മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി, പരിശോധന

മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി, പരിശോധന

ന്യൂഡല്‍ഹി: മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെവിമാനം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നോ, എന്ത് തരം ഭീഷണിയാണ് ഉണ്ടായതെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ട്രിച്ചില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു.

പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

കോഴിക്കോട്: നാടക- സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 13-ാം വയസില്‍ പാടിയ ‘പച്ചപ്പനംതത്തേ…’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

നിരവധി നടകങ്ങളിലും സിനിമകളിലും ഗാനമാലപിച്ച മച്ചാട്ട് വാസന്തി വിപ്ലവ ഗായിക കൂടിയാണ്. പാട്ട് പാടുന്നതിനോടൊപ്പം നിരവധി നാടകങ്ങളിലും വാസന്തി അഭിനയിച്ചിട്ടുണ്ട്. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നെല്ലിക്കോട് ഭാസ്‌കരന്റെ തിളയ്ക്കുന്ന കടല്‍, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന്‍, പി ജെ ആന്റണിയുടെ ഉഴുവുചാല്‍, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്‌സിന്റെ കറുത്ത പെണ്ണിലും തിക്കോടിയന്റെ നിരവധി നാടകങ്ങളിലും വാസന്തി അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ ജോലി നല്‍കി തട്ടിപ്പ്; മണി മ്യൂള്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി പൊലീസ്

ഓണ്‍ലൈന്‍ ജോലി നല്‍കി തട്ടിപ്പ്; മണി മ്യൂള്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്‍കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പൊലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്.

തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും (മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പൊലീസ് പറയുന്നു.

ഡേറ്റാ എന്‍ട്രി ഒഴിവുകളുണ്ടെന്നതടക്കം പരസ്യം നല്‍കി ഓണ്‍ലൈന്‍ ജോലി നല്‍കും. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ പലരും ഇതിന് തയാറാകും.

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത അളവാകുമ്പോള്‍ തട്ടിപ്പുകാര്‍ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഉയര്‍ന്ന കമ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. ‘ജോലി’യുടെ ഭാഗമായി വ്യക്തിഗതരേഖകള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെതന്നെ തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടുള്ളതിനാല്‍ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗിലൂടെ; ഇല്ലെങ്കില്‍ 25 ശതമാനം അധികം തുക

നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗിലൂടെ; ഇല്ലെങ്കില്‍ 25 ശതമാനം അധികം തുക

തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗ് സംവിധാനത്തിലൂടെ. ഫാസ്ടാഗ് ഇല്ലെങ്കില്‍ ഫീസിന്റെ 25 ശതമാനം അധികമായി ഈടാക്കും.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു.

അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷം കവടിയാറില്‍ നിന്ന് വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച് വന്നത്. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മ്യൂസിയം പൊലീസ് സംഭവ സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാന്‍ ബൈജു തയാറായില്ല. ഡോക്ടറടെ പരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയതായും പൊലീസ് പറഞ്ഞു.

വനിതാ ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ; പാകിസ്ഥാനും അവസരം

വനിതാ ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ; പാകിസ്ഥാനും അവസരം

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശന സാധ്യത അസ്തമിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ അവസാന നാലില്‍ കടക്കണമെങ്കില്‍ അയല്‍ക്കാരായ പാകിസ്ഥാന്‍ കനിയേണ്ടതുണ്ട്. ഇന്നു നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ കുറഞ്ഞ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ കടക്കാം.

ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍ രണ്ടു വിജയവും രണ്ടു തോല്‍വിയും അടക്കം നാലു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഓസ്‌ട്രേലിയ സെമിയില്‍ കടന്നത്. ഗ്രൂപ്പ് എയില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും താഴെയാണ് പാകിസ്ഥാന്‍. അതേസമയം മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ പാകിസ്ഥാനും സെമി ഫൈനലില്‍ കടക്കാന്‍ അവസരമുണ്ട്.

ഇന്നു നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 53 റണ്‍സില്‍ കൂടുതല്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയില്‍ കടക്കാം. ആദ്യം ബൗള്‍ ചെയ്യുകയാണെങ്കില്‍ ന്യൂസിലന്‍ഡ് മുന്നോട്ടുവെക്കുന്ന വിജയലക്ഷ്യം 9.1 ഓവറില്‍ മറികടന്നാലും പാകിസ്ഥാന് സെമിയിലെത്താം. കളിയില്‍ പാകിസ്ഥാനെ കീഴടക്കിയാല്‍ ഇന്ത്യയെയും പാകിസ്ഥാനെയും പിന്തള്ളി ന്യൂസിലന്‍ഡ് സെമിയില്‍ കടക്കും.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഫാത്തിമ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നാട്ടിലേക്കു പോയതു കാരണം ഓസ്‌ട്രേലിയക്കെതിരെ ഫാത്തിമ കളിച്ചിരുന്നില്ല. ഗ്രൂപ്പില്‍ ഇപ്പോഴും എല്ലാവര്‍ക്കും സാധ്യത തുറന്നുകിടക്കുകയാണ്. കിവീസിനെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ട്. അതിനാല്‍ പരമാവധി പോരാടുമെന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ മുനീബ അലി പറഞ്ഞു.