സ്വര്‍ണവില കുറഞ്ഞു; 58,000ന് മുകളില്‍ തന്നെ

സ്വര്‍ണവില കുറഞ്ഞു; 58,000ന് മുകളില്‍ തന്നെ

കൊച്ചി: കഴിഞ്ഞ ദിവസം 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 7275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായി സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നതിനും വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്.

58,000ല്‍ താഴെയാണ് സ്വര്‍ണവില എത്തിയത്. എന്നാല്‍ ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തുകയായിരുന്നു.

എന്‍ എന്‍ കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം

എന്‍ എന്‍ കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം

പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തില്‍ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പെട്ടിയില്‍ കള്ളപ്പണമാണെന്ന് സുരേഷ് ബാബു ആവര്‍ത്തിച്ചു. ട്രോളിയില്‍ പരാതിയുമായി മുന്നോട്ടു പോകും. സിപിഎം കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാകും. നിയമപരമായ അന്വേഷണം നടത്തിക്കഴിയുമ്പോഴാണ് കള്ളപ്പണ വിവാദത്തിന്റെ കൃത്യമായ വസ്തുത പുറത്തു വരികയെന്നും സുരേഷ് ബാബു പറഞ്ഞു.

കള്ളപ്പണം വന്നു എന്നത് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തു വിട്ടതാണ്. തെളിവു സഹിതം വരുന്ന ചില വസ്തുതകള്‍ പൂര്‍ണമായും, കള്ളപ്പണം കൊണ്ടുവന്നു എന്നു തെളിയിക്കപ്പെടുന്ന നിലയിലേക്കാണ് എത്തുന്നത്. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതില്‍ ഒട്ടേറെ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ആദ്യം കയറിയത് ഷാഫിയുടെ കാറിലാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഷാഫിയുമായി സംസാരിക്കാനായിട്ടാണ് ആ കാറില്‍ കയറിയതെന്നും പറഞ്ഞതായിട്ടാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നാല്‍ ഷാഫി ആ കാറിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഫിയുമായിട്ടാണോ, അദ്ദേഹത്തിന്റെ സ്റ്റാഫുമായിട്ടാണോ സംസാരിച്ചതെന്ന് രാഹുല്‍ വ്യക്തമാക്കണം. പ്രധാനപ്പെട്ട വിരോധാഭാസം എന്തെന്നാല്‍ കെപിഎം ഹോട്ടലില്‍ നിന്നും 10 മീറ്റര്‍ പോലും ദൂരമില്ല പ്രസ് ക്ലബ്ബിന്റെ അടുത്തേക്ക്. പ്രസ് ക്ലബിന്റെ മതിലിനോട് ചേര്‍ന്നാണ് ഹോട്ടലിന്റെ മതില്‍. പ്രസ് ക്ലബിന്റെ മുന്നില്‍ വരെ ഒരു കാറില്‍. അതു കഴിഞ്ഞ് രാഹുല്‍ സ്വന്തം കാറില്‍ 700 മീറ്റര്‍ അകലെ കെ ആര്‍ ടവറിന് മുന്നിലെത്തി. സാധാരണ ഗതിയില്‍ അധോലോക സിനിമകളിലാണ് കാറുകളില്‍ മാറിമാറിക്കയറുന്നത് നമ്മളെല്ലാം കാണുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു.

അധോലോക സംഘങ്ങളുടെ രീതി സാധാരണ നമ്മുടെയൊന്നും അനുഭവത്തില്‍ കണ്ടിട്ടില്ല. ഇതെല്ലാം എന്തോ ബോധപൂര്‍വം മറച്ചു പിടിക്കാനുള്ള സംഗതിയാണ്. ഒരു ഘട്ടത്തിലും ഒരു കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ആണെന്ന് പറഞ്ഞിട്ടില്ല. ഇത്രയെല്ലാം പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍, കോഴിക്കോട്ടേക്കുള്ള സഞ്ചാരമധ്യേ കാറിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹമാധ്യമത്തിലൂടെ ലൈവിന് വരാതിരുന്നതെന്തുകൊണ്ടാണ്?. കാറില്‍ ഇന്ന ആളുകളുണ്ട്, ബാഗേജില്‍ ഇന്നതൊക്കെയാണ് എന്നെല്ലാം പറയാമായിരുന്നു. എന്തിനാണ് ഒളിക്കുന്നത്. സത്യസന്ധമായി പറയാമായിരുന്നില്ലേയെന്ന് ഇ എന്‍ സുരേഷ് ബാബു ചോദിച്ചു.

‘പ്രതിക്ക് സ്വഭാവിക മനുഷ്യാവകാശം നൽകാം’; പിപി ദിവ്യയുടെ ജാമ്യ ഉത്തരവ്

‘പ്രതിക്ക് സ്വഭാവിക മനുഷ്യാവകാശം നൽകാം’; പിപി ദിവ്യയുടെ ജാമ്യ ഉത്തരവ്

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.

ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറയുന്നു. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തിയില്ല. ജാമ്യാപേക്ഷയിൽ വിഷയം പരിഗണിക്കേണ്ടതില്ല. അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടതെന്ന് കോടതി പറയുന്നു. സാഹചര്യങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, 2 ആൾ ജാമ്യം എന്നിവയും ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, പാസ്പോർട്ട് സമർപ്പിക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥയിൽ ഉൾപ്പെടുന്നത്.

കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. യാത്രയയപ്പ് യോഗത്തിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാ​ഗം കോടതിയിൽ സമ്മതിച്ചിരുന്നു.

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാല്‍ അറിയിച്ചു.

നേരത്തെ, സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ തീവ്രമഴ

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ തീവ്രമഴ

തിരുവനന്തപുരം: തുലാവര്‍ഷം ശക്തമാകുന്നുവെന്ന സൂചന നല്‍കി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകള്‍ക്കൊപ്പം ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടര്‍ന്ന് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും രാഹുല്‍ഗാന്ധിയുടെ കത്ത്

ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും രാഹുല്‍ഗാന്ധിയുടെ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് കത്ത്.

ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നതെന്ന് ഡോണള്‍ഡ് ട്രംപിനയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകും എന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു.

ആവേശകരമായ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തില്‍ കമല ഹാരിസിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു അവര്‍ക്കുള്ള കത്ത്. ഐക്യത്തിനായുള്ള കമലഹാരിസിന്റെ സന്ദേശം അനേകര്‍ക്ക് പ്രചോദനം ആകുമെന്നും രാഹുല്‍ഗാന്ധി കുറിച്ചു. ബൈഡന്‍ ഭരണത്തിന് കീഴില്‍ ഇന്ത്യയും യുഎസും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധത മ്മുടെ സൗഹൃദത്തെ മുന്നോട്ട് നയിക്കുന്നത് തുടരും – രാഹുല്‍ കുറിച്ചു.