ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു; എസ്പിക്ക് ചുമതല

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു; എസ്പിക്ക് ചുമതല

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ഇന്നലെ രാത്രിയാണ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കിയത്. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാര്‍ ഉടമകളുമായി എന്നല്ല, എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാറല്ല ഈ സര്‍ക്കാര്‍. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താന്‍ ചിന്തിക്കുകയായിരുന്നുവെന്നയായിരുന്നു രാജേഷിന്റെ പ്രതികരണം.

കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പി.എ സലീമാണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പ്ലസ് വൺ അപേക്ഷാ സമർപ്പണം ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും

പ്ലസ് വൺ അപേക്ഷാ സമർപ്പണം ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും

തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. 16ന് വൈകീട്ട് 4മുതലാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. ഇന്ന് വൈകിട്ട് 5 വരെയാണ് സമയം. അപേക്ഷ നൽകാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളുകളിലും സഹായ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ് നടത്തുക. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെൻ്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി സ്മാരക വിദ്യാഭാസ അവാർഡ് വിതരണം നാളെ

ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി സ്മാരക വിദ്യാഭാസ അവാർഡ് വിതരണം നാളെ

ആറ്റിങ്ങൽ: കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇളമ്പ റൂറൽ സഹകരണ സംഘത്തിൻ്റെ നേത്യത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം നാളെ നടക്കും. 2024 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാര വിതരണം നടത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.15 ന് ഇളമ്പ പള്ളിയറ ക്ഷേത്രം ഹാളിൽ മറിയാമ്മ ഉമ്മൻ ചാണ്ടി പുരസ്‌കാര വിതരണം നിർവഹിക്കും.

ചിറയിൻകീഴ് റോഡിൽ കെഎസ്ഇബി ഇലക്ട്രിക് ലൈനിൽ തീപിടിച്ചു

ചിറയിൻകീഴ് റോഡിൽ കെഎസ്ഇബി ഇലക്ട്രിക് ലൈനിൽ തീപിടിച്ചു

ആറ്റിങ്ങൽ: ചിറയിൻകീഴ് റോഡിൽ ചെറുവള്ളിമുക്കിന് സമീപം കെഎസ്ഇബി ഇലക്ട്രിക് ലൈനിൽ തീപിടിച്ചു.ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ബാങ്ക് എംഡിക്കെതിരെ വനിതാ മാനേജര്‍ നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി

ബാങ്ക് എംഡിക്കെതിരെ വനിതാ മാനേജര്‍ നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി

കൊച്ചി: തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിലെ വനിതാ മാനേജര്‍ മാനേജിങ് ഡയറക്ടര്‍ ജോസ് കെ പീറ്ററിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതി കുറ്റാരോപിതനു ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്ക് ചെയര്‍മാന്‍ വിവി മത്തായിക്കു നല്‍കിയ പരാതിയാണ് ജോസ് കെ പീറ്ററിന്റെ കൈയില്‍ എത്തിയതെന്ന്, രേഖകളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരാതി ചോര്‍ന്നു കിട്ടിയ എംഡി മാനേജര്‍ തലത്തിലുള്ള യോഗത്തില്‍ മുതിര്‍ന്ന വനിതാ ജീവനക്കാരിയെക്കൊണ്ടു പരസ്യമായി വായിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോസ് പീറ്റര്‍ വനിതാ മാനേജരോട് മോശമായി പെരുമാറിയതെന്ന്, എഫ്‌ഐആറില്‍ പറയുന്നു. നവംബറില്‍ ഇവരെ കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു. 30 വര്‍ഷത്തിലേറെയായി ബാങ്കില്‍ ജോലി ചെയ്യുന്ന ഇവരെ എംഡി രാത്രിയില്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ലൈംഗിക താത്പര്യം അറിയിച്ചെന്നും എഫ്‌ഐആര്‍ പറയുന്നു. പത്തും എട്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ജീവനക്കാരി വിധവയാണ്.

തൊഴിലിടത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ച് തൊടുപുഴ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയും കുറ്റാരോപിതനു ചോര്‍ന്നു കിട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരാതിയും ബാങ്ക് ജീവനക്കാരുടെ യോഗത്തില്‍ വായിച്ചു. ബാങ്കില്‍ നല്‍കിയ പരാതിയും പൊലീസിനു നല്‍കിയ പരാതിയും ചോര്‍ന്നതോടെ ജീവനക്കാരി എറണാകുളം റേഞ്ച് ഐജിക്കു പരാതി നല്‍കി. ഈ പരാതിയും ചോരുമോയെന്ന ആശങ്കയുണ്ടെന്ന് ഐജിക്കു നല്‍കിയ പരാതിയില്‍ ജീവനക്കാരി പറയുന്നുണ്ട്.