പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങള്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍(www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്.

കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28 വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ്ജ്യോതി നാഥ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും അപേക്ഷകള്‍ ഇക്കാലയളവില്‍ സമര്‍പ്പിക്കാം.

voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന്, എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതിയില്‍ അപേക്ഷ പരിശോധിക്കുകയും അര്‍ഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. 2025 ജനുവരി ആറിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

2024ലെ ഭരണഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ജില്ല പത്തനംതിട്ട

2024ലെ ഭരണഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ജില്ല പത്തനംതിട്ട

തിരുവനന്തപുരം: ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതിവകുപ്പാണ്. മികച്ച ജില്ല പത്തനംതിട്ട ജില്ലയാണ്.

ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്‌ക്കാരം ക്ലാസ് I വിഭാഗത്തില്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ കെകെ.സുബൈര്‍ അര്‍ഹനായി. ക്ലാസ് II വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ഹോമിയോപ്പതി) സീനിയര്‍ സൂപ്രണ്ടായ വിദ്യ പി.കെ, ജഗദീശന്‍ സി. (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, സബ് റീജിയണല്‍ സ്റ്റോര്‍, പടിഞ്ഞാറത്തറ, കെഎസ്ഇബി ലിമിറ്റഡ്, വയനാട് എന്നിവരും, ക്ലാസ് III വിഭാഗത്തില്‍ കോഴിക്കോട് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ കണ്ണന്‍ എസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ പി.ബി.സിന്ധു എന്നിവരും,

ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫര്‍) വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ യു.ഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എല്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ്.ആര്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി.

ഗ്രന്ഥരചനാ പുരസ്‌കാരത്തിന് കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ആയ ഡോ. സീമാജെറോം അര്‍ഹയായി. നവംബര്‍ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന മലയാള ദിന-ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ദിവ്യ ‘അഴി’ക്കുള്ളില്‍; 14 ദിവസം റിമാന്‍ഡില്‍

ദിവ്യ ‘അഴി’ക്കുള്ളില്‍; 14 ദിവസം റിമാന്‍ഡില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ ഹാജാരാക്കിയത്. ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്.

കണ്ണപുരത്തുവച്ചാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എഡിഎം നവീന്‍ ബാബു മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്. അതേസമയം, പൊലീസിനും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്ത് വച്ച് ദിവ്യ കീഴടങ്ങിയതെന്നാണ് വിവരം. ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മിഷണര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തില്‍ കസ്റ്റഡിയിലെടുത്തത് ഇത് കാരണമാണ്. ഓപ്പറേഷന്‍ മുഴുവന്‍ പൂര്‍ത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും കമ്മിഷണര്‍ പറഞ്ഞു.

കോടതി ഉത്തരവില്‍ പൊലീസിനെ പല തവണ അഭിനന്ദിച്ചിട്ടുണ്ട്. ഇക്കാര്യം വായിച്ചു നോക്കൂവെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ യോഗം ചേരുകയും ചെയ്തിരുന്നു.

അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും നേരത്തെ മഞ്ജുഷ പ്രതികരിച്ചിരുന്നു. ഇതിനിടെയായിരുന്നു ദിവ്യയുടെ കീഴടങ്ങല്‍.

15,465 ഒഴിവുകൾ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നവംബര്‍ 20 വരെ അപേക്ഷിക്കാം

15,465 ഒഴിവുകൾ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നവംബര്‍ 20 വരെ അപേക്ഷിക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നില്‍ ജോലി ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വിവിധ തസ്തികകളിലായി 15,465 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. വെബ്‌സൈറ്റ്: FCI.gov.in.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബര്‍ 20. പരീക്ഷ ഡിസംബറില്‍, ഫലപ്രഖ്യാപനം ജനുവരിയില്‍ നടക്കും.

തസ്തികകള്‍, വയസ്

ജൂനിയര്‍ എന്‍ജിനീയര്‍ (ജെ.ഇ): 1828
അസിസ്റ്റന്റ് ഗ്രേഡ്II: 18- 27
ടൈപ്പിസ്റ്റ് (ഹിന്ദി): 18-25
സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവ് ലഭിക്കും. വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത താഴെ പറയുന്നു:
ജൂനിയര്‍ എന്‍ജിനീയര്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്.

അസിസ്റ്റന്റ് ഗ്രേഡ്1:

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം.

ടൈപ്പിസ്റ്റ് (ഹിന്ദി):

ഹിന്ദി ടൈപ്പിങ്ങില്‍ പ്രാവീണ്യവും ബിരുദാനന്തര ബിരുദവും.

ഒഴിവുകള്‍

നോര്‍ത്ത് സോണ്‍: പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവസരങ്ങളുള്ള ഈ മേഖലയിലാണ് കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്.

ഈസ്റ്റ് സോണ്‍: പശ്ചിമ ബംഗാള്‍, ഒഡിഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ മേഖലയ്ക്ക് കീഴിലാണ്.

വെസ്റ്റ് സോണ്‍: മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു.
സൗത്ത് സോണ്‍: കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഈ സോണിന് കീഴില്‍ ലിസ്റ്റ് ചെയ്ത ഒഴിവുകള്‍ ഉണ്ട്.
വടക്ക്കിഴക്കന്‍ മേഖല: അസം, മണിപ്പൂര്‍, ത്രിപുര എന്നിവ ഈ മേഖലയ്ക്ക് കീഴിലാണ്.

അപേക്ഷ ഫീസ്: ജനറല്‍/ഒ.ബി.സി: 500 രൂപ.എസ്.സി, എസ്.ടി , വിമുക്തഭടന്‍ വിഭാഗക്കാര്‍ക്ക് ഫീസില്ല. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയുണ്ടാകും.

പാലസ് റോഡിലെ പുതിയ കലുങ്ക് നിർമ്മാണം ഇന്ന് ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

പാലസ് റോഡിലെ പുതിയ കലുങ്ക് നിർമ്മാണം ഇന്ന് ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

ആറ്റിങ്ങൽ: പാലസ് റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം ആകുന്നു, പുതിയ കലുങ്ക് നിർമ്മാണം ബുധനാഴ്ച ആരംഭിക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ കലുങ്ക് ഇടിഞ്ഞതാണ് ഇവിടെ പ്രശ്നം സൃഷ്ടിച്ചത്. ഓടയിൽനിന്നുള്ള മലിനജലം ഒഴുകി പോകാതെ റോഡിലൊഴുകാൻ ഇവിടെ മലിനജല കെട്ട് രൂപപ്പെടാനും കാരണമായി.

മഴ ശക്തമായപ്പോഴാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പാലസ് റോഡിൽ വെള്ളം കെട്ടാൻ തുടങ്ങിയത്. വെള്ളം ഒഴുകിപ്പോകാതെ വന്നതോടെ നഗരസഭാധികൃതർ ഓടയുടെ മൂടിയിളക്കി പരിശോധന നടത്തിയപ്പോൾ കലുങ്ക് അടഞ്ഞതായി കണ്ടെത്തി. റോഡിന്റെ വടക്ക് വശത്തുള്ള ഓടയിൽനിന്നുള്ള വെള്ളം കലുങ്കുവഴി മറുവശത്തേക്ക് കടത്തിവിട്ട് പാർവതീപുരം ഗ്രാമത്തിലൂടെയുള്ള ഓടയിലേക്കാണൊഴുക്കി വിട്ടിരുന്നത്.

കലുങ്ക് തുറക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കല്ലുകൾ ഇടിഞ്ഞുവീണ് പൂർണമായും തകർന്ന നിലയിലായിരുന്നു. കലുങ്ക് ഇടിഞ്ഞ് അടഞ്ഞതോടെ ഓടയിൽ വെള്ളം നിറഞ്ഞ് റോഡിലേക്കൊഴുകി കെട്ടിക്കിടക്കാൻ തുടങ്ങി. മലിനജലമായതിനാൽ പ്രദേശമാകെ ദുർഗന്ധവും നിറഞ്ഞു. യാത്രക്കാർക്കും വ്യാപാരികൾക്കും ഇത് വലിയ പ്രയാസമുണ്ടാക്കി. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം എല്ലാദിവസവും നഗരസഭയുടെ വാഹനം ഉപയോഗിച്ച് പമ്പ് ചെയ്ത് മാറ്റിയാണ് ബുദ്ധിമുട്ട് ഒഴിവാക്കിയിരുന്നത്.

ഒ.എസ്.അംബിക എം.എൽ.എ. ഇടപെട്ടതിനെത്തുടർന്ന് ഇവിടെ കലുങ്ക് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചു. ടെണ്ടർ ഏറ്റെടുക്കുവാൻ കരാറുകാർ താൽപര്യം കാട്ടിയില്ല. പണികൾ തുടങ്ങാതിരുന്നത് പ്രതിഷേധങ്ങൾക്കിടയാക്കി. തുടർച്ചയായ മഴയിൽ മാലിന്യ പ്രശ്നം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പൊളിഞ്ഞ കലുങ്കിന് സമീപം പുതിയ കലുങ്ക് നിർമിക്കാനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

കലുങ്ക് നിർമാണത്തിനായി 30 മുതൽ നവംബർ 14 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിഴക്കേ നാലുമുക്കിൽനിന്നു പാലസ് റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണമായും തടയും. ചിറയിൻകീഴ്, മണനാക്ക് ഭാഗങ്ങളിൽനിന്ന് വന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ കച്ചേരിജങ്ഷനിൽ തിരിഞ്ഞ് പോകണം. ഈ ഭാഗത്തേക്ക് തിരിച്ചു പോകുന്ന വാഹനങ്ങളും ഇതേ വഴിയിലൂടെ പോകണം. ചിറയിൻകീഴ്, മണനാക്ക് ഭാഗങ്ങളിൽനിന്നു വരുന്ന സ്വകാര്യബസുകൾക്ക് പാലസ് റോഡുവഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും തിരിച്ചുപോകുന്നതിനും തടസ്സമുണ്ടാകില്ല.

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ഓട്ടമത്സരത്തിൽ മികവാർന്ന വിജയം നേടി അനന്ദു സുകു

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ഓട്ടമത്സരത്തിൽ മികവാർന്ന വിജയം നേടി അനന്ദു സുകു

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 200 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനവും, 400 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാദമിയിലെ അനന്ദു സുകു. ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയാണ്.