by Midhun HP News | Nov 16, 2024 | Latest News
തിരുവനന്തപുരം: കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി തട്ടിയുണ്ടായ അപകടത്തില്‍ ടെക്‌നോപാര്‍ക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മരിച്ചു. കാര്യവട്ടം തുണ്ടത്തില്‍ നവോദയ നഗറില്‍ ടിസി 2404ല്‍ മുഹമ്മദ് അഷറഫ് അലി (36) ആണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.
ഇന്നലെ രാവിലെ 10.30 ന് ശ്രീകാര്യം ജംക്ഷനു സമീപം വച്ചായിരുന്നു അപകടം. ടെക്‌നോപാര്‍ക്ക് അലയന്‍സ് കമ്പനിയിലെ എന്‍ജിനിയറായ മുഹമ്മദ് അഷറഫ് അലി ശ്രീകാര്യത്തുള്ള ഫിസിയോ തെറാപ്പിസ്റ്റിനെ കാണാന്‍ സ്‌കൂട്ടറില്‍ പോകവേ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാനായി വെട്ടി തിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെട്ടു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. അജീമിന്റെയും പരേതനായ ബഷീര്‍ മുഹമ്മദിന്റെയും മകനാണ്. പാലക്കാട് സ്വദേശിയായ മുഹമ്മദ് അഷറഫ് അലി ഏറെ കാലമായി കാര്യവട്ടത്താണ് താമസം. ടെക്‌നോപാര്‍ക്കിലെ ടാറ്റ ഇലക്‌സി യിലെ സോഫ്റ്റ് വയര്‍ എന്‍ജിനീയര്‍ റഹ്മത്ത് ആണ് ഭാര്യ ‘മകന്‍ 9 മാസം പ്രായമുള്ള റാഹില്‍.
by Midhun HP News | Nov 16, 2024 | Latest News
കണ്ണൂർ: കടന്നപ്പള്ളി തെക്കെക്കരയിൽ കൂടിയ കാണികൾക്ക് മുന്നിൽ വനിതാ മെസ്സിലെ കഥാപാത്രങ്ങളായി ആടിത്തീർക്കുമ്പോൾ അഞ്ജലിയും ജെസി മോഹനനും അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന വേഷങ്ങളായിരിക്കുമെന്ന്. വ്യാഴാഴ്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിൻ്റെ നാടകോത്സവത്തിലാണ് വനിതാ മെസ് എന്ന നാടകം അവതരിപ്പിച്ചത്.
രാത്രി 7.30നാണ് തെക്കെക്കരയിൽ നാടകം തുടങ്ങിയത്. വൻ ജനാവലിയാണ് കായങ്കുളം ദേവ കമ്യുണിക്കേഷൻസ് അവതരിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്. രാജീവൻ മമ്മിളി സംവിധാനം ചെയ്ത കോമഡിക്ക് പ്രാധാന്യം നൽകിയ ഈ നാടകം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു. വനിതാ ശാക്തീകരണവും പുരുഷ മേധാവിത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും സഹിക്കാനും പൊറുക്കാനുള്ളവയുമാണ് കുടുംബ ബന്ധങ്ങൾ എന്ന ആശയം വിളംബരം ചെയ്യുന്നതായിരുന്നു. ഒന്നിച്ചു ജീവിക്കുന്നവർ വേർപിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശം നൽകിയാണ് വനിതാ മെസ് നാടകം അവസാനിക്കുന്നത്.
പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകർ നൽകിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച നാടകം അവതരിപ്പിക്കേണ്ട സുൽത്താൻബത്തേരിയിലേക്ക് തിരിച്ചത്. കേളകം മലയാം പാടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണമായത് വഴിയെ കുറിച്ച് യാതൊരു പരിചയമില്ലാത്തതും രാത്രി ഏറെ വൈകിയുള്ളയാത്രയുമാണ്. നിടുംപൊയിൽ -പേര്യ ചുരം വഴിയുള്ള യാത്ര റോഡിൽ ഗർത്തങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരോധിച്ചതിനാൽ ബോയ്സ് ടൗൺ വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോയിരുന്നത്. ഏലപ്പീടിക വഴി ചെറു വാഹനങ്ങൾക്ക് മാത്രം പോകാനാവുന്ന മറ്റൊരു റോഡിലുടെ എത്താനാണ് ഇവർ ശ്രമിച്ചത്. ഗൂഗിൾ മാപ്പ് പറഞ്ഞു കൊടുത്ത എളുപ്പവഴിയായിരുന്നു ഇത്.
രാത്രിയിൽ ഗൂഗിൾ മാപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് സ്റ്റിയറിങ് തിരിച്ച ഡ്രൈവർ അറിഞ്ഞിരുന്നില്ല മുന്നിൽ കാത്തിരുന്ന അപകടം. ആഴമുള്ള താഴ്ച്ചയിലേക്ക് ബസ് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. മുൻ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയിൽ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ കുടുംബം നോക്കിയിരുന്നത്. മരണപ്പെട്ട അഞ്ജലിക്ക് ഒരു കുഞ്ഞുണ്ട്. ജെസിയുടെ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. രണ്ടു കുടുംബത്തിനും തീരാ നഷ്ടമായിരിക്കുകയാണ് കലാകാരികളുടെ വിയോഗം.
by Midhun HP News | Nov 16, 2024 | Latest News
പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം.
ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ: അഖിൽ സജീവ്.
by Midhun HP News | Nov 16, 2024 | Latest News
തൃശൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ പുനഃസ്ഥാപിച്ചു. 5 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രതിമ തിരികെയെത്തിയത്. പ്രതിമ പീഠത്തില്‍ ഉറപ്പിക്കലും മറ്റു ജോലികളും പൂര്‍ത്തിയാകാന്‍ ഒരു മാസം കൂടി സമയമെടുക്കുമെന്ന് ശില്‍പ്പി കുന്നുവിള മുരളി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ വെങ്കല പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ തിരുവനന്തപുരതാണ് പൂര്‍ത്തിയായത്. ശില്‍പി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളിയാണു പ്രതിമ കേടുപാടുകള്‍ തീര്‍ത്തു നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണു ബസിടിച്ച് പ്രതിമ തകര്‍ന്നത്. പാപ്പനംകോട് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്.1500 കിലോ ഭാരമുണ്ട്. 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ കേടുപാടുകള്‍ തീര്‍ത്തത്. 2013ലാണ് ശക്തന്‍ നഗറില്‍ പ്രതിമ സ്ഥാപിച്ചത്.പുനഃസ്ഥാപത്തിന് ശേഷമുള്ള ഔദ്യോഗിക അനാച്ഛാദനം ഉടനെയുണ്ടാവും. പ്രതിമാസ്ഥാപനം വൈകുന്നതില്‍ പ്രതിഷേധിച്ച സുരേഷ് ഗോപി എംപി പതിനഞ്ചു ദിവസത്തെ സമയം നല്‍കിയിരുന്നു. ഇല്ലാത്തപക്ഷം സ്വന്തം ചിലവില്‍ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
by Midhun HP News | Nov 16, 2024 | Latest News
കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വനിതാ എഎസ്‌ഐയെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പ് പറയിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നത് കണ്ട് ചോദ്യം ചെയ്ത എഎസ്‌ഐ ജമീലയെകൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്‌കൂള്‍ വിട്ട സമയത്ത് ബസ്റ്റാന്‍ഡില്‍ സംഘടിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പൊലീസ് തിരിച്ചു പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഭവം.ബസ്റ്റാന്‍ഡില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതി ഉള്ളതിനാല്‍ പൊലീസ് സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം നിരീക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളോടാണ് അവിടെ നിന്ന് പോകാന്‍ വനിത എഎസ്‌ഐ ജമീലയും സംഘവും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് യുവാക്കള്‍ പൊലീസിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് തീര്‍ത്ത് പറഞ്ഞതോടെ യുവാക്കള്‍ മടങ്ങി. എന്നാല്‍ വീണ്ടും യുവാക്കള്‍ കൂട്ടംകൂടിയതോടെ വനിതാ പൊലീസ് വീണ്ടുമെത്തി സ്ഥലത്തു നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് തങ്ങളെ അപമാനിച്ചുവെന്ന തരത്തില്‍ ബഹളം വെച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞത്.
സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് താന്‍ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.
by Midhun HP News | Nov 16, 2024 | Latest News
തിരുവനന്തപുരം: രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷന്‍ വ്യാപാരികള്‍. നവംബര്‍ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുന്‍പില്‍ ധര്‍ണയും നടത്തും. റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലും റേഷന്‍ വ്യാപാരികള്‍ക്ക് എതിര്‍പ്പുണ്ട്. അതിനിടെ, റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാന്‍ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കരാറുകാരുമായി ഇന്ന് ചര്‍ച്ച നടത്തും.
Recent Comments