ചക്രവാതച്ചുഴി: കേരളത്തില്‍ ഇന്ന് ശക്തമായ മഴ

ചക്രവാതച്ചുഴി: കേരളത്തില്‍ ഇന്ന് ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മൂന്നറിയിപ്പ്. സംസ്ഥാനത്തൊട്ടാകെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കന്‍ തമിഴ്നാടിന് മുകളിലായും ലക്ഷദ്വീപിന് മുകളിലായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബര്‍ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 18 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ശബരിമലയില്‍ ഭക്തജന തിരക്ക്; ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം

ശബരിമലയില്‍ ഭക്തജന തിരക്ക്; ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ വന്‍ ഭക്തജന തിരക്ക്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മുന്നു മണിയോടെ നട തുറന്നു. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഭക്തര്‍ക്ക് ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കും.

അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഇന്ന് നല്ല തിരക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.

സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാവിലെ 8.30 ന് ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ബാച്ച് ഭക്തര്‍ ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് തീര്‍ത്ഥാടനം ആരംഭിച്ചു.

കഞ്ചാവ് കടത്ത് കേസ്; ഒളിവില്‍ ആയിരുന്ന പ്രതി പിടിയില്‍

കഞ്ചാവ് കടത്ത് കേസ്; ഒളിവില്‍ ആയിരുന്ന പ്രതി പിടിയില്‍

വെഞ്ഞാറമൂട്ടിൽ നിന്നും ഇരുന്നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് വലിയചിറ എ എസ് ഭവനിൽ കിച്ചു എന്ന് വിളിക്കുന്ന വിനീഷ് (28) ആണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ പി എസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച നിരവധി കേസുകളിലെ പ്രതിയായ കാട്ടാക്കട സ്വദേശി ബോണ്ട എന്ന് വിളിക്കുന്ന അനൂപിനേയും (28) അന്വേഷണ സംഘം പിടികൂടി . കഴിഞ്ഞ രണ്ടു വർഷക്കാലമായി അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും, തമിഴ്നാട്ടിലെയും , കര്‍ണാടകയിലെയും വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു പിടിയിലായ വിനീഷ്. ഒളിവിലായിരിക്കെ കേരളത്തിലേക്ക് മാരകമായ രാസ ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡി എം എ കടത്ത് കേസിലെ ഒന്നാം പ്രതികൂടിയാണ്. പിടിക്കപെടാതിരിക്കാന്‍ മൊബൈൽ ഫോണ്‍ , സോഷ്യൽ മീഡിയ അക്കൗണ്ടുകളൊന്നും തന്നെ ഇയാള്‍ ഉപയോഗിച്ചിരുന്നില്ല. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ മാസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി കെ.പ്രദീപ് , വെഞ്ഞാറമൂട് പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ ആര്‍. പി, സബ്ബ് ഇന്‍സ്പെക്ടര്‍ ഷാൻ എസ്സ് എസ്സ്, ഡാൻസാഫ്‌ സബ്ബ് ഇന്‍സ്പെക്ടര്‍ ബി. ദീലീപ്, എ എസ് ഐ രാജീവ്, എസ് സി പി ഒ മാരായ അനൂപ് റിയാസ്, ദിനോർ എന്നിവർ അടങ്ങുന്ന സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത് .അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; 55,000ല്‍ താഴെ

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; 55,000ല്‍ താഴെ

കൊച്ചി: ഇന്നലെ നേരിയ മുന്നേറ്റം നടത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തന്നെ തിരികെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വ്യാഴാഴ്ചത്തെ നിലവാരമായ 55,480 രൂപയിലേക്ക് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് പത്തുരൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് കഴിഞ്ഞദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

തൊഴിൽ മേള സംഘടിപ്പിക്കുന്നു

തൊഴിൽ മേള സംഘടിപ്പിക്കുന്നു

മംഗലപുരം പഞ്ചായത്തും എസ് ബി ഐ ലൈഫ് ആറ്റിങ്ങലും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. 18.11.2024 തിങ്കളാഴ്ച്‌ച രാവിലെ 10.30 ന് മംഗലാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽവച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്യും.

വീട്ടമ്മമാർ, കുടുംബശ്രീ പ്രവർത്തകർ, റിട്ടയർഡ് ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, സ്വയംതൊഴിൽ ചെയ്യുന്നവർ, പാർട്ട്‌ടൈം തൊഴിൽ ചെയ്യുന്നവർ, പാർട്ട്ടൈം തൊഴിൽ താൽപ്പര്യം ഉള്ളവർ,ബിസിനസ്സ് ചെയ്യുന്നവർ, Advocate, NRI-EX, NRI…. തുടങ്ങി നാനാതുറകളിലുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യേഗാർത്ഥികൾ കൊണ്ട് വരേണ്ട രേഖകൾ :

പാസ്പോർട്ട് സൈസ് ഫോട്ടോ

എസ് എസ് എൽ സി കോപ്പി

പാൻകാർഡ് കോപ്പി

ആധാർ കാർഡിന്റെ കോപ്പി

പാസ്സ് ബുക്കിന്റെ കോപ്പി

ഉദ്യേഗാർത്ഥികൾ പഞ്ചായത്ത് ഹാളിൽ 18.11.2024 തിങ്കളാഴ്ച നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

7356626239 8848330251

ചക്രവാതച്ചുഴി: കേരളത്തില്‍ ഇന്ന് ശക്തമായ മഴ

ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

വെള്ളിയാഴ്ച തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.