ജയിൽ ചപ്പാത്തിയുടെ വില കൂട്ടി; വില വർധന 13 വർഷത്തിന് ശേഷം

ജയിൽ ചപ്പാത്തിയുടെ വില കൂട്ടി; വില വർധന 13 വർഷത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു. തിരുവനന്തപുരം, ക​ണ്ണൂ​ർ, വി​യ്യൂ​ർ സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, ചീ​മേ​നി തു​റ​ന്ന ജ​യി​ൽ, കൊ​ല്ലം, എറണാകുളം, കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലു​ക​ൾ എന്നിവി​ട​ങ്ങ​ളി​ലാ​ണ് ജ​യി​ൽ ച​പ്പാ​ത്തി നി​ർ​മി​ക്കു​ന്ന​ത്.

13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജയിൽ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്‌ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

2011ലാ​ണ് ചപ്പാ​ത്തി നി​ർ​മാ​ണ യൂണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40.

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; 2 പേര്‍ പിടിയിൽ

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; 2 പേര്‍ പിടിയിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ജയ്സിയുടെ പക്കല്‍ പണവും സ്വര്‍ണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത് കൈക്കലാക്കാന്‍ വേണ്ടിയാണ് ഗിരീഷ് ബാബു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. കൊല നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു. തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയില അപ്പാർട്ട്മെന്‍റിലായിരുന്നു താമസം.

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; പത്തനംതിട്ടയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; പത്തനംതിട്ടയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്. കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സഹപാഠികളായ വിദ്യാര്‍ഥിനികളും അമ്മുവുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്‌നങ്ങളെല്ലം തീര്‍ന്നിരുന്നുവെന്ന കോളജ് അധികാരികളുടെ നിലപാടും അമ്മുവിന്റെ കുടുംബം തള്ളി. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത ആത്മഹത്യയിലേക്ക് അമ്മുവിനെ നയിച്ചു എന്നാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ മൂന്ന് വിദ്യാര്‍ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം ഇന്ന് തീവ്രമാകാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും. ഇതാണ് വരും ദിവസങ്ങളിൽ കേരളത്തിലെ മഴയെ സ്വാധീനിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ല, നടി തീരുമാനം മാറ്റി

മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ല, നടി തീരുമാനം മാറ്റി

കൊച്ചി: നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്. ഡബ്ല്യൂസിസിപോലും തനിക്കൊപ്പം നിന്നില്ലെന്നും പരാതിക്കാരി ആരോപിച്ചു. എന്നാൽ ഭർത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോൾ പരാതി പിൻവലിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞു. തന്റെ പേരിലുള്ള പോക്സോ കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും എന്തുകൊണ്ടാണ് കേസിൽ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ വേണ്ട പിന്തുണ നൽകാത്തതിനാലാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് നടന്‍ മുകേഷടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും തനിക്കെതിരെ കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

താലൂക്കുതല അദാലത്ത് ഡിസംബര്‍ ഒന്‍പത് മുതല്‍; രണ്ടുമുതല്‍ അപേക്ഷ നല്‍കാം

താലൂക്കുതല അദാലത്ത് ഡിസംബര്‍ ഒന്‍പത് മുതല്‍; രണ്ടുമുതല്‍ അപേക്ഷ നല്‍കാം

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി 13 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും.

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി പൊതുഭരണവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ രണ്ട് മുതല്‍ സ്വീകരിക്കും. ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും അപേക്ഷകള്‍ അയക്കാം. ഓണ്‍ലൈനായി അയക്കാന്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോര്‍ട്ടല്‍ ഉണ്ടാക്കും.

പരാതികള്‍ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്കുതല സെല്ലും രൂപീകരിക്കും. ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാന്‍ നിശ്ചിത സര്‍വീസ് ചാര്‍ജ് ഇടാക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരാതിക്കാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന രസീതും കൈപ്പറ്റണം.2023 ഏപ്രില്‍,- മെയ് മാസങ്ങളിലാണ് ഇതിന് മുന്‍പ് അദാലത്ത് സംഘടിപ്പിച്ചത്.