ആദരിക്കാം പ്രിയ ​ഗുരുക്കന്മാരെ; ഇന്ന് അധ്യാപകദിനം

ആദരിക്കാം പ്രിയ ​ഗുരുക്കന്മാരെ; ഇന്ന് അധ്യാപകദിനം

ശിഷ്യന്മാരും സുഹൃത്തുക്കളും ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ തന്റെ ജന്മദിനം, തന്റെ പേരിൽ ആഘോഷിക്കുന്നതിനുപകരം അത് അധ്യാപക ദിനമായി ആചരിച്ചാൽ ഏറെ അഭിമാനകരമാകുമെന്ന് ഡോക്ടർ രാധാകൃഷ്ണൻ നിർദ്ദേശിക്കുകയായിരുന്നു.

അധ്യാപകർ കേവലം അറിവ് പകരുന്നവർ മാത്രമല്ല, മികവിനായി പരിശ്രമിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന ഉപദേഷ്ടാക്കളും വഴികാട്ടികളും റോൾ മോഡലുകളുമാണ് അവർ. ഇന്റർനെറ്റിന്റെയും നിർമ്മിതബുദ്ധിയുടേയും പുതിയകാലത്ത് അധ്യാപകരുടെ ദൗത്യം വഴികാട്ടികളെന്ന നിലയിലേക്ക് ചുരുങ്ങിയെന്നത് ശരി തന്നെ.

എന്നാൽ വിദ്യാർത്ഥികളുടെ ധാർമ്മിക മൂല്യങ്ങൾ, സാമൂഹിക കഴിവുകൾ, മൊത്തത്തിലുള്ള സ്വഭാവ വികസനം എന്നിവയെ സ്വാധീനിക്കുന്ന അവരുടെ സ്വാധീനം അക്കാദമിക് പഠനത്തിനപ്പുറത്തേക്ക് വ്യാപിക്കുകയാണ് ഇന്ന്. അധ്യാപകദിനം കേവലം ഒരു ആചരണം മാത്രമല്ല. വ്യക്തി ജീവിതത്തിലും സമൂഹത്തിൽ മൊത്തത്തിലും അധ്യാപകർ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണിത്. അധ്യാപകരെ ആദരിക്കുന്നതിലൂടെയും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിലൂടെയും, വിദ്യാഭ്യാസത്തിനും ഭാവി തലമുറയുടെ വികസനത്തിനുമുള്ള ജനതയുടെ പ്രതിബദ്ധതയാണ് യഥാർത്ഥത്തിൽ വെളിപ്പെടുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. സജിമോൻ പാറയിലിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.

കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വെളിപ്പെടുത്തലും പൊലീസ് കേസുകളും ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കെയാണ് കോടതിയുടെ ഭാഗത്തുനിന്നും പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പുറത്തുവിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനിയിലുണ്ട്. ഇത്തരത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എല്ലാം പുതിയ ബെഞ്ചിലേക്ക് കൈമാറുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ

തിരുവനന്തപുരം: അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

പുതിയ നിരക്ക് ബ്രാക്കറ്റിൽ

കുറുവ അരി (kg) – 30 ( 33)

തുവരപ്പരിപ്പ് (kg) – 111 (115)

മട്ട അരി (kg) – 30 ( 33)

പഞ്ചസാര (kg) – 27 (33)

വില കുറഞ്ഞത്

ചെറുപയർ (kg) – 92 (90)

നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.

സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.

ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

എഎസ്‌ഐ ശ്രീകുമാറിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്

എഎസ്‌ഐ ശ്രീകുമാറിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ എഎസ്‌ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് നാസര്‍. അന്നത്തെ എസ്പിയായിരുന്ന സുജിത് ദാസിന്റെ അനിഷ്ടം മൂലം ശ്രീകുമാറിനെ പലവട്ടം സ്ഥലംമാറ്റി. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മരിക്കുന്നതിന് തലേന്ന് ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നു എന്നും നാസര്‍ പറഞ്ഞു.

ശ്രീകുമാറിന്റെ ഭാര്യയും പൊലീസുകാരിയാണ്. ശ്രീകുമാറിന് നൈറ്റ് ഡ്യൂട്ടി നല്‍കിയാല്‍ ഭാര്യയ്ക്ക് പകല്‍ ഡ്യൂട്ടി നല്‍കും. രണ്ടുപേരെയും ഒരേസമയം വീട്ടില്‍ കഴിയാന്‍ അനുവദിക്കാറില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. പ്രതികളെ മര്‍ദ്ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രീകുമാറിനെ നിര്‍ബന്ധിക്കുമായിരുന്നു. പിന്നീട് ഇതിനു കൂട്ടാക്കാതിരുന്നതോടെ ശ്രീകുമാറിനെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പീഡിപ്പിക്കാന്‍ തുടങ്ങി.

ശ്രീകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസുകാര്‍ കീറിക്കൊണ്ടുപോയെന്നും നാസര്‍ പറഞ്ഞു. ഒരു ഡയറിയെക്കുറിച്ച് ശ്രീകുമാര്‍ പറഞ്ഞിരുന്നു. അതു അവര്‍ക്ക് കിട്ടിയോയെന്ന് അറിയില്ല. ഒരു പുസ്തകത്തില്‍ എന്തോ എഴുതിവെച്ചിട്ടുണ്ട്. അതു വായിക്കുമ്പോള്‍ അറിയാം. ജോലി രാജിവെക്കുന്നകാര്യവും ശ്രീകുമാര്‍ പറഞ്ഞിരുന്നുവെന്ന് നാസര്‍ പറഞ്ഞു.

ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. സേനയിൽ നിന്നും, എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ശ്രീകുമാറിന്റെ ആത്മഹത്യക്ക് കാരണമെന്നും നാസർ ആരോപിച്ചു. എടവണ്ണ സ്വദേശിയായ ശ്രീകുമാർ 2021 ജൂൺ 10 നാണ് ആത്മഹത്യ ചെയ്തത്.

വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്റ്റോർ സെപ്തംബർ 7നു പ്രവർത്തനമാരംഭിക്കും

വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്റ്റോർ സെപ്തംബർ 7നു പ്രവർത്തനമാരംഭിക്കും

സംസ്ഥാനത്തെ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന നീതി പലവ്യഞ്ജന ഡിപ്പോ 2024 സെപ്തംബർ 7നു പകൽ 11 മണിക്ക് സൊസൈറ്റിയുടെ താഴത്തെ ഹാളിൽ പ്രവർത്തനം ആരംഭിക്കുന്നു. പ്രഥമ വിൽപ്പന സൊസൈറ്റി പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ, വൈസ് പ്രസിഡന്റ് ആർ.മണികണ്ഠ‌ൻപിള്ളയ്ക്ക് കിറ്റ് നൽകി നിർവ്വഹിക്കും. വിപണന സൗകര്യത്തിന് വേണ്ടി സബ്‌സിഡി സാധനങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു കിറ്റ് ആയിട്ടാണ് നൽകുന്നത്.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് നാലാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നൽകണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വർണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.