ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 56,000ല്‍ താഴെ

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 56,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

‘ആധുനിക ഇന്ത്യയുടെ പിതാവ്’; നെഹ്രുവിന് ആദരമര്‍പ്പിച്ച് രാജ്യം

‘ആധുനിക ഇന്ത്യയുടെ പിതാവ്’; നെഹ്രുവിന് ആദരമര്‍പ്പിച്ച് രാജ്യം

ന്യുഡല്‍ഹി: രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ 135ാം ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചു.

‘അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ഞാന്‍ ആദരം അര്‍പ്പിക്കുന്നു’- മോദി ട്വിറ്ററില്‍ കുറിച്ചു. നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അദ്ദേഹത്തിന്റെ സ്മൃതികുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു.

നെഹ്‌റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി എല്ലാ വര്‍ഷവും ആചരിക്കുകയാണ്. ശിശുക്കളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

1964ലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. നെഹ്‌റുവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു അത്. അതിനു ശേഷം എല്ലാവര്‍ഷവും നവംബര്‍ 14 ശിശുദിനമായി രാജ്യത്ത് ആചരിച്ച് വരുന്നു.

1889 നവംബര്‍ 14നാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ കാലം സേവിച്ച പ്രധാനമന്ത്രിയും സ്വാതന്ത്രസമര സേനാനിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനനം. 1964 മെയ് 27ന് 76ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു . സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായ അദ്ദേഹത്തെ ആധുനിക ഇന്ത്യയുടെ പിതാവ് എന്നാണ് വിളിച്ചിരുന്നത്.

സജീർ രാജകുമാരിയ്ക്കു ഇടതുപക്ഷ ജനാധിപത്യം മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

സജീർ രാജകുമാരിയ്ക്കു ഇടതുപക്ഷ ജനാധിപത്യം മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ട സജീർ രാജകുമാരിക്ക് ഇടതുപക്ഷ ജനാധിപത്യം മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകി. ജയദേവൻ മാസ്റ്റർ ഹാളിൽ ചേർന്നയോഗത്തിൽ, എ എം റാഫി അധ്യക്ഷൻ ആയിരുന്നു. അഡ്വക്കേറ്റ് ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഘടകകക്ഷി നേതാക്കളായ, കെ എസ് ബാബു, വല്ലൂർ രാജീവ്, കെ പി മനോജ്, കോരാണി സനിൽ, ഹീരാലാൽ, ഷാജഹാൻ, എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിക്കുവേണ്ടി മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് ബി സത്യൻ സ്വീകരിച്ചു. വികസന മുരിടിപ്പ് നേരിടുന്ന കരവാരം ഗ്രാമപഞ്ചായത്ത് എല്ലാവരുടെയും പിന്തുണയോടും സഹായത്തോടു കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് നടപ്പിലാക്കുന്ന വികസന പദ്ധതികൾ കരവാരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തിൽ, ജനകീയമായി നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് സജീർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വിധിയെഴുതാൻ വയനാടും ചേലക്കരയും, മികച്ച പോളിം​ഗ്; വയനാട്ടിൽ 40.64 ശതമാനം, ചേലക്കരയിൽ 44.35 ശതമാനം

വിധിയെഴുതാൻ വയനാടും ചേലക്കരയും, മികച്ച പോളിം​ഗ്; വയനാട്ടിൽ 40.64 ശതമാനം, ചേലക്കരയിൽ 44.35 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിം​ഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിം​ഗ് രേഖപ്പെടുത്തി.

കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘ‌ർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിൽ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു.

രോഹിതും കോഹ്‌ലിയും ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കണം; ഉപദേശിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം

രോഹിതും കോഹ്‌ലിയും ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കണം; ഉപദേശിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം

സിഡ്‌നി: ഫോമില്ലായ്മ മൂലം വലയുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ് ലീ. രണ്ടു താരങ്ങളും വിശ്രമം എടുത്ത്, ബാറ്റിങ്ങില്‍ സാങ്കേതികതയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും, അങ്ങനെ ഫോം വീണ്ടെടുക്കാനും ബ്രെറ്റ്‌ലീ ഉപദേശിച്ചു.

തുടര്‍ച്ചയായി മോശം പ്രകടനമുണ്ടാകുമ്പോള്‍ സമ്മര്‍ദ്ദം ഉയരുക സ്വാഭാവികമാണ്. കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലെയുള്ളവര്‍ ഡ്രോയിംഗ് ബോര്‍ഡിലേക്ക് മടങ്ങിപ്പോയാല്‍ മതി. ടെക്‌നിക്കില്‍ ശ്രദ്ധയൂന്നുകയും ഫ്രെഷ് ആകുകയും ചെയ്തശേഷം ഇരുവര്‍ക്കും പൂർവാധികം കരുത്തോടെ ക്രിക്കറ്റിലേക്ക് മടങ്ങി വരാവുന്നതാണെന്നും ബ്രെറ്റ് ലീ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിതും കോഹ്‌ലിയും ബാറ്റിങ്ങിൽ പരാജയമായിരുന്നു. ഇരുവരും മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ പരമ്പര കിവീസ് തൂത്തുവാരുകയും ചെയ്തിരുന്നു. ഈ വര്‍ഷം രോഹിത് ശര്‍മ്മ 11 മത്സരങ്ങളില്‍ നിന്നും 588 റണ്‍സാണെടുത്തത്. ശരാശരി 29.40. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍പ്പെടുന്നു. കോഹ് ലിയാകട്ടെ 6 മത്സരങ്ങളിലെ 12 ഇന്നിങ്‌സുകളില്‍ നിന്നായി 250 റണ്‍സ് മാത്രമാണെടുത്തത്. ശരാശരി 22.72. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയ്ക്കാണ് ഇന്ത്യ ഓസീസ് പര്യടനത്തിനെത്തിയിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്നതിന് ഓസീസിനെതിരെ ഇന്ത്യയ്ക്ക് 4-1 ന്റെ വിജയം അത്യാവശ്യമാണ്. മൂന്നാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നതിന് ഇന്ത്യ സീനിയര്‍ താരങ്ങളായ രോഹിതിന്റെയും കോഹ്‌ലിയുടേയും ബാറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തനരഹിതമാകും; ഓണ്‍ലൈനായി ചെയ്യുന്ന വിധം

പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തനരഹിതമാകും; ഓണ്‍ലൈനായി ചെയ്യുന്ന വിധം

ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലായെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം. നിരവധി ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ പാന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാന്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ത്യയിലെ എല്ലാ നികുതിദായകരും ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. സമയപരിധിക്ക് മുമ്പ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കും. ഇത് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaarല്‍ ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. മൊബൈലില്‍ വരുന്ന ഒടിപി നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്.

പാന്‍- ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് അറിയാം

www.incometax.gov.inല്‍ പ്രവേശിച്ച് ഹോംപേജിലെ ‘Quick Links’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് ആധാര്‍ സ്റ്റാറ്റസ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ആധാറുമായി പാന്‍ ലിങ്ക് ചെയ്‌തോ എന്ന് അറിയാന്‍ സാധിക്കും

ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് തെളിഞ്ഞുവരും.

Quick Links ന് കീഴിലുള്ള ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്ത് ആധാറുമായി പാനിനെ ബന്ധിപ്പിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.