by Midhun HP News | May 22, 2026 | Latest News, കേരളം
പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു യാത്രക്കാരന് ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖിനാണ് (52) ഗുരുതര പരിക്കേറ്റത്. ഇയാളുടെ വലതു കാലറ്റു. ഇടതു കാലിനും ഗുരുതര പരിക്കുണ്ട്. അറ്റുപോയ കാൽ ഏറെ നേരം തിരഞ്ഞാണ് ട്രാക്കിൽ നിന്നു കണ്ടെത്തിയത്.
ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് അപകടം. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. സിദ്ദിഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | May 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 16ാം നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഭരണപക്ഷ നിരയ്ക്ക് വലിയ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്.
പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെന്നിരിക്കെ, തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികൾ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ മത്സരിക്കും.
മൂന്ന് സീറ്റുകൾ നേടി ഇത്തവണ നിയമസഭയിൽ സാന്നിധ്യമുറപ്പിച്ച ബിജെപിയും സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നു മികച്ച വിജയം കൈവരിച്ച എംഎൽഎ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥി.
ഒരു ബിജെപി സ്ഥാനാർഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് ബിജെപിയുടെ മറ്റ് രണ്ട് ജനപ്രതിനിധികളായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്ന് സഭയിൽ നിർദ്ദേശിക്കും.
ഇന്ന് രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭയ്ക്കുള്ളിൽ നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വിഡി സതീശനാകും. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ഇരിപ്പിടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ച നടക്കും.
by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
കിന്‍ഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. പ്രതിവിധികളില്ലാതെ എബോള വലിയ രീതിയില്‍ പടര്‍ന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും എബോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയും പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അവിശ്വാസവും ദേഷ്യവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തില്‍ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം നടന്നത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്‌ബോള്‍ കളിക്കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിട്ടുനല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചത് ജനങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് ആക്രമണത്തിലേയ്ക്ക് എത്തിച്ചത്.

by Midhun HP News | May 22, 2026 | Latest News, കേരളം
കൊച്ചി: മോഡലിംഗിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിൽ എത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു കൊടുത്തു. വിലപേശൽ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു.
വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ സ്വദേശിനി സിന്ധു എന്ന സ്റ്റോയ്‌സി, മരടിലെ ഫ്ളാറ്റിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് നിലവിൽ പൊലീസ് പിടിയിലായത്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണ്. സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്. യുവതികളെ ദുബായിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്സാപ്പ് വഴി കൈമാറിയാണ് സംഘം ‘ഡീൽ’ ഉറപ്പിക്കുന്നത്.
സിന്ധുവിനു കീഴിൽ ദുബായിലുള്ള അലീസ ഇവന്റ്‌സ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ വിദേശത്തെത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് സിന്ധു യുവതികളെ ദുബായിലെത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചില സിനിമ- സീരിയൽ താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളതായാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ കോടതി റിമാൻഡ് ചെയ്തു.

by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരി മരിച്ചു. കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത്. തിരുവനന്തപുരം-പൊൻമുടി റോഡിലാണ് അപകടം.കുട്ടികൾ ഉൾപ്പടെ ഒമ്പതു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്ടെന്ന് കുഴിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താവയ്ക്കല്‍ ആറ്റിലാണ് യുവതി അപകടത്തിൽപ്പെട്ടത്.
പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു.കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തി. അതിനിടെ അനുപമ വെള്ളത്തില്‍ മുങ്ങിത്താണു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Recent Comments