വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് ശക്തമായ രണ്ട് ഭൂചലനങ്ങൾ സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ചാണ് ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അൽതാമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്തായിരുന്നു ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. ഭൂചലനത്തിന് പിന്നാലെ വെനിസ്വേല, അരൂബ, ബോണയർ, കുറകാവോ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സുനാമി തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

മെക്‌സിക്കോ സിറ്റി: ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് നോക്കൗട്ടില്‍. ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്നത്.

തപെലോ മാസെക്കോയാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിജയഗോള്‍ നേടിയത്. 2010ല്‍ ആതിഥേയത്വം വഹിച്ച ശേഷം വീണ്ടും ഇത്തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് എത്തുന്നത്. ആദ്യമത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നായിരുന്നു കണക്ക്കൂട്ടല്‍. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ചെക്കിനെ സമനിലയില്‍ തളയ്ക്കുകയും കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് നോക്കൗട്ട് പ്രവേശം.

ദക്ഷിണ കൊറിയന്‍ കോച്ച് ഹോങ് മ്യുങ് ബോ ക്യാപ്റ്റന്‍ സണ്‍ ഹ്യൂങ്-മിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനം ആരാാധകരെ ഞെട്ടിക്കുന്നതായിരുന്നു. ദക്ഷിണ കൊറിയ തുടക്കം മുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒത്തിണക്കത്തോടെയും ആത്മവിശ്വാസത്തോടെയു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൊറിയന്‍ വല വീണ്ടും വീണ്ടും കുലുങ്ങുമായിരുന്നു.

ആതിഥേയരായ മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ് എ ചാംപ്യന്‍മാരായി നോക്കൗട്ടില്‍ എത്തി. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മെക്‌സിക്കോയുടെ നോക്കൗട്ട് പ്രവേശനം. നോക്കൗട്ടില്‍ എത്താന്‍ തെക്കന്‍ കൊറിയ ഇനിയും കാത്തിരിക്കണം. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കൊറിയക്ക് നോക്കൗട്ടില്‍ എത്താന്‍ കഴിയുകയുള്ളു.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ്

മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല.

കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്.

വന്‍തുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. 10,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന പൈതൃകമന്ദിരമായ ക്ലിഫ് ഹൗസില്‍ 73 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് 2 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നു പ്രസംഗിച്ചിരുന്നു.

ക്ലിഫ് ഹൗസിലെ വീട്ടുപകരണങ്ങളും നീന്തല്‍ക്കുളങ്ങളും എല്ലാം മികച്ച നിലവാരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം പരിപാലിക്കുന്നത് ടൂറിസം വകുപ്പാണ്. നന്ദന്‍കോട് 6 ഏക്കര്‍ 25 സെന്റിലാണ് ക്ലിഫ് ഹൗസ്.

‘സൗഹൃദ’ വനിതാ കാർഷിക കൂട്ടായ്മ ഓണക്കാല ചെണ്ടുമല്ലി-പച്ചക്കറി കൃഷിയാരംഭിച്ചു

‘സൗഹൃദ’ വനിതാ കാർഷിക കൂട്ടായ്മ ഓണക്കാല ചെണ്ടുമല്ലി-പച്ചക്കറി കൃഷിയാരംഭിച്ചു

കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനിലെ വനിതാ കാർഷിക കൂട്ടായ്മ ഈ വർഷം ഓണത്തിന് വിളവെടുപ്പിനായി ജമന്തി തൈകളും വെണ്ട, പയർ, മുളക്, തക്കാളി, വെള്ളരി, വഴുതന മുതലായ പച്ചക്കറികളും തരിശ് ഭൂമിയിൽ നട്ടു കൃഷി ആരംഭിച്ചു.

പ്രദേശത്തെ 300 വീടുകളിൽ തന്നെ വിപണി കണ്ടെത്തുവനാണ് ഈ വനിതാ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ചെണ്ടുമല്ലി കൃഷി മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. കുഞ്ഞുമോൾ ഉത്ഘാടനം ചെയ്തു. പച്ചക്കറി കൃഷിയുടെ ഉത്ഘാടനം വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാജീവ്‌ നിർവ്വഹിച്ചു.

വർക്കല ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ എം. നസീമ ബീവി, മണമ്പൂർ കൃഷി ഓഫീസർ, അപർണ, കെ ടി സി ടി സെക്രട്ടറി എ. എം. എ റഹീം എന്നിവർ ആശംസകൾ അർപ്പിച്ചു. സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള, വനിതാ കർഷകവേദി പ്രസിഡന്റ്‌ ലിജി സജീവ്, സെക്രട്ടറി ഹസീന നജീം എന്നിവർ സംസാരിച്ചു. വർക്കല ബ്ലോക്കിലെയും മണമ്പുർ പഞ്ചായത്തിലെയും വികസന ഉദ്യോഗസ്ഥർസ്ഥലം സന്ദർശിച്ച് വനിതാ കർഷകരുടെ കൃഷിയ്ക്കു വേണ്ട നിർദേശങ്ങൾ നൽകി.

ഹൈക്കോടതി റദ്ദാക്കിയ സത്യപ്രതിജ്ഞ വീണ്ടും; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ചുമതലയേറ്റു

ഹൈക്കോടതി റദ്ദാക്കിയ സത്യപ്രതിജ്ഞ വീണ്ടും; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ചുമതലയേറ്റു

തിരുവനന്തപുരം: ചട്ടലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതി അസാധുവാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ വീണ്ടും നടന്നു. റദ്ദാക്കപ്പെട്ട 20 പേരിൽ 19 കൗൺസിലർമാരാണ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. വൈകിട്ട് 4.30ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. നേരത്തെ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം ചടങ്ങിനെതിരെ എൽഡിഎഫ് പരാതി നൽകി. നിയമവിരുദ്ധമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് പരാതി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. മറ്റ് ജനപ്രതിനിധികളെ അറിയിക്കാതെയാണ് ചടങ്ങ് നടത്തിയതെന്നും ചട്ടവിരുദ്ധമായ നടപടിയാണെന്നും പരാതിയിൽ ആരോപിച്ചു.

ദൈവനാമത്തിലോ സഗൗരവത്തിലോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥ ലംഘിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയതും എസ് പി ദീപക് തന്നെയായിരുന്നു.