‘ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലയ്ക്ക് അടിക്കുന്നു, ആ തല പിണറായി വിജയനാണ്’

‘ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലയ്ക്ക് അടിക്കുന്നു, ആ തല പിണറായി വിജയനാണ്’

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം നല്‍കാന്‍ പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ആലോചിക്കാവുന്ന കാര്യമല്ലേ?. കേരളത്തിലെ ദേശീയമാധ്യമങ്ങളായാലും മറ്റ് മാധ്യമങ്ങളായാലും മുഖ്യമന്ത്രിയുടെ അഭിമുഖം താല്‍പ്പര്യത്തോടെ സ്വീകരിക്കുന്നവരാണ്.

പലമാധ്യമങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രി സമയക്കുറവ് മൂലം കൊടുക്കാത്ത എണ്ണം ഏറെയാണ്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഒരു പി ആര്‍ ഏജന്‍സിയുടെ ആവശ്യം ഇല്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു എന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ചകള്‍. ഇതെല്ലാം ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് വരുന്നതാണ്. യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ട്ണറെപ്പോലെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമായി ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും പിണറായി വിജയന് നേര്‍ക്ക് വലിയ ആക്രമണമാണ് നേരിട്ടിട്ടുള്ളത്. പിണറായിയുടെ തലയ്ക്ക് വരെ ഇനാം പ്രഖ്യാപിച്ചതാണ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ ദിനപ്പത്രത്തില്‍ കൊടുത്തുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പറയാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി തന്നെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സത്യം തെളിഞ്ഞപ്പോള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ തിരുത്തി വാര്‍ത്ത നല്‍കിയോ. ഏതെങ്കിലും മാധ്യമം ഖേദം പ്രകടിപ്പിച്ചോ? പ്രതിപക്ഷത്തിന്റെയും ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടേയും വളരെ അപകടകരമായ രാഷ്ട്രീയ പ്രയോഗത്തെ തുറന്നു കാണിക്കാന്‍ എത്ര മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്.

2021 ല്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം വരുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനോടുള്ള വിശ്വാസവും താല്‍പ്പര്യവും, അദ്ദേഹത്തിന് നല്‍കിയ പിന്തുണയുമാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ അതിന്റെ തലക്ക് അടിക്കുകയാണ്. ആ തല ഇപ്പോള്‍ പിണറായി വിജയന്‍ ആണ്. നാളെ മറ്റൊരാള്‍ വന്നാലും ആ തലയെയും അടിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്രമിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയെന്ന ബോധപൂര്‍വമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

സമീപവാസിയായ സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം; 70 കാരന് കഠിനതടവും പിഴയും

സമീപവാസിയായ സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം; 70 കാരന് കഠിനതടവും പിഴയും

സമീപവാസിയായ സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം കാണിച്ച 70 കാരന് കഠിനതടവും പിഴയും. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി ബിജു കുമാർ സി ആർ ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പറയത്ത് കോണം ദേശത്ത് സുദേവൻ എന്നയാളെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. ഭാര്യ ഉപേക്ഷിച്ചു പോയ പ്രതി ദീർഘനാളായി ഒറ്റയ്ക്കാണ് താമസം. കുട്ടിയെ ട്യൂഷൻ പഠിപ്പിക്കുവാൻ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ട നാൾ മുതൽ അടുപ്പം സൂക്ഷിച്ചുവന്ന പ്രതി അവസരം മുതലാക്കിയാണ് ടിവി കാണുവാനെത്തുന്ന സമയം കുട്ടിയെ ഉപദ്രവിച്ചുവന്നത്. ആദ്യ സമയത്ത് കുട്ടി പിതാവിനോട് ഉപദ്രവം സംബന്ധിച്ച് സൂചിപ്പിച്ചെങ്കിലും പിതാവിന്റെ മരണത്തോടെ വിവരം മറ്റാരും അറിയാത്ത സാഹചര്യത്തിൽ എത്തി. ലൈംഗിക അതിക്രമം സംബന്ധിച്ച് മാതാവിനോട് പറയും എന്നു സൂചിപ്പിച്ച സമയം പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തി വരികയായിരുന്നു. സ്കൂളിൽ കുട്ടി സഹപാഠികളോട് ദേഷ്യം പ്രകടിപ്പിക്കുകയും അക്രമവാസന കാണിച്ചു തുടങ്ങുകയും ചെയ്ത സന്ദർഭത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് അതിക്രമത്തിന് ഇരയായ വിവരം കുട്ടി പറയുന്നത്. തുടർന്നാണ് കുട്ടിയുടെ മൊഴിയിൽ 2019-ൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പോക്സോ നിയമത്തിലെ വ്യത്യസ്ത കുറ്റങ്ങൾക്കായി 13 വർഷം കഠിനതടവും, 1,25,000/- പിഴ തുകയും ശിക്ഷയായി വിധിച്ച കോടതി, പ്രതി പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപ അതിക്രമത്തിനിതയായ കുട്ടിക്ക് നൽകണമെന്നും, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കുട്ടിക്ക് മതിയായ കൗൺസിലിംഗ് നൽകണമെന്ന് കോടതി ഉത്തരവിലൂടെ നിർദ്ദേശിച്ചു.

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് വിഎസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന രാഹുൽ രവീന്ദ്രൻ, സജീഷ് എച്ച് എൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം മുഹ്സിൻ ഹാജരായി.

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തിൽ നടക്കുക. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ ഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ, രാജ്ഘട്ടിലെത്തി ആദരം അർപ്പിക്കും.രാജ്ഘട്ടിലും, ഗാന്ധി സ്മൃതിയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും.

ഗാന്ധിജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എല്ലാം പത്യേക ആഘോഷങ്ങളും നടക്കും. സത്യഗ്രഹം സമരമാർഗമാക്കി. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ചു. ഗാന്ധിജിക്ക് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാൻ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു.ചമ്പാരൻ സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. 1930ലെ ദണ്ഡി മാർച്ചിന് നേതൃത്വം നൽകി. നിയമലംഘന പ്രസ്ഥാനത്തിലൂടെ സ്വാതന്ത്രസമരത്തെ കൂടുതൽ സജീവമാക്കി. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന പല അനാചാരങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. പുതിയ ലോകബോധവും ചിന്തയും ഉണ്ടാകുന്നതിന് അനുസരിച്ച് ഗാന്ധി സ്വയം പുതുക്കി.

ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യത്തോടെ ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു.സ്വാതന്ത്ര്യാനന്തരം വിഭജനവും അതിന്റെ ഭാഗമായുള്ള വർഗിയ കലാപങ്ങളും രാജ്യത്ത് പടരുമ്പോൾ തെരുവുകൾ തോറും സമാധാനത്തിന്റെ ദൂതുമായി അലഞ്ഞ് ഇന്ത്യയെ ശാന്തമാക്കിയ ഗാന്ധി വിഭജനത്തിന്റെ മുറിവുകൾക്ക് ഔഷധമായി കൂടി പ്രവർത്തിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി കൂടിവരുന്ന കാലത്താണ് ഒരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

കൊടുമുടി തിരിച്ചുപിടിച്ച് സ്വര്‍ണവില; വീണ്ടും പവന് 56,800 രൂപ

കൊടുമുടി തിരിച്ചുപിടിച്ച് സ്വര്‍ണവില; വീണ്ടും പവന് 56,800 രൂപ

കൊച്ചി: മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയത്. 27ന് റെക്കോര്‍ഡ് ഇട്ടശേഷമുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.

കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയ ശേഷം കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കഴിഞ്ഞദിവസം ഇടിഞ്ഞത്.

സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പിന്റെ പൊതു ബോധവൽക്കരണ ശില്പശാല

സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പിന്റെ പൊതു ബോധവൽക്കരണ ശില്പശാല

ആറ്റിങ്ങൽ: പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആരംഭിച്ച സംരംഭങ്ങൾ നിലനിർത്തുന്നതിനും വേണ്ടിയുള്ള വ്യവസായ വകുപ്പിന്റെ സംരംഭക വർഷം 3.O പദ്ധതിയുടെ ഭാഗമായി പൊതു ബോധവൽകരണ ശില്പശാല 2024 ഒക്ടോബർ 03 വ്യാഴാഴ്ച രാവിലെ 10 മണിമുതൽ ഉച്ച വരെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്നു.

കേരളത്തിൽ പുതുതായി ഒരു ബിസിനസ്‌ എങ്ങനെ ആരംഭിക്കാം, ലൈസൻസും മറ്റ് നടപടി ക്രമങ്ങളും എങ്ങനെ, നിങ്ങളുടെ ആശയം എങ്ങനെ ഒരു സംരംഭമാക്കാം, അതിന് സർക്കാർ സഹായങ്ങൾ എന്തൊക്കെ ലഭിക്കും, വിവിധ തരം വായ്‌പ പദ്ധതികളെക്കുറിച്ചും 40% വരെ സബ്‌സിഡി ലഭിക്കുന്ന വ്യവസായ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, ഈ ആനൂകൂല്യങ്ങൾ എങ്ങനെ നിങ്ങൾക്ക് ലഭ്യമാവും,തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചിറയിൻകീഴ് ഉപജില്ലാ വ്യവസായ വികസന ഓഫീസർ ശ്രീ. ജയമോഹൻ എസ്സ് അവതരിപ്പിക്കുന്ന ക്ലാസും ഉണ്ടായിരിക്കും. അത് കൂടാതെ സൗജന്യ ഉദ്യം രജിസ്ട്രേഷൻ ഡ്രൈവും ഇതോടൊപ്പം സംഘടിപ്പിക്കുന്നു.

ഉദ്യം രജിസ്ട്രേഷൻ എടുക്കാത്ത യൂണിറ്റുകൾക്ക് പുതുതായി ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിനും നിലവിലുള്ള ഉദ്യം രജിസ്ട്രേഷനിൽ തിരുത്തലുകളോ കൂട്ടിച്ചേർക്കലോ വേണ്ടവർക്കും ഈ അവസരം പ്രയോജനപെടുത്താവുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന Google Form പൂരിപ്പിക്കുക. ഗൂഗിൾ ഫോം ഫിൽ ചെയ്യാൻ കഴിയാത്തവർക്ക് അന്നേ ദിവസം നേരിട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSdrSaOvUyoaY9DM4zfvkONUl846ivkxdTGSY6DtgmjFDrcJvQ/viewform?usp=sf

കൂടുതൽ വിവരങ്ങൾക്ക്

പ്രവീണ ബി (IEO) -9188050785, Sujith S (EDE)- 7907668378, Rahna A R ( EDE)- 8943383739