by Midhun HP News | Nov 15, 2024 | Latest News
പത്തനംതിട്ട: ഇനി ശരണമന്ത്രധ്വനികളുടെ കാലം. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.
നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോർഡ് അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യുക. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്പോട്ട് ബുക്കിങിലേക്ക് മാറും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്പോട്ട് ബുക്കിങ് വഴി മലകയറാം. സ്പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഫാസ് ടാഗുള്ള ചെറു വാഹനങ്ങൾ മാത്രമേ പമ്പയിൽ പാർക്കിങ്ങിന് അനുവദിക്കുകയുള്ളൂ. ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്യുന്നവർ കൂപ്പണിൽ പറയുന്ന സമയത്ത് ദർശനം പ്രതീക്ഷിക്കരുത്. ആചാരപരമായ പൂജകളുടെ പ്രത്യേകതകൾ കാരണം സമയത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ശ്രീജിത്ത് സൂചിപ്പിച്ചു. മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ശബരിമല സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Nov 15, 2024 | Latest News
കണ്ണൂർ: കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച നാടക കലാകാരികളുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഏഷ്യാനെറ്റ് ന്യൂസാണ് നാടക പ്രവർത്തകരുടെ ദുരിതം പൊതുശ്രദ്ധയിൽ എത്തിച്ചത്. മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.
by Midhun HP News | Nov 15, 2024 | Latest News
ചെന്നൈ: ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം. എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിലാണ് ദാരുണ സംഭവമുണ്ടായത്.
ഗിരിധരന്‍ ഭാര്യ പവിത്ര എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ഒരു വയസുള്ള മകന്‍ സായ് സുദര്‍ശന്‍, ആറു വയസ്സുകാരി മകള്‍ വിശാലിനി എന്നിവരാണ് മരിച്ചത്. രാവിലെ അബോധാവസ്ഥയില്‍ കണ്ട ഇവരെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മരിച്ചു.
സംഭവത്തില്‍ കീട നാശിനി കമ്പനിയിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ എലിശല്യം രൂക്ഷമാണെന്ന് ഗിരിധരന്‍ കമ്പനിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് എലിശല്യം തടയാനായി എലിവിഷം പൗഡര്‍ വിതറുകയായിരുന്നു. രാത്രി എസി ഇട്ട് ഉറങ്ങിയ കുടുംബം വിഷവാതകം ശ്വസിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
by Midhun HP News | Nov 15, 2024 | Latest News
. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീർ അധ്യക്ഷനായി. ആർ തുളസിദാസ്, കെ സുരേന്ദ്രൻ നായർ, ആർ വിജയകുമാർ, യു പ്രകാശ്, ടി സി ഷൈജു ചന്ദ്രൻ, എസ് മോഹനൻ നായർ, വിജയൻ സോപാനം സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു
by Midhun HP News | Nov 15, 2024 | Latest News
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റീലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത് മോഹന്‍ലാലിന്റെ ആദ്യ സിനിമയുടെ സംവിധായകനായ ഫാസില്‍ ആണ് റിലീസ് തിയതി പുറത്തുവിട്ടത്. റിലീസ് തിയതിയുടെ സവിശേഷത വ്യക്തമാക്കിക്കൊണ്ടുള്ള ഫാസിലിന്റെ വിഡിയോയ്‌ക്കൊപ്പമായിരുന്നു പ്രഖ്യാപനം.
മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ അതേ ദിവസം തന്നെയാണ് ബറോസും എത്തുന്നത്. ബറോസിന്റെ റിലീസ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫാസില്‍ തന്നെയാണ് ഈ സവിശേഷത കണ്ടെത്തിയത്. മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞപ്പോള്‍ താന്‍ അമ്പരന്നുപോയെന്നാണ് ഫാസില്‍ വിഡിയോയില്‍ പറയുന്നത്. ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് താന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അതിനേക്കാളേറെ അമ്പരന്നെന്നും അറിയാതെ ദൈവമേ എന്നു വിളിച്ചുപോയെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു. പാച്ചിക്കയുടെ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ ആണ് വിഡിയോ പങ്കുവച്ചത്.
‘മോഹന്‍ലാല്‍ എന്ന 19കാരനെ ഇന്നറിയുന്ന മോഹന്‍ലാലാക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. സൂപ്പര്‍ഹിറ്റായ ചിത്രം മലയാള സിനിമയുടെ തന്നെ ഗതി മാറ്റി എന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തന്നെ നായകനായ മണിച്ചിത്രത്താഴ് എത്തുന്നത്. അത് സൂപ്പര്‍ഡ്യൂപ്പര്‍ഹിറ്റായി. മഞ്ഞില്‍ വിരിഞ്ഞ പൂവ് റിലീസായത് 1980 ഡിസംബര്‍ 25നായിരുന്നു. മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബര്‍ 25നായിരുന്നു. മോഹന്‍ലാലിന്റെ ബറോസും റിലീസ് ചെയ്യുന്നത് ഡിസംബര്‍ 25നാണ്. നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് ഇടയില്‍ മുത്തിമുത്തി പഠിച്ചെടുത്ത കഴിവുകൊണ്ട് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ ആദ്യ സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെ എത്തുക. ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നല്ലാതെ എന്താണ് പറയേണ്ടത്. മഞ്ഞില്‍ വിരിഞ്ഞ പൂവിനേക്കാളും മണിച്ചിത്രത്താഴിനേക്കാളും മുകളില്‍ നില്‍ക്കുന്ന അതുല്യ കലാസൃഷ്ടിയായിരിക്കും ബറോസ് എന്നാണ് ഞാന്‍ കരുതുന്നത്. ഒരു ആഗോള ഇതിഹാസ ചിത്രമായി മാറട്ടെ എന്നും ആഗ്രഹിക്കുന്നു.’- ഫാസില്‍ പറഞ്ഞു.
by Midhun HP News | Nov 15, 2024 | Latest News
തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രത്തിന്‍റെ ദുരന്ത സഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല. ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര നിലപാട് ശരിയല്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും പ്രതികരിച്ചു.
ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ‍് ഡി ആര്‍ എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
വയനാടിനോടുള്ള അവഗണന ശരിയല്ലെന്ന് കെ വി തോമസും പ്രതികരിച്ചു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ദുരിതാശ്വാസ സഹായം നല്‍കുന്നുണ്ട്. കേന്ദ്രത്തിന്‍റെ അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരളത്തിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. കേന്ദ്രസഹായം കേരളത്തിന്‍റെ അവകാശമാണ് ഔദാര്യം അല്ലെന്നും വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നിൽക്കണമെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും വിവിധ ഹർജികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വയനാടിനു നൽകുന്ന സഹായത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ നടക്കുന്നു എന്നായിരുന്നു ഇക്കാര്യത്തിലുളള മറുപടി. നിലവിലെ സാഹചര്യവും പുനരധിവാസത്തിന്‍റെ തൽസ്ഥിതിയും സംസ്ഥാന സർക്കാർ അറിയിക്കും.
Recent Comments