റോപ്പ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

റോപ്പ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

പത്തനംതിട്ട: വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കിയുമാണ് സര്‍ക്കാര്‍ റോപ് വേ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.ശബരിമലയില്‍ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നല്‍കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

റോപ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടര്‍ വനഭൂമിക്ക് പകരം വനവല്‍ക്കരണത്തിനായി കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍ കുളത്തൂപ്പുഴ വില്ലേജില്‍ 4.5336 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനം വകുപ്പിന്റെ പേരില്‍ നല്‍കുന്നതിനായിട്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതാണന്നും ഉത്തരവില്‍ പറയുന്നു.

ഹിൽ ടോപ്പിൽ നിന്നും സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബിഒടി വ്യവസ്ഥയില്‍ നിര്‍മിക്കുന്ന റോപ്വേക്ക് ഈ തീര്‍ഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താന്‍ കഴിയും. സാധന സാമഗ്രികള്‍ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും അടിയന്തര സാഹചര്യത്തില്‍ രോഗികളെ കൊണ്ടുവരുന്നതിന് ആംബുലന്‍സായി ഉപയോഗിക്കാനുമാണ് ആലോചന.

പതിനെട്ടാം പടി കയറുന്നത് മണിക്കൂറിൽ മൂവായിരത്തിലധികം ഭക്തർ

പതിനെട്ടാം പടി കയറുന്നത് മണിക്കൂറിൽ മൂവായിരത്തിലധികം ഭക്തർ

പത്തനംതിട്ട: ശബരിമല ദർശനം ആരംഭിച്ചതു മുതൽ മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തുന്നത്. ഇതുവരെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535.

ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ദർശനം ആരംഭിച്ചത് മുതൽ രാത്രി 12 മണിവരെ എത്തിയത് 28,814 പേരാണ്. 15ന് രാത്രി 12 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ 54,615 ഭക്തർ ദർശനം നടത്തി.

ആറന്മുള ക്ഷേത്രത്തിനു സമീപവും കോഴഞ്ചേരിയിലും പൊലീസിന്റെ ശബരിമല എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. രണ്ടിടങ്ങളിലുമുള്ള എയ്ഡ് പോസ്റ്റുകളുടെ ഉദ്ഘാടനം എസ്ഐ പ്രകാശ് നിർവഹിച്ചു. തീർഥാടന കാലം കഴിയും വരെ ഇവ പ്രവർത്തിക്കും.

വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു

വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു

കൊച്ചി: വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില. രണ്ട് മാസം മുമ്പ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് 440 രൂപ കടന്നു. ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുമ്പ് 250 രൂപയില്‍ താഴെയായിരുന്നു വില.

രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. രാജസ്ഥാനിലെ കോട്ട മാര്‍ക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. ഇവിടെ 360 രൂപയക്ക് മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് വെളുത്തുള്ളിയുടെ ഉല്‍പ്പാദനം കുറയാന്‍ കാരണം.

ഊട്ടി, കൊടൈക്കനാല്‍ മേഖലയില്‍നിന്നുള്ള വലിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ് വിത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 4,00600 രൂപയ്ക്കു മുകളില്‍ എത്തിയത് കര്‍ഷകര്‍ക്ക് വെല്ലുവിളിയായി. ചെറിയ ശതമാനം കര്‍ഷകര്‍ മാത്രമാണ് ഇത് വില്‍ക്കുന്നത്. കര്‍ഷകര്‍ നേരിട്ട് വാങ്ങുകയാണ് പതിവ്. മേട്ടുപ്പാളയത്തുനിന്ന് ഇവ നേരിട്ട് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഇതിന് വില്‍പ്പനയില്ല. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വിളവെടുപ്പിന് പാകമാകൂ. ഏപ്രില്‍ വരെ വില കുറയാന്‍ സാധ്യതയില്ലെന്ന് കര്‍ഷകരും മൊത്ത വ്യാപാരികളും പറയുന്നു.

പ്രസവാനന്തര വിഷാദത്തിന്റെ പേരില്‍ കുട്ടിയെ അമ്മയില്‍ നിന്ന്‌ അകറ്റാനാവില്ല: ഹൈക്കോടതി

പ്രസവാനന്തര വിഷാദത്തിന്റെ പേരില്‍ കുട്ടിയെ അമ്മയില്‍ നിന്ന്‌ അകറ്റാനാവില്ല: ഹൈക്കോടതി

കൊച്ചി: പ്രസവാനന്തര വിഷാദം ഉണ്ടെന്ന കാരണത്താല്‍ കുട്ടിയുടെ സ്ഥിരം കസ്റ്റഡി അമ്മയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പിതാവിന് കുട്ടിയുടെ സംരക്ഷണാവകാശം നല്‍കിക്കൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വളരെ സാധാരണവും താല്‍ക്കാലികവുമായ അവസ്ഥയാണെന്നും കോടതി വ്യക്തമാക്കി.

കുട്ടിയുടെ അമ്മയ്ക്ക് വിഷാദ രോഗം ഉണ്ടെന്ന 2023 ഫെബ്രുവരി മുതലുള്ള പഴയ മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കുടുംബ കോടതി വിധിച്ചത്. എന്നാല്‍ അമ്മയ്ക്ക് ഇപ്പോഴും ഈ അവസ്ഥയുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുട്ടിയെ മുലയൂട്ടാന്‍ പോലും തയ്യാറല്ലാത്ത തരത്തിലാണ് അമ്മയുടെ മാനസിക നിലയെന്ന് വിശ്വസനീയമായ രീതിയില്‍ തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരു വയസുള്ള കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്. കുട്ടിയെ സ്ഥിരമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട്, തനിക്ക് മാനസിക വൈകല്യമുണ്ടെന്നുള്ള അനുമാനം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ കുട്ടിയെ ഇപ്പോഴും മുലയൂട്ടുന്നുണ്ടെന്നും കുഞ്ഞ് പിതാവിനൊപ്പം പോകാന്‍ തയ്യാറല്ലെന്നും അമ്മ വാദിച്ചു. മാത്രമല്ല അമ്മയില്‍ നിന്ന് മാറ്റുമ്പോള്‍ കുട്ടിയുടെ മാനസിക, വൈകാരിക ആഘാതത്തിന് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന റിപ്പോര്‍ട്ട് വരികയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ടചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് എറണാകുളം ജില്ലയില്‍ മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം കോഴിക്കോട്, വയനാട് എന്നി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ തമിഴ്‌നാടിന് മുകളിലായും ലക്ഷദ്വീപിന് മുകളിലായുമാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ (ഞായറാഴ്ച) പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എസ് വൈ എസ് ജില്ലാ പ്ലാറ്റിനം സഫറിന് ഉജ്ജല തുടക്കം

എസ് വൈ എസ് ജില്ലാ പ്ലാറ്റിനം സഫറിന് ഉജ്ജല തുടക്കം

തിരുവനന്തപുരം: ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റിനം സഫറിന് ഉജ്ജല തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യാത്രയിൽ 50 സ്വീകരണ കേന്ദ്രങ്ങളിൽ പ്ലാറ്റിനം ഇയർ സന്ദേശങ്ങളും, പ്രമേയ പ്രഭാഷണങ്ങളും നടക്കും.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് സഖാഫി എഴിപ്പുറം നയിക്കുന്ന യാത്രയുടെ ഉദ്ഘാടന സമ്മേളനം വർക്കല മുനിസിപ്പൽ പാർക്കിൽ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ആലംകോട് ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുൽ സലാം അഹ്സനിയുടെ പ്രാർത്ഥനയോടെ
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ പോത്തൻകോട് പ്രമേയ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ജാബിർ ഫാളിലി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സനൂജ് വഴിമുക്ക്,എസ് ജെ എം ജില്ലാ പ്രസിഡൻ്റ് സാബിർ സൈനി, എസ് എസ് എഫ് സെക്രട്ടറി അബ്ദുല്ല ഫാളിലി,സയ്യിദ് ഹുസൈൻ ബാഫഖി, ഖലീൽ ലത്വീഫി എന്നിവർ ആശംസകൾ അർപ്പിച്ചു. സോൺ പ്രസിഡൻ്റ് അനീസ് സഖാഫി സ്വാഗതവും, സെക്രട്ടറി നൗഫൽ മദനി നന്ദിയും പറഞ്ഞു. ശേഷം ചിലക്കൂർ മലപ്പുറം വലിയുല്ലാഹിയുടെ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ജൗഹരി നേതൃത്വം നൽകി.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പള്ളിക്കലിൽ നിന്ന് ആരംഭിക്കുന്ന പ്രയാണം കല്ലമ്പലം, കിളിമാനൂർ, ആലംകോട്,മോഹനപുരം, പോത്തൻകോട്, കണിയാപുരം എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പെരുമാതുറ സിറ്റിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഹാമിദ് യാസീൻ ജൗഹരി അൽമദനിയുടെ മുഖ്യപ്രഭാഷണത്തോടെ സമാപിക്കും.

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പെരിങ്ങമ്മല നിന്നാരംഭിക്കുന്ന പര്യടനം തൊളിക്കോട്,നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ, വാളിക്കോട്, പൂവച്ചൽ, വിളപ്പിൽശാല, വള്ളക്കടവ് എന്നിവിടങ്ങളിലെ പര്യടനങ്ങൾ കഴിഞ്ഞ് ബീമാപള്ളിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വെള്ളൂർ സിദ്ദീഖ് അഹ്സനിയുടെ മുഖ്യപ്രഭാഷണത്തോടെ സമാപിക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കാരയ്ക്കാമണ്ഡപത്ത് നിന്നാരംഭിക്കുന്ന യാത്ര വഴിമുക്ക്, ഇടിച്ചക്കപ്ലാമൂട്, പാറശ്ശാല, കളിയിക്കാവിള,പൊഴിയൂർ, പൂവാർ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം വിഴിഞ്ഞത്ത് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും.

ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളോടൊപ്പം പ്ലാട്യൂൺ ജില്ലാ ചീഫ് മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ മുപ്പത്തി മൂന്നംഗ പ്ലാറ്റ്യൂൺ അംഗങ്ങളും യാത്രയിലെ സ്ഥിരാംഗങ്ങളാണ്. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംബന്ധിക്കും.