കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഇടയിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി. നിയന്ത്രണം വിട്ട് മറിഞ്ഞു. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ പുറത്തേക്കാണ് മരിച്ചത്. മൂന്നു പേർ അപകടത്തിൽ മരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഒരു വിദ്യാർത്ഥിയും രണ്ട് മുതിർന്നവരുമാണ് മരിച്ചതെന്നാണ് വിവരമെന്ന് എസ്പി അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ നാലു പേർ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ​ഗുരുതരമാണെന്നാണ് സൂചന. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കോളി മുക്കിൽ രാവിലെ 7.15 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ അടക്കം 12 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

പുറമെ തകർന്ന ബസ് സ്റ്റോപ്പിന്റെ അവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു. മരിച്ച ഒരാൽ നീലേശ്വരം സ്വദേശി ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മണ്ണ് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. കെഎസ്ഇബി അധികൃതരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് ‘താമസ വിലക്ക്’, കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് ‘താമസ വിലക്ക്’, കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുന്നതിന് പുതുക്കിയ നിര്‍ദേശങ്ങളുമായി കുവൈത്ത് മുന്‍സിപ്പാലിറ്റി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇത്തരം നിയമലംഘനങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് മുന്‍സിപ്പാലിറ്റി ലക്ഷ്യമിടുന്നത്.

സ്വദേശി പാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍മാരുടെ താമസം കുവൈത്തി സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ക്യാപിറ്റല്‍, ജഹ്റ ഗവര്‍ണറേറ്റ് മേഖലകളിലെ മുന്‍സിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നിസാര്‍ അല്‍ അവ്വാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സമിതി യോഗത്തിലാണ് ഈ തീരുമാനം. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ഫലപ്രദമായി തടയുന്നതിനും ഇത് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള കൃത്യമായ ഒരു പ്രവര്‍ത്തന രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇത്തരം മേഖലകളില്‍ കുടുംബമായി അല്ലാതെ മറ്റുള്ളവര്‍ താമസിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ഉടനടി തുടര്‍നടപടികള്‍ സ്വീകരിക്കും.

അഞ്ജു എത്തിയത് ഡ്രൈവിങ് പഠിക്കാൻ, സ്വർണ്ണാഭരണങ്ങൾ കത്തിയെരിഞ്ഞു

അഞ്ജു എത്തിയത് ഡ്രൈവിങ് പഠിക്കാൻ, സ്വർണ്ണാഭരണങ്ങൾ കത്തിയെരിഞ്ഞു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം ടൂറിസം വകുപ്പ് അധികൃതർ താൽക്കാലികമായി പൂർണ്ണമായി നിർത്തിവെച്ചു. പൈതൽമലയ്ക്ക് സമീപമുള്ള മഞ്ഞപ്പുല്ലിൽ വെച്ച് വിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് ദാരുണമായി മരണമടഞ്ഞ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൈതൽമലയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ പൈതൽമല മഞ്ഞപ്പുല്ലിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പേരാവൂർ കോളയാട് സ്വദേശിനിയും പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യു (31) ആണ് മരണമടഞ്ഞത്. അപകടത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സതീശനും ഗുരുതരമായി പരിക്കേറ്റു. മലയോര മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് പൈതൽമലയിലേക്കുള്ള ട്രക്കിങ്ങും സന്ദർശനവും പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനം ദുർഘടമാക്കി കനത്ത മഴ; കത്തിയെരിഞ്ഞ് സ്വർണ്ണാഭരണങ്ങൾ

പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പഠിക്കാനായി ഭർത്താവിനൊപ്പം കാപ്പിമലയിൽ എത്തിയതായിരുന്നു അഞ്ജു. തുടർന്ന് സ്കൂട്ടർ അവിടെ വെച്ച ശേഷം ഇവർ നടന്ന് മലകയറുകയായിരുന്നു. സന്ദർശന സമയം കഴിഞ്ഞിട്ടും മലമുകളിൽ തുടർന്ന ഇവരെ തിരികെ അയക്കാനായി എത്തിയതായിരുന്നു ഫോറസ്റ്റ് വാച്ചർ സതീശൻ. ഇതിനിടയിലാണ് ഇവർക്ക് നേരെ ശക്തമായ ഇടിമിന്നലുണ്ടായത്.സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്ന അഞ്ജുവിനാണ് മിന്നലിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത്. മിന്നലേറ്റ ആഘാതത്തിൽ കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാലയും ദേഹത്തുണ്ടായിരുന്ന മറ്റ് ആഭരണങ്ങളും കത്തിയെരിഞ്ഞ നിലയിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദുർഘടമായ വഴിയും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കിലോമീറ്ററുകളോളം ചുമന്ന് താഴെയെത്തിച്ച് രണ്ടര മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. അഞ്ജുവിനെയും സോനുവിനെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജുവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ വാച്ചർ സതീശൻ ആലക്കോട്ടെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

കോഴിക്കോട്: നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരികരിച്ചു. രോഗം ഭേദമായ കുട്ടി ആശുപത്രി വിടുകയും ചെയ്തു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരില്‍ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോടാണ്. ജൂണില്‍ മാത്രം നാല്‍പതിലേറെ കേസുകള്‍ കോഴിക്കോട് സ്ഥിരീകരിച്ചു.

ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം.

രോഗം ഗുരുതരമാകുന്നത് മരണ കാരണമാകാം. ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോള്‍ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ളവര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിര്‍ത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ

ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ

കൊച്ചി: കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ജവാന്‍ റം വൈകാതെ പുത്തന്‍ ലുക്കില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് എത്തും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാന്‍ എത്തുകയെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആവശ്യക്കാര്‍ ഏറെയുള്ള ജവാന്‍ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പിയിലാണ് നിറയ്ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത് പരിഹരിച്ച് ഇനി മുതല്‍ ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍ മദ്യം എത്തിക്കാനാണ് എക്‌സൈസ് വകുപ്പ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ബോട്ടിലിന് നിലവാരമില്ലെന്ന് വന്‍തോതില്‍ പരാതി ഉയര്‍ന്നിരുന്നു. അടപ്പുകളുടെ ഭാഗത്തെ ലീക്കും ജവാന്‍ കുപ്പികളില്‍ സാധാരണ സംഭവമായിരുന്നു. ഐഎസ്ഒ മുദ്രയുള്ള കുപ്പി വഴിയാവണം മദ്യ വില്‍പനയെന്ന എക്‌സൈസ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരം പുതിയ ടെണ്ടര്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍മാതാക്കളോട് ബെവ്‌കോ എംഡി നിര്‍ദേശിച്ചുകഴിഞ്ഞു. വില ഉയര്‍ത്തേണ്ടി വരുമെന്നതിനാല്‍ ചില്ല് കുപ്പിയില്‍ ജവാന്‍ വിപണിയിലെത്തിക്കാന്‍ തല്‍ക്കാലം തീരുമാനമില്ല. ആവശ്യത്തിന് കുപ്പി ലഭിക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ നിര്‍മാണ പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ചെന്നും ബെവ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് 1974ല്‍ സൈനികര്‍ക്ക് മാത്രമായി വികസിപ്പിച്ച ജവാന്‍ പിന്നീട് 2008ല്‍ പൊതുവിപണിയിലിറക്കി. മദ്യം ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ നമ്പര്‍ വണ്‍ ആയി.ജവാന്‍ റം ലീറ്ററും, ഫുള്‍ ബോട്ടിലും വിപണിയിലേക്ക് പഴയമട്ടില്‍ എത്തുന്നുണ്ട്. ബോട്ടില്‍, ലേബല്‍ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ടെണ്ടറില്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ തിരിമറി നടത്തുന്നതായുള്ള പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. സ്വകാര്യ മദ്യ നിര്‍മാണ കമ്പനികളെ സഹായിക്കാന്‍ ബോധപൂര്‍വം ജവാന്‍ റമ്മിന്റെ നിര്‍മാണത്തില്‍ തടസം വരുത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം മുന്‍മന്ത്രി എംബി രാജേഷ് പ്രഖ്യാപിച്ച ‘മിന്നല്‍ മാജിക്ക്’ ബ്രാന്‍ഡിയുടെ ഉല്‍പാദനം വേണമോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ പുതിയ ബ്രാന്‍ഡിന്റെ നിര്‍മ്മാണവുമായി മുന്നോട്ട് പോയത്. ഇതിനായി 17 കോടി രൂപ ചെലവിട്ട് പുതിയ മെഷിനറികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉല്‍പാദനം തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്നാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം.

‘അമ്മ’യില്‍ പ്രതിസന്ധി തുടരുന്നു; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

‘അമ്മ’യില്‍ പ്രതിസന്ധി തുടരുന്നു; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

താരസംഘടനയായ അമ്മയിലെ പോര് തുടരുന്നു. ഭരണസമിതി രാജിവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഡ്‌ഹോക് കമ്മിറ്റിയിലും രാജി. നടി ആശ അരവിന്ദാണ് രാജിവച്ചിരിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് രാജി അറിയിച്ചത്. നടനും എംഎല്‍എയുമായ രമേഷ് പിഷാരടി നയിക്കുന്ന ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായിരുന്നു ആശ അരവിന്ദ്.

നേരത്തെ നടി മല്ലിക സുകുമാരനും അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. മുന്‍ പ്രസിഡന്റ് ശ്വേത മേനോന് പിന്തുണ അറിയിച്ചു കൊണ്ടാണ് മല്ലിക രാജിവച്ചത്. ‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. നിന്നും….സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം…
ശ്വേതയ്‌ക്കൊപ്പം’ എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും മല്ലിക സുകുമാരന്‍ ശ്വേത മേനോനെ പിന്തുണച്ചിരുന്നു. ശ്വേത മേനോന്‍ അല്ല രാജി വെക്കേണ്ടിയിരുന്നത്. ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജി വെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. പിന്നാലെയാണ് മല്ലിക സുകുമാരന്‍ താന്‍ സംഘടനയില്‍ നിന്നു തന്നെ രാജി വച്ചതായി അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആശ അരവിന്ദും രാജി വച്ചിരിക്കുന്നത്.

മുന്‍ മന്ത്രി ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ദേവി ചന്ദന, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കലാവധി. ഇതിനിടെ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിയെ കണ്ടെത്തണം.