ഉച്ചയോടെ തിരിച്ചിറങ്ങി സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 4320 രൂപ, കാരണമിത്?

ഉച്ചയോടെ തിരിച്ചിറങ്ങി സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 4320 രൂപ, കാരണമിത്?

കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചിറങ്ങി. പവന് 4320 രൂപയാണ് കുറഞ്ഞത്. 1,18,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 540 രൂപയാണ് കുറഞ്ഞത്. 14,850 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

രാവിലെ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിന് ഇറക്കുമതി തീരുവ ആറു ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. നിലവില്‍ ക്രൂഡ് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നത്.

അസംസ്‌കൃത എണ്ണയും സ്വര്‍ണവും വാങ്ങുന്നതിനായി വലിയ തോതില്‍ ഡോളര്‍ ചെലവാക്കുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രം അസാധാരണ ഗസറ്റിലൂടെ ഈ നിയന്ത്രണം കൊണ്ടുവന്നത്. സ്വര്‍ണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘അതിരടിയിൽ ടൊവിനോയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു നടനെ; പിന്നീട് കഥ റീവർക്ക് ചെയ്തു’

‘അതിരടിയിൽ ടൊവിനോയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു നടനെ; പിന്നീട് കഥ റീവർക്ക് ചെയ്തു’

‘അതിരടി’യിൽ വില്ലൻ കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചത് ടൊവിനോയെ ആയിരുന്നില്ലെന്ന് നടൻ ബേസിൽ ജോസഫ്. ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റ് കുറച്ചു കൂടി റീവർക്ക് ചെയ്തുവെന്നും ബേസിൽ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

“ആദ്യം സിനിമയിൽ വില്ലൻ കാരക്ടറിലേക്ക് വേറെ ഒരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ നമ്മൾ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ. അവൻ ചെയ്‌താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അപ്പോൾ അവനെ കൊണ്ടുവന്നു.

അപ്പോൾ ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. അവനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോ​ഗം ചെയ്യാൻ പാടില്ല.

അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്”.- ബേസിൽ പറഞ്ഞു.

നവാ​ഗതനായ അരുൺ അനിരുദ്ധൻ ആണ് അതിരടി സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും; നാല് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും; നാല് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മേയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേയ് 13 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് വിവധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ദീപാദാസ് മുൻഷി കേരളത്തിലേക്ക്

ദീപാദാസ് മുൻഷി കേരളത്തിലേക്ക്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തിൻറെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം മൂന്നരക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് അവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക

ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കൊല്ലം ജില്ലയിലെ പുനലൂർ നെല്ലിപ്പള്ളി സർവ്വീസ് സ്റ്റേഷനിൽ ഇന്നലെ (12/05/2026) വൈകിട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്ന് പുനലൂർ വന്മള വള്ളി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസിന് (40) ദാരുണാന്ത്യം സംഭവിച്ചു. സ്പ്രേ പെയിൻറിങ് തൊഴിലാളിയായിരുന്ന സിജു തോമസ്.

സർവീസ് സ്റ്റേഷനിൽ വച്ച് സ്കൂൾ ബസ്സ് പെയിൻറിംഗ് ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തു കിടന്ന് ടോറസിൻ്റെ ക്യാബിനിൽ കയറിയിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു രണ്ടുപേർ അടുത്തുള്ള കെട്ടിടത്തിലേക്ക് പോവുകയും ഏകദേശം വൈകിട്ടുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് സർവീസ് സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞ് ടോറസിന്റെ ക്യാബിനിലേക്കും സർവീസ് സ്റ്റേഷന്റെ മുകളിലേക്കും പതിക്കുകയായിരുന്നു.

കോൺക്രീറ്റ് സംരക്ഷണഭിത്തി ഇളകി വന്നു സർവീസ് സ്റ്റേഷന്റെ മുകളിൽ വീണതിനെ തുടർന്ന് സർവീസ് സ്റ്റേഷൻ പൂർണമായും നിലംപൊത്തുകയും അവിടെ സ്പ്രേ പെയിൻറ് ചെയ്തുകൊണ്ടിരുന്ന സ്കൂൾ ബസ്സ് പൂർണമായും തകർന്നുപോയി. ടൂവീലർ അടക്കം നിരവധി വാഹനങ്ങൾ അതിനുള്ളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്യാബിനുള്ളിൽ കിടന്നിരുന്ന സിജു തോമസ് തൽക്ഷണം മരണപ്പെടുകയായിരുന്നു

പുനലൂർ പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ക്യാബിന്റെ മുകളിലെ മണ്ണും കോൺക്രീറ്റ് കഷണങ്ങളും മാറ്റിയതിനുശേഷം ക്യാബിൻ കട്ട് ചെയ്തു സിജു തോമസിന്റെ ചേതനയറ്റ ശരീരം പുറത്തെടുക്കുകയായിരുന്നു.

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി തല്‍ക്കാലം നിര്‍ത്തിവച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാകും തുടര്‍നടപടികളെന്നും സിഎംഡി പ്രമോദ് ശങ്കര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംവിധാനം നിര്‍ത്തിയത്. വകുപ്പ് മന്ത്രിയില്ലാതെ ഡേറ്റ ശേഖരിക്കാനുള്ള നീക്കം സര്‍ക്കാരിനെതിരെയുളള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടതും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ഏത് ആവശ്യത്തിനാണ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കാത്ത സര്‍ക്കുലര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നതും തീരുമാനം പിന്‍വലിക്കാന്‍ കാരണമായി.

ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷ നിയമം അനുസരിച്ച് ഏതൊരു വിവരശേഖരണത്തിനും ഉദ്ദേശം, ഉപയോഗം, വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലാവധി എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. മേയ് എട്ടിലെ ഉത്തരവില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.