന്ന വിഷപാമ്പുകളെ പിടികൂടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചതാണ് രാജവെമ്പാലയെ പിടിക്കാന്‍ സഹായമായത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് നേരിട്ട് പിടികൂടുന്ന 11-ാമത്തെ രാജവെമ്പാലയാണിത്. പിടികൂടിയ രാജവെമ്പാലയെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു. കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് രാജേഷ്‌കുമാര്‍, ഡി രാജേഷ്, എ അഭിലാഷ്, എസ് ലാലു, കുമാര്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിച്ചത്.

കണ്ണൂരിൽ വൻ കവർച്ച; വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ചു

കണ്ണൂരിൽ വൻ കവർച്ച; വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ചു

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മധുരയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയതാണ് അഷ്‌റഫും കുടുംബവും. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ വളപട്ടണം പൊലീസ് ഇന്നലെ രാത്രി മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഡോഗ് സ്‌ക്വാഡിനെയും വിരലടയാള വിദഗ്ധരെയും വീട്ടിലെത്തിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ മതില്‍ ചാടി കിടക്കുന്നത് ഇതില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ല എന്നാണ് വിവരം. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയാം; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയാം; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം രാജിവെക്കേണ്ടതില്ലെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയതെന്ന് സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു. ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവും കേന്ദ്ര നേതൃത്വത്തോട് കെ സുരേന്ദ്രൻ നടത്തിയിട്ടുണ്ട്. ശോഭയും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭാ കൗൺസിലർമാരും ചേർന്ന് ജയസാധ്യത അട്ടിമറിച്ചെന്നാണ് സുരേന്ദ്രന്റെ ആരോപണം.

ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചെന്നും ആരോപണമുണ്ട്. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറയ്ക്കണമെന്ന നിർദേശം നഗരസഭ ചെയർപേഴ്‌സൺ തള്ളി. സ്മിതേഷ്, ദിവ്യ, സാബു തുടങ്ങിയ കൗൺസിലർമാർ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ആറു വയസുകാരൻ ബൈക്കോടിച്ചു, ബന്ധുവിന്റെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കി

ആറു വയസുകാരൻ ബൈക്കോടിച്ചു, ബന്ധുവിന്റെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കി

വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ആറു വയസുകാരനെ ബൈക്കോടിക്കാൻ പരിശീലിപ്പിച്ച് ബന്ധുവിന്റെ സാഹസം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ കെ ബിജുമോൻ പറഞ്ഞു.

കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തിൽ ബോധപൂർവം ബൈക്കിന്റെ നിയന്ത്രണം നൽകിയതിനാണ് നടപടിയെന്ന് അദ്ദേ​ഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം.പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാൻഡിൽ കുട്ടിക്ക് നൽകിയാണ് പരിശീലനം നൽകിയത്. അവധി ദിവസമായതിനാൽ ധാരാളം വാഹനങ്ങൾ ഈ റൂട്ടിലുണ്ടായിരുന്നു. മറ്റ് യാത്രക്കാർ ഇതിന്റെ വിഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല.