നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ടം; 242 വെബ്സൈറ്റുകള്‍ക്ക് കൂടി പൂട്ടിട്ട് കേന്ദ്രം

നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ടം; 242 വെബ്സൈറ്റുകള്‍ക്ക് കൂടി പൂട്ടിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടത്തിന് എതിരായ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഉൾപ്പെടെ രാജ്യത്ത് പ്രവര്‍ത്തനം തടഞ്ഞ ഇത്തരം വെബ്‌സൈറ്റുകളുടെ എണ്ണം 7,800 പിന്നിട്ടതായി അധികൃതര്‍ അറിയിച്ചു.

യുവാക്കള്‍ ഉള്‍പ്പെടെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ മൂലമുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ദോഷങ്ങള്‍ തടയുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി എന്നാണ് സര്‍ക്കാര്‍ നീക്കത്തിന് നല്‍കുന്ന വിശദീകരണം. 2022-നും 2025-നും ഇടയില്‍ 14,000-ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം പ്രകാരമാണ് നടപടി. വാതുവെപ്പ് അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രതികൂലമായ സാമൂഹിക ആഘാതം തടയുക, യുവാക്കള്‍ ചൂഷണത്തിന് ഇരയാകുന്നത് തടയുക എന്നതാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം 2025 ന്റെ പ്രാഥമിക ലക്ഷ്യം. ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഐസ് മൂടിയ സേല തടാകത്തിലിറങ്ങി, അരുണാചലില്‍ മലയാളിസംഘം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

ഐസ് മൂടിയ സേല തടാകത്തിലിറങ്ങി, അരുണാചലില്‍ മലയാളിസംഘം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

കൊല്ലം: അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം അപകടത്തില്‍പ്പെട്ടു. അരുണാചല്‍ പ്രദേശില്‍ തവാങ് ജില്ലയിലെ സേല തടാകത്തില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും മഞ്ജുവിന്റെയും മകന്‍ വിനു പ്രകാശ് (26) ആണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി മാധവിനെയാണ് കാണാതായത്.

ഐസ് പാളികള്‍ മൂടിയ സേല തടാകത്തിന് മുകളിലൂടെ നടന്നപ്പോള്‍ പാളികള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി.

താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു.

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80കാരിയായ ശാരദ.

അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി. ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.

1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി ‘ഇരുമിത്രലു’ എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകള്‍’ എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി. തുടര്‍ന്ന്, എം.ടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’, എം.ടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയില്‍ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ല്‍ നടന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില ഉയര്‍ന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ മൂന്ന് തവണയാണ് മാറ്റം ഉണ്ടായത്. വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

14ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ഇനി സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നറിയാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഇനി സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നറിയാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് ഇന്റര്‍ഫേസിനുള്ളില്‍ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റുകളുടെ പ്രൈവസി സെറ്റിങ്‌സ് പരിശോധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്.

സെറ്റിങ്‌സ് മെമ്മറിയെ ആശ്രയിക്കാതെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നും അത് റീഷെയര്‍ ചെയ്തിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ കൂടുതല്‍ സ്വകാര്യത കൊണ്ടുവരുന്നതാണ് ഫീച്ചര്‍.

സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആര്‍ക്കൊക്കെ കാണാമെന്നതടക്കം ആന്‍ഡ്രോയിഡ് പതിപ്പ് 2.26.2.9-നുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ ലഭിക്കും. ഫീച്ചര്‍ നിലവില്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്.

റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാറ്റസ് വ്യൂസ് മെനുവിനുള്ളില്‍ പുതിയ ഓപ്ഷന്‍ കാണാം. ഉപയോക്താക്കള്‍ ഈ സ്‌ക്രീനില്‍ നിന്ന് മെനു തുറക്കുമ്പോള്‍, ന്യൂ ഓഡിയന്‍സ് ഓപ്ഷന്‍ കാണും. ഇതില്‍ ടാപ്പുചെയ്യുമ്പോള്‍ ഫീച്ചര്‍ കാണാം. സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്തു എന്നതടക്കം കാണാം.

‘കേട്ടതെല്ലാം ശരിയാ…’; മൃണാളും ധനുഷും വിവാഹിതരാകുന്നു; കല്യാണം വാലന്റൈന്‍സ് ഡേയില്‍?

‘കേട്ടതെല്ലാം ശരിയാ…’; മൃണാളും ധനുഷും വിവാഹിതരാകുന്നു; കല്യാണം വാലന്റൈന്‍സ് ഡേയില്‍?

തമിഴ് നടന്‍ ധനുഷും ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളുകളായി ഗോസിപ്പുകളുണ്ട്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വിഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. പതിയെ ആ വാര്‍ത്തകള്‍ കെട്ടടങ്ങുകയും ചെയ്തു.

പക്ഷെ, മൃണാളും ധനുഷും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഫ്രീ പ്രസ് ജേണല്‍ ആണ് വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ധനുഷും മൃണാളും കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 14 ന്, വാലന്റൈന്‍സ് ഡേയിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വാര്‍ത്തകളോട് ധനുഷും മൃണാളും ഇതുവരേയും പ്രതികരിച്ചില്ല. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍, ധനുഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ സൂപ്പര്‍ താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിച്ചിരുന്നു. 2004ലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മക്കളുമുണ്ട് ഈ ബന്ധത്തില്‍. 2024 ലാണ് ഇരുവരും പിരിയുന്നത്. ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് മൃണാള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലെത്തിയ മൃണാള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ നായികയാണ്.