by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 115 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവിലയില്‍ രണ്ടരശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് പ്രവേശിച്ചതും യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും ഊര്‍ജ്ജ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില കൂടാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തുന്നതില്‍ ഹൂതികളുടെ ട്രാക്ക് റെക്കോര്‍ഡ് ആശങ്കാജനകമാണ്. നേരത്തെ ഈ സംഘം ചെങ്കടല്‍ ഒഴിവാക്കാന്‍ കപ്പലുകളെ നിര്‍ബന്ധിച്ചിരുന്നു. നിലവിലെ ഭീഷണി ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം.
അതിനിടെ എണ്ണവില കുതിച്ചുയരുന്നത് ഓഹരി വിപണിയെ ബാധിച്ചു. ഓഹരി വിപണിയില്‍ ഇന്ന് കറുത്ത തിങ്കളാഴ്ചയാണ്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. 73,000ല്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 115 ഡോളര്‍ കടന്ന് കുതിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഗ്രാസിം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നേട്ടം സ്വന്തമാക്കി.


by Midhun HP News | Mar 30, 2026 | Latest News, കേരളം
പാലക്കാട്: പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ ഒളിവില്‍. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രശോഭിനെ തേടി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായും പ്രശോഭ് ശ്രമം തുടങ്ങി.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് 22 കാരിയായ യുവതിയുടെ പരാതി. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി. കൗണ്‍സിലര്‍ പ്രശോഭ് വല്‍സന്‍ ഭീഷണിപ്പെടുത്തി എന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി വിശദമായ മൊഴി നല്‍കി.
കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന്‍ എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി പൊലീസിന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് യുവതി തെളിവുകള്‍ കൈമാറി എന്നാണ് സൂചന. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തന്റെ മുന്നില്‍ വച്ച് പ്രതി ഷാഫിയെ വിഡിയോ കോള്‍ ചെയ്തതായും യുവതിയുടെ മൊഴിയില്‍ പറയുന്നു.


by Midhun HP News | Mar 30, 2026 | Latest News, കേരളം
കൊല്ലം: ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കൊട്ടിയൂര്‍ മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍(19), വിനു(26), പ്രിജിത്, അഖില്‍രാജ്(29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.
ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്‌ലോട്ടിനു മുന്നില്‍ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മര്‍ദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യന്‍ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്‌സുകള്‍ ഘടിപ്പിച്ച ഫ്‌ലോട്ടില്‍ എല്‍ഇഡി കളര്‍ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
കുത്തിയ പ്രതികള്‍ നിമിഷ നേരം കൊണ്ട് സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന ധാരണയില്‍ ഫ്‌ലോട്ട് കടന്നു പോയ ശേഷം ചിലര്‍ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. അവിടെയെത്തിയ തേജസിന്റെ സഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലത്തറ സഹകരണ ആശുപത്രിയില്‍ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഒാടെ തേജസ് മരിച്ചു.

ഒളിവില്‍ പോയ പ്രതികള്‍ക്കായി ചാത്തന്നൂര്‍ എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ കൊട്ടിയം ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, എസ്‌ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാന്‍സാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘം പലഭാഗങ്ങളിലേക്ക് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പുലര്‍ച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖില്‍ രാജിന്റെ വീട്ടില്‍ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 2 പേരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. കുടുംബനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം ആയിരത്തിൽ നിന്നു രണ്ടായിരമാക്കും എന്നതുൾപ്പെടെ നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് ഡിഎംകെ പത്രികയിൽ മുന്നോട്ടു വയ്ക്കുന്നത്. ചെന്നൈയിൽ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്.
വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടുമെന്നും വാഗ്ദാനമുണ്ട്. സാധാരണയായി ഡിഎംകെ പ്രകടന പത്രിക ‘ഹീറോ’ ആണെങ്കിൽ ഇത്തവണ ‘സൂപ്പർ സ്റ്റാറാ’ണെന്നു സ്റ്റാലിൻ അവകാശപ്പെട്ടു.
ടെലിവിഷൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പുതിയതായി വാങ്ങാനോ മാറ്റി വാങ്ങാനോ ഉപയോഗിക്കാവുന്ന 8,000 രൂപയുടെ കൂപ്പൺ നൽകുന്ന ‘ഇല്ലത്തരസി’ പദ്ധതിയാണ് പത്രികയിലെ ശ്രദ്ധേയ വാഗ്ദാനങ്ങളിൽ മറ്റൊന്ന്. സ്വയം സഹായ സംഘാംഗങ്ങളായ സ്ത്രീകൾക്ക് സബ്സിഡിയോടെ ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ അടക്കമുള്ള വാഗ്ദാനങ്ങളുമുണ്ട്.
വയോജന പെൻഷൻ 1,200ൽ നിന്നു രണ്ടായിരകമാക്കും. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500ൽ നിന്നു 2,500 ആക്കും. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2030ഓടെ എല്ലാ ജില്ലകളിലും നിയോ ടൈഡൽ പാർക്കുകൾ സ്ഥാപിക്കും. ഫാക്ടറികൾ ധാരാളമുള്ള ഇടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് സഹയാമായി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും.
ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകും. സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.


by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസവും മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസവും ആഘോഷങ്ങളൊന്നും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. മുൻവർഷങ്ങളിൽ പരീക്ഷ ദിനങ്ങളിൽ നടന്ന ആഘോഷങ്ങൾ പലപ്പോഴും അതിരുകടന്നതായും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുൻകരുതൽ നടപടി.
ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ചയും എസ് എസ് എൽ സി പരീക്ഷ 30നും അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി 31നാണ് സ്കൂൾ അടയ്ക്കുന്നത്.
പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ അച്ചടക്കരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. കുട്ടികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടണമെന്നും സ്കൂൾ പരിസരത്ത് ക്രമസമാധാന പാലനത്തിനായി ആവശ്യമെങ്കിൽ പൊലീസിൻ്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാനെതിരെ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി. ശക്തമായി തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പല്‍ യുഎസ്എസ് ട്രിപ്പോളിയിലെത്തി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോല്‍ഫഘാരിയുടെ പ്രതികരണം.
പതിനായിരം സൈനികരെക്കൂടി അയയ്ക്കാന്‍ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ് ആരോപിച്ചു. അതിനിടെ മാര്‍ച്ച് 27ന് ആക്രമിക്കപ്പെട്ട ഖോണ്‍ദാബ് ഖനജല പ്ലാന്റ് പൂര്‍ണമായി തകര്‍ന്നെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. പ്ലാന്റിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും ഇറാന്‍ അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിക്കില്‍ കുടുങ്ങിയ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തും. കപ്പലുകള്‍ ഇന്നലെ നാവികസേനയുടെ സംരക്ഷണത്തില്‍ കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടിവൈആര്‍ നാളെ മുംബൈ തീരത്ത് എത്തും. ബിഡബ്ല്യു ഇഎല്‍എം മറ്റന്നാള്‍ മംഗ്ലൂര്‍ തീരത്തുമെത്തും. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടന്‍ ഹോര്‍മോസ് കടക്കാന്‍ അനുവാദം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ പെട്രോള്‍, ഡീസല്‍, എല്‍പിജി സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.


Recent Comments