99ല്‍ പുറത്ത്, പന്തിന് സെഞ്ച്വറി നഷ്ടം; സര്‍ഫറാസും മടങ്ങി; ഇന്ത്യ പൊരുതുന്നു

99ല്‍ പുറത്ത്, പന്തിന് സെഞ്ച്വറി നഷ്ടം; സര്‍ഫറാസും മടങ്ങി; ഇന്ത്യ പൊരുതുന്നു

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സ്‌കോര്‍ 400 കടത്തി ഇന്ത്യ. ഇതോടെ ലീഡ് ഇന്ത്യക്കായി. മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്‌സിലുണ്ടായിരുന്നത്.

നിലവില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് എന്ന നിലയില്‍. ഇന്ത്യക്ക് 82 റണ്‍സ് ലീഡ്. 12 റണ്‍സുമായി കെഎല്‍ രാഹുലും 4 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി തികച്ചു.

മഴ മാറി കളി പുനരാരംഭിച്ച ശേഷം സര്‍ഫറാസ് 150 റണ്‍സിലെത്തി. പിന്നാലെ താരം മടങ്ങി. 195 പന്തുകള്‍ നേരിട്ട് 18 ഫോറും 3 സിക്‌സും സഹിതമാണ് താരം കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി മടങ്ങിയത്.

ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്‌സ്, ടിം സൗത്തി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. വിരാട് കോഹ്‌ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. യശസ്വി ജയ്‌സ്വാളും (35) മികച്ച രീതിയില്‍ തന്നെ തുടങ്ങി. എന്നാല്‍ ഇന്നിങ്‌സ് അധികം നീണ്ടില്ല.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്‌സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 46 റണ്‍സിനു പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

21 ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ രാവിലെ 05.30 മുതല്‍ 21/10/2024 രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

കമ്പ്യൂട്ടറുകളെ വിശ്വസിക്കരുത്; ഇവിഎം വേണ്ട: ബാലറ്റ് പേപ്പർ മതിയെന്ന് മസ്ക്

കമ്പ്യൂട്ടറുകളെ വിശ്വസിക്കരുത്; ഇവിഎം വേണ്ട: ബാലറ്റ് പേപ്പർ മതിയെന്ന് മസ്ക്

ന്യൂയോർക്ക്: കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് ടെസ്‌ല, എക്സ് സിഇഒ ഇലോൺ മസ്ക്. വരുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും മസ്ക് പറയുന്നു. എന്‍റെ നിരീക്ഷണത്തിൽ ബാലറ്റ് പേപ്പറുകൾ കൈകൾ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുകയാണ്. കമ്പ്യൂട്ടറുകളെ കുറിച്ച് ധാരാളം കാര്യങ്ങൾ എനിക്കറിയാം. അതു കൊണ്ടു തന്നെ ഞാൻ കമ്പ്യൂട്ടറുകളെ വിശ്വസിക്കുന്നില്ലെന്നാണ് യുഎസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനു വേണ്ടി വൻ തോതിൽ പണം ഇറക്കുന്ന മസ്കിന്‍റെ അഭിപ്രായം.

ഞാൻ ഒരു സാങ്കേതിക വിദഗ്ധനാണ്. എനിക്ക് കമ്പ്യൂട്ടറുകളെ കുറിച്ചറിയാം. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഹാക്ക് ചെയ്യുക എന്നത് വളരെ എളുപ്പമാണ്.

ഒരു വരി കോഡ് ഉൾപ്പെടുത്തിയാൽ മതിയാകും. എന്നാൽ പേപ്പർ ബാലറ്റുകൾ അത്തരത്തിൽ ഹാക്ക് ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും മസ്ക്. ഇതാദ്യമായല്ല മസ്ക് ഇവിഎമ്മിനെതിരേ അഭിപ്രായം പറയുന്നത്.

ബൈക്ക് റോഡ‍ിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്ക് റോഡ‍ിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം: തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്.

രണ്ട് ദിവസം മുന്‍പ് പുതുതായി വാങ്ങിച്ച വാഹനത്തില്‍ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം.

പ്ലംബിങ് തൊഴിലാളികളായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് നാട്ടുകാര്‍ സംശയം പറയുന്നത്. സംഭവ സ്ഥലത്ത് മൂന്നു ജോഡി ചെരുപ്പും, മറ്റൊരു വാഹനത്തിന്റേത് എന്ന് സംശയിക്കുന്ന ഒരു ഫൂട്ട് റെസ്റ്റും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടുപേരുടെയും സംസ്‌കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം കഴിയുന്നത് 20,000 കോടിയുടെ കൊട്ടാരത്തില്‍

ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം കഴിയുന്നത് 20,000 കോടിയുടെ കൊട്ടാരത്തില്‍

മുംബൈ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ വീടായ അന്റിലിയയെക്കാളും മൂല്യമുള്ള വലിയ കൊട്ടാരത്തില്‍ കഴിയുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്ററുണ്ട് നമുക്ക്. അധികമാര്‍ക്കും ആ മനുഷ്യനെ ഇന്ന് അറിയാനിടയില്ല, പ്രത്യേകിച്ചും എത്ര സ്വത്തുണ്ടെന്നതെങ്കിലും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാത്ത ആ ക്രിക്കറ്റര്‍ ആഭ്യന്തരക്രിക്കറ്റില്‍ ഒരു കാലത്ത് സജീവമായിരുന്നു. സൂചിപ്പിക്കുന്നത് ബറോഡ മഹാരാജാവായി 2012ല്‍ കിരീടമണിഞ്ഞ സാക്ഷാല്‍ സമര്‍ജിത് സിന്‍ഹ് രഞ്ജിത്ത് സിന്‍ഹ് ഗെയ്ക് വാദിനെക്കുറിച്ച് തന്നെ.

ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വസതിയായ ലക്ഷ്മി വിലാസ് എന്ന കൊട്ടാരത്തിന് മാത്രം നിലവില്‍ 20,000 കോടിയോളമാണ് മൂല്യമെന്നാണ് പറയപ്പെടുന്നത്. വഡോദരയിലെ ഗെയ്ക്‌വാദ് രാജകുടുംബാംഗം. ഇന്നത്തെ വഡോദരയായ പണ്ടത്തെ ബറോഡ ഭരിച്ചിരുന്ന ഗെയ്ക്‌വാദ് രാജകുടുംബത്തിലെ രഞ്ജിത്സിന്‍ഹ് പ്രതാപസിന്‍ഹിന്റെയും ശുഭാംഗിണിരാജയുടെയും ഏകമകനായി 1967ല്‍ ആയിരുന്നു സമര്‍ജിത്തിന്റെ ജനനം. വാങ്കനീര്‍ രാജകുടുംബാംഗമായ രാധികരാജെയെയാണ് സമര്‍ജിത്സിംഗ് വിവാഹം കഴിച്ചത്.

സ്‌കൂള്‍ പഠനകാലത്തെ എല്ലാ കായിക ഇനങ്ങളോടും അടങ്ങാത്ത പ്രണയം സൂക്ഷിച്ച ഒരു മനുഷ്യനായിരുന്നു സമലര്‍ജിത്ത് സിന്‍ഹ്. ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്ബോളിലും ഒരുകൈനോക്കിയ ആ മനുഷ്യന്‍ കൈവെക്കാത്ത കായിക ഇനങ്ങള്‍ കുറവായിരുന്നു. രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കായി അദ്ദേഹം കളിച്ചു. 1987-89 സീസണില്‍ ബറോഡയുടെ മിന്നും താരമായിരുന്നു.

1880 കളില്‍ മഹാരാജ സായാജിറാവു ഗെയ്ക്വാദാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ബ്രിട്ടന്‍ രാജകുടംുബത്തിന്റെ കൊട്ടാരമായ ബക്കിംഗ്ഹാമിനേത്താള്‍ നാലിരട്ടി വലിപ്പമുണ്ട് ഇതിന്. 700 ഏക്കറോളം സ്ഥലത്താണ് ലക്ഷ്മി വിലാസ് വ്യാപിച്ചുകിടക്കുന്നത്. ആകെ 170 മുറികളുള്ള കൊട്ടാരത്തിലെ ഇന്റീരിയല്‍ വര്‍ക്കുകളെല്ലാം ആരേയും ആകര്‍ഷിക്കുന്നതാണ്. കൊട്ടാരത്തില്‍നിന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ രാജകുടുംബത്തിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനായി് പണ്ട് റെയില്‍പാതയും നിര്‍മിച്ചിരുന്നു.

സര്‍ജിത്തിന്റെ രാജകുടുംബാംഗങ്ങളുടെ പക്കല്‍ 1934 മോഡല്‍ റോള്‍സ് റോയ്‌സ്, 1937ലെ റോള്‍സ് റോയ്‌സ് ഫാന്റം III, 1948 മോഡല്‍ ബെന്റ്‌ലി മാര്‍ക്ക് വിടി തുടങ്ങിയ അനേകം അത്യപൂര്‍വ വാഹനങ്ങളുമുണ്ട്. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വിവിധ ബിസിനസ് സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ കോടിക്കണത്ിന് സ്വത്തുക്കളുടെ ഉടമകളാണ് സമര്‍ജിത്ത് സിങ്ങും ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും.

എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍

എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് എംഡിഎംഎ വാങ്ങിയത്.