by Midhun HP News | May 21, 2026 | Latest News, സിനിമ
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ദൃശ്യം 3’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ചിത്രം ആദ്യ പകുതി പിന്നിടുമ്പോൾ ഗംഭീര അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്. ആദ്യ പകുതി കൊള്ളാമെന്നും പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
ചെറിയ സർപ്രൈസുകൾ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകർ കുറിക്കുന്നു. ഫാമിലി ലൈഫ്, പുതിയ കാരക്ടേഴ്സിന്റെ അവതരണം എല്ലാം നൈസ് ആയി വന്നിട്ട് ഉണ്ട്.. ലാലേട്ടന്റെ കിടിലൻ പെർഫോമൻസ്. എന്നൊക്കെ കുറിക്കുന്നവരും കുറവല്ല.
എന്തായാലും രണ്ടാം പകുതി കൂടി ഇതുപോലെയാണെങ്കിൽ ചിത്രത്തിന്റെ ലെവൽ തന്നെ മാറുമെന്നും ചിലർ പറയുന്നു. അതേസമയം ദൃശ്യം 3 യുടെ ആദ്യ ഷോയ്ക്ക് നടൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു. എറണാകുളം കവിത തിയറ്ററിലാണ് നടൻ എത്തിയത്. ദൃശ്യം 3 യിലെ മറ്റു പ്രധാന താരങ്ങളായ മീന, എസ്തർ അനിൽ എന്നിവരും മോഹൻലാലിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.
ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചിത്രമെത്തിയതിൽ ആരാധകരും ഇരട്ടി ആവേശത്തിലാണ്.
by Midhun HP News | May 21, 2026 | Latest News, സിനിമ
ഏത് കഥാപാത്രവും അഭിനയ മികവു കൊണ്ട് അതിന്റെ പൂർണതയിൽ എത്തിക്കുന്ന മോഹൻലാൽ എന്ന നടൻ ഇന്നും ഒരു വിസ്മയമാണ്. കഥയ്ക്കൊപ്പം പ്രക്ഷകരെ പിടിച്ചിരുത്തുന്ന മെയ്‌വഴക്കം. തിരക്കിനിടയിലും ഫിറ്റ്നസിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യവും പരിശ്രമവും പുതുതലമുറയ്ക്കും പാഠമാക്കാവുന്നതാണെന്ന് അദ്ദേഹത്തിന്റെ ട്രെയിനർ ആയിരുന്ന പോൾസൺ ജെയ്സൺ പറയുന്നു. 66-ാം വയസ്സിലേക്ക് കടക്കുമ്പോഴും 26കാരന്റെ മെയ്‌വഴക്കത്തോടെ വെള്ളിത്തിര ഭരിക്കുന്ന മോഹൻലാലിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്.
വിട്ടുവീഴ്ച ചെയ്യാത്ത ‘4D’ ഫോർമുല
ചിട്ടയായ ജീവിതശൈലിയും കഠിന വർക്ക്ഔട്ടുമാണ് മോഹൻലാലിന്റെ ഊർജത്തിനും യൗവനത്തിനും പിന്നിൽ. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് ‘4D’ ഫോർമുല ആണെന്നും പോൾസൺ ജെയ്‌സൺ ഒരു അഭിമുഖത്തിൽ പറയുന്നു. തീരുമാനം (Decision), ദൃഢനിശ്ചയം (Determination), അച്ചടക്കം (Discipline), നിര്‍വ്വഹണം (Delivery) എന്നിവയാണ് പോൾസൺ ചൂണ്ടിക്കാട്ടിയ ആ നാല് ഘടകങ്ങൾ.
രാത്രി 10 മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തന്റെ കോർ കണ്ടീഷനിങ് വ്യായാമങ്ങളും ഫിറ്റ്നസ് റൂട്ടീനും പൂർത്തിയാക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്ന് മരക്കാർ, ദൃശ്യം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ ട്രെയിൻ ചെയ്ത പ്രമുഖ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഐനസ് ആന്റണി പറയുന്നു. ഒന്നര മണിക്കൂറോളം നീളുന്നതാണ് പൊതുവേ അദ്ദേഹത്തിന്റെ വര്‍ക്ക്‌ഔട്ട് സെഷനുകളെന്നും ഐനസ് കൂട്ടിച്ചേര്‍ക്കുന്നു.
വർക്ക്ഔട്ട് പ്രധാന്യം
റസിസ്റ്റന്‍സ് ട്രെയ്‌നിങ്ങും ബാറ്റിൽ റോപ്പുകളും ബെഞ്ച് പ്രസും ഓവര്‍ഹെഡ് പ്രസും ലെഗ് ഡേ റൂട്ടീനുകളും ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങുമെല്ലാം മോഹന്‍ലാല്‍ തന്റെ വ്യായാമ ശീലങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത് അദ്ദേഹത്തിന്റെ മെയ് വഴക്കവും സ്റ്റാമിനയും വർധിപ്പിക്കാൻ സഹായിക്കുന്നു. വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ അദ്ദേഹം തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതു മാത്രമല്ല, തായ്‌ക്കോണ്ടയില്‍ ഓണററി ബ്ലാക്ക് ബെല്‍റ്റുള്ള താരം ബോക്‌സിങ് ഉള്‍പ്പെടെയുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇനങ്ങളും പരിശീലിക്കാറുണ്ട്.
യോഗയും ആയുർവേദവും
ശരീരത്തിന് നവയൗവനം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ആയുര്‍വേദ റീജുവനേഷന്‍ തെറാപ്പികളും മോഹന്‍ലാല്‍ ഇടയ്‌ക്ക് പരീക്ഷിച്ചിട്ടുണ്ട്. മാനസികാരോഗ്യം നിലനിര്‍ത്താന്‍ യോഗയും പരിശീലിക്കുന്നുണ്ട്. വ്യായാമത്തിനൊപ്പം മികച്ച ഭക്ഷണരീതികളും മോഹന്‍ലാലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണം എപ്പോഴും ആസ്വദിച്ച് കഴിക്കാറുള്ള ലാലേട്ടന്‍ മികച്ചൊരു പാചകക്കാരന്‍ കൂടിയാണ്.
by Midhun HP News | May 21, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: കടുത്ത രാഷ്ട്രീയ വടംവലികൾക്കും മുന്നണി ചർച്ചകൾക്കുമൊടുവിൽ തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ് മന്ത്രിസഭയുടെ വിപുലീകരണത്തിന്റെ ഭാഗമായുള്ള സുപ്രധാന സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ മന്ത്രിമാർക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. എന്നാൽ, വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിലെന്ന പോലെ ഇത്തവണയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതും സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമതാക്കി മാറ്റിയതും തമിഴ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രാദേശിക വികാരമായ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ വേളയിലും ഇതേ ക്രമം ആവർത്തിച്ചപ്പോൾ തന്നെ പ്രധാന പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ ചില പ്രമുഖ സഖ്യകക്ഷികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന് മുൻഗണന നൽകിയതെന്ന് വിജയ് സർക്കാർ വിശദീകരണം നൽകിയിരുന്നു. സംസ്ഥാന ഗീതത്തിന് അർഹമായ പ്രാധാന്യം നൽകണമെന്നും തമിഴ് വികാരം മാനിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടും ഇന്ന് വീണ്ടും ചടങ്ങിൽ അത് ആവർത്തിക്കപ്പെട്ടത് വിജയ് സർക്കാരിന് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ തലവേദനയും തമിഴ് മണ്ണിൽ കടുത്ത പ്രാദേശിക വാദ പ്രതിസന്ധികളും സൃഷ്ടിച്ചേക്കാം.
അറുപത് വർഷത്തോളമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് കോൺഗ്രസ് ഭരണത്തിലേക്ക്
തമിഴ് രാഷ്ട്രീയത്തിൽ വലിയൊരു ചരിത്രപരമായ മാറ്റത്തിനാണ് ഇന്നത്തെ മന്ത്രിസഭാ വിപുലീകരണം സാക്ഷ്യം വഹിക്കുന്നത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി തിരിച്ചെത്തുന്നത് (1967-ന് ശേഷം ആദ്യം). കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ എംഎൽഎ), പി. വിശ്വനാഥ് (മേലൂർ) എന്നിവരാണ് വിജയ് മന്ത്രിസഭയിൽ കോൺഗ്രസ് പ്രതിപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുവർക്കും പുറമെ മറ്റ് സുപ്രധാന വകുപ്പുകളിലേക്കായി ഇരുപതിലധികം പുതിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നുണ്ട്.
മുൻപ് സഖ്യകക്ഷിയായ സിപിഎം, എഐഎഡിഎംകെ വിമതരെ മന്ത്രിസഭയിൽ എടുക്കുന്നതിനെതിരെ കടുത്ത ഭീഷണി മുഴക്കിയിരുന്ന പശ്ചാത്തലത്തിൽ, ഈ ഘട്ടത്തിൽ റിബൽ നേതാക്കളെ പൂർണ്ണമായി ഒഴിവാക്കിയാണ് വിജയ് തന്റെ മന്ത്രിസഭ പുതുക്കിയിട്ടുള്ളത്. വിജയ് മന്ത്രിസഭയിൽ ചേരാൻ പാർട്ടി എംഎൽഎമാർക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗികമായി അനുമതി നൽകിയ വിവരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലൂടെ (X) പരസ്യമാക്കിയിരുന്നു. കോൺഗ്രസ് അണികളിൽ വലിയ ആവേശമാണ് ഈ പുനഃപ്രവേശം ഉണ്ടാക്കിയിട്ടുള്ളത്. അഗ്രികൾച്ചർ, ഹയർ എഡ്യൂക്കേഷൻ ഉൾപ്പെടെ വിജയ് നേരിട്ട് കൈവശം വെച്ചിരുന്ന ഇരുപതോളം പ്രധാന വകുപ്പുകൾ പുതിയ മന്ത്രിമാർക്കായി ഇന്ന് വിഭജിച്ചു നൽകും.
by Midhun HP News | May 21, 2026 | Latest News, കേരളം
തിരുവനന്തപുരം: മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാർട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാർ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നാണ് ഔദ്യോഗികമായി സഭയിൽ നിർദ്ദേശിക്കുക. നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തങ്ങളുടെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തുള്ള ഇടതുമുന്നണി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

by Midhun HP News | May 21, 2026 | Latest News, കായികം
കൊൽക്കത്ത: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വിജയിച്ചതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതൽ കടുത്തു. എല്ലാ ടീമുകൾക്കും ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഒറ്റ സീറ്റിലേക്ക് 5 ടീമുകളും മത്സരിക്കുന്നു. 5 ടീമുകൾക്കും സാധ്യത ഇപ്പോഴും നിൽക്കുന്നു. നിലവിൽ രാജസ്ഥാൻ റോയൽസിനാണ് ഏറ്റവും കൂടുതൽ ചാൻസുള്ളത്. 50 ശതമാനമാണ് സാധ്യത. കൊൽക്കത്ത ജയിച്ചതോടെ വെട്ടിലായത് ചെന്നൈ സൂപ്പർ കിങ്സാണ്. കൊൽക്കത്ത, പഞ്ചാബ് ടീമുകളുടെ സാധ്യത തുല്യമാണ്. 19 ശതമാനം. ചെന്നൈയേക്കാൾ ഇപ്പോൾ സാധ്യതയിൽ മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ്. ഡൽഹിക്ക് 9 ശതമാനമാണ് സാധ്യതയെങ്കിൽ ചെന്നൈക്ക് വെറും 3 ശതമാനം മാത്രമാണ് സാധ്യത.
രാജസ്ഥാൻ റോയൽസ്
രാജസ്ഥാന് അവസാന കളി മുംബൈ ഇന്ത്യൻസിനോടാണ്. ഈ കളി ജയിച്ചാൽ രാജസ്ഥാൻ നേരിട്ട് പ്ലേ ഓഫിലെത്തും. മറ്റ് ടീമുകളുടെ സാധ്യതകളും ഇതോടെ അവസാനിക്കും. ഇനി ഈ മത്സരം രാജസ്ഥാൻ തോൽക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ ഫലം നിർണായകമാണ്. കെകെആർ, പിബികെഎസ്, സിഎസ്കെ, ഡിസി ടീമുകളെല്ലാം അവരുടെ മത്സരം തോറ്റാൽ മാത്രം രാജസ്ഥാന് കയറാം. സിഎസ്കെയും ഡിസിയും മാത്രമാണ് ഈ നാല് ടീമുകളിൽ തോൽക്കുന്നതെങ്കിൽ രാജസ്ഥാന് നെറ്റ് റൺറേറ്റ് നിർണായകമാകും.
പഞ്ചാബ് കിങ്സ്
പഞ്ചാബിന്റെ പ്ലേ ഓഫ് സീറ്റിനും ഉറപ്പില്ല. അവസാന മത്സരത്തിൽ ജയം അനിവാര്യമാണ്. അതുമാത്രം പോര കെകെആർ, രാജസ്ഥാൻ ടീമുകൾ തോൽക്കുകയും വേണം. രാജസ്ഥാൻ ജയിച്ചാൽ പഞ്ചാബ് പുറത്താകും. പഞ്ചാബും കൊൽക്കത്തയും അടുത്ത കളി ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റ് നിർണായകമാകും.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
അവസാന മത്സരത്തിൽ കെകെആറിനു ജയം അനിവാര്യമാണ്. അതും പോര, പഞ്ചാബും രാജസ്ഥാനും തോൽക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽ പ്ലേ ഓഫിലേക്ക് അജിൻക്യ രഹാനെ സംഘത്തിനു മുന്നേറാം. രാജസ്ഥാൻ ജയിച്ചാൽ കെകെആർ പുറത്താകും. പഞ്ചാബും കൊൽക്കത്തയും ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ റൺറേറ്റ് കാര്യം തീരുമാനിക്കും.
ഡൽഹി ക്യാപിറ്റൽസ്
അവസാന പോരാട്ടത്തിൽ ഡൽഹിക്ക് വൻ മാർജിനിൽ ജയം വേണം. ഒപ്പം കെകെആർ, പിബികെഎസ്, ആർആർ, സിഎസ്കെ ടീമുകളെല്ലാം അവരുടെ അവസാന മത്സരം തോൽക്കുകയും വേണം. ഇതിൽ ഒരു ടീം ജയിച്ചാൽ പോലും ഡൽഹി പുറത്താകും. എന്നാൽ ചെന്നൈ അവസാന കളി ജയിക്കുകയും മറ്റുള്ള ടീമുകൾ തോൽക്കുകയും ചെയ്താൽ റൺ റേറ്റ് നോക്കി ഡൽഹിക്ക് കയറാം.
ചെന്നൈ സൂപ്പർ കിങ്സ്
നിലവിൽ സ്ഥാനം ഒട്ടും സുരക്ഷിതമല്ലാതെ നിൽക്കുന്നത് ചെന്നൈയാണ്. കൊൽക്കത്ത ഇന്നലെ ജയിച്ചതാണ് സിഎസ്കെയുടെ സാധ്യത കൂടുതൽ സങ്കീർമാക്കിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന കളിയിൽ ചെന്നൈ ഉറപ്പായും ജയിക്കണം. മാത്രമല്ല കെകെആർ, പിബികെഎസ്, ഡിസി, ആർആർ ടീമുകൾ തോൽക്കുകയും വേണം. ചെന്നൈ, ഡൽഹി ടീമുകൾ ജയിക്കുകയും ശേഷിക്കുന്ന മൂന്ന് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്ലേ ഓഫിലെ അവസാന സ്ഥാനം നിർണയിക്കപ്പെടുക.

by Midhun HP News | May 21, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. വരും ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കാലവർഷം 26ഓടെ
സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കാലവർഷം ഈ മാസം 26 ഓടെ സംസ്ഥാനത്ത് എത്താൻ സാധ്യത (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം).

Recent Comments