ആര്‍ത്തവ ശുചിത്വ പരിപാലന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നിർബന്ധം; മാര്‍ഗനിര്‍ദേശങ്ങളുമായി സിബിഎസ്ഇ

ആര്‍ത്തവ ശുചിത്വ പരിപാലന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നിർബന്ധം; മാര്‍ഗനിര്‍ദേശങ്ങളുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ സമഗ്ര ആര്‍ത്തവ ശുചിത്വ മാനേജ്‌മെന്റ് (എംഎച്ച്എം) രീതികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി സിബിഎസ്ഇ. വിദ്യാര്‍ത്ഥി ക്ഷേമം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാന നീക്കം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ആര്‍ത്തവ ആരോഗ്യം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഘടകമാണെന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

പെണ്‍കുട്ടികള്‍ക്കായി പ്രത്യേകവും സുരക്ഷിതവുമായ ശുചിമുറികളും കൈ കഴുകാനുള്ള സൗകര്യങ്ങളും നിര്‍ബന്ധമായും സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം. ഗുണനിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കണം. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സ്‌കൂള്‍ ക്യാംപസുകളില്‍ പ്രത്യേക ‘എംഎച്ച്എം കോര്‍ണറുകള്‍’ സജ്ജീകരിക്കണം.

ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റുന്നതിനും കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും സ്‌കൂളുകള്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ലിംഗഭേദമില്ലാതെ പ്രോത്സാഹിപ്പിക്കണമെന്നും എന്‍സിഇആര്‍ടി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത് വിലയിരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും സിബിഎസ് സി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

നിര്‍ദേശങ്ങള്‍ സംബന്ധിച്ച കംപ്ലയന്‍സ് റിപ്പോര്‍ട്ട് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. മാര്‍ച്ച് 31, ഏപ്രില്‍ 30 തീയതികള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്നും സിബിഎസ്ഇ സര്‍ക്കുലറില്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് തുല്യമായ വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പാക്കുന്നതില്‍ ആര്‍ത്തവ ശുചിത്വത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ നീക്കം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ പത്രിക സമര്‍പ്പിക്കാം. മറ്റന്നാള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പുതിയ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 18 ദിവസം മാത്രമാണുള്ളത്.

അവധി ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡല പര്യടനങ്ങള്‍ പുരോഗമിക്കുകയാണ്. തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്ത് സുധീര്‍ കരമന, കാസര്‍കോട് ഷാനവാസ് പാദൂരും, താനൂരില്‍ മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്തഫയും എത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രം പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നാളെ തുടങ്ങും. അല്‍പ്പം വൈകിയാണ് പ്രഖ്യാപനം ഉണ്ടായതെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കളം നിറഞ്ഞുകഴിഞ്ഞു. 16 ദിവസമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്.

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലായി 29 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അങ്കമാലിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ( നാലെണ്ണം) സമര്‍പ്പിച്ചിട്ടുള്ളത്. ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും പത്രിക നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലും വൈപ്പിനിലും ഒരാള്‍ പോലും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നാളെ പറവൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ശബരിമല ഉത്സവം നാളെ കൊടിയേറും; ഇന്ന് നട തുറക്കും

ശബരിമല ഉത്സവം നാളെ കൊടിയേറും; ഇന്ന് നട തുറക്കും

ശബരിമല: പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച രാവിലെ 11.30നും 12നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും. രണ്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച മുതല്‍ രാവിലെ 7 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ.

രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ ഉത്സബലി ഉള്ളതിനാലും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളുള്ളതിനാലുമാണ് നെയ്യഭിഷേക സമയം ചുരുക്കിയത്. ഉത്സവബലി നടക്കുന്നതിനാല്‍ രണ്ടാംഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ രാവിലെ ഒമ്പതിനുശേഷം പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനത്തിനാണ് പിന്നീട് അനുവദിക്കുക. ഉത്സവദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ 25,000 പേര്‍ക്കുമാത്രമേ ദര്‍ശനം അനുവദിക്കൂ. ആറാട്ട് ദിവസം 10,000 പേര്‍ക്കേ ദര്‍ശനത്തിന് അവസരമുള്ളൂ.

എന്നാല്‍ വൈകീട്ട് 5 ന് നടതുറന്നതിന് ശേഷമുള്ള ദര്‍ശനം പതിവുപോലെ ഉണ്ടാകു. . 31-നാണ് പള്ളിവേട്ട. ക്ഷേത്രത്തില്‍നിന്ന് രാത്രി എട്ടരയ്ക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് പുറപ്പെടും. ഏപ്രില്‍ ഒന്നിന് ഭഗവാന് പമ്പയില്‍ ആറാട്ട്. അന്ന് രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. പമ്പാനദിയിലെ പ്രത്യേകം തയ്യാറാക്കുന്ന കടവിലാണ് 11 മണിക്ക് ആറാട്ട്. അന്ന് രാത്രി 10 ന് നട അടയ്ക്കും.

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു.

റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്.സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

ന്യൂഡല്‍ഹി: ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളില്‍ ഇറാനോട് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചുള്ള നിലപാട് അറിയിച്ചത്.

ഈദുല്‍ ഫിത്വര്‍, നൗറൂസ് ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചത്. പശ്ചിമേഷ്യയിലെ അസ്ഥിരതകള്‍ മാറി സമാധാനത്തിന്റെ നാളുകള്‍ വരുമെന്ന് ഇരു നേതാക്കളും പ്രത്യാശ പങ്കുവച്ചു. മേഖലാ വികസനങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ സജീവമക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി മോദി ട്വിറ്ററില്‍ പ്രതികരിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇറാന്‍ സ്വീകരിച്ചുവരുന്ന നടപടിയില്‍ ഇന്ത്യ സംതൃപ്തി പ്രകടിപ്പിച്ചു.

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

ചെന്നൈ: സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്നിനെ തെരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം. 2024 മേയില്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ച റവ.എ. ധര്‍മരാജ് റസാലത്തിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം. മൂന്ന് പേരാണ് അഭിമുഖത്തിന് എത്തിയത്. നിലവില്‍ മഹാഇടവക വൈസ് ചെയര്‍മാന്‍ ആണ് റവ.പ്രിന്‍സ്റ്റണ്‍ ബെന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ്.

2024 സെപ്റ്റംബര്‍ മുതല്‍ മഹാഇടവകയ്ക്ക് ബിഷപ്പ് ഉണ്ടായിരുന്നില്ല. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സിഎസ്‌ഐ എംഎം കത്തീഡ്രലില്‍ നടക്കും.