by Midhun HP News | May 14, 2026 | Latest News, കേരളം
ഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിയായ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയാണ്, കൂടുതല്‍ വിശദമായ വിശകലനം നടത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ആന്റണി, സുധീരന്‍, മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെല്ലാം ജനവികാരം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സുധീരനും മുരളീധരനും വി ഡി സതീശനെയാണ് പിന്തുണച്ചത്. യുഡിഎഫിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സതീശനാണെന്നും, പണിയെടുത്തവര്‍ക്ക് നേട്ടം കിട്ടണമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. നീതിയുക്തമായ തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും കേരളത്തിലെ ജനവിധി അതിനാണെന്നുമാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധീരൻ വ്യക്തമാക്കിയത്. ‘ഒരുപാട് തെരഞ്ഞെടുപ്പുകളും മന്ത്രിസഭാ രൂപവത്കരണങ്ങളും കണ്ടിട്ടുള്ള താൻ ഇതുപോലൊരു ജനവികാരം ആദ്യമായാണ് കാണുന്നത്. വീട്ടമ്മമാർ മുതൽ മുതിർന്നയാളുകൾ വരെയുള്ളവർ സതീശനൊപ്പമാണ്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അവരുടെ പ്രതിഷേധം കാണേണ്ടിവരും. സതീശന് അനുകൂലമായ ജനകീയ പ്രതികരണം ആസൂത്രിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല’ എന്നും സുധീരൻ പറഞ്ഞു.
അതേസമയം മുൻ കെപിസിസി പ്രസിഡന്റുമാരായ കെ സുധാകരൻ, എംഎം ഹസ്സൻ എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനും വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ ഒരു വിഭാഗത്തിനും ഒപ്പമില്ലെന്നും, ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് തിരുവഞ്ചൂർ പിന്നീട് പ്രതികരിച്ചത്. അതേസമയം, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ കെസി വേണുഗോപാലിനായി അണിനിരന്നു. കെസി- വിഡി തർക്കം രൂക്ഷമായിരിക്കെ, സമവായ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.

by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലപ്രഖ്യാപനം ഈ മാസം 15ന് തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്.
സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക.
ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപനത്തിനായുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഫലം അറിയാം
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നു. ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്ര വെച്ച കവറില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എത്തിക്കും.
നിയമസഭാകക്ഷി യോഗത്തില്‍ വെച്ചാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. യോഗത്തില്‍ ദീപാദാസ് മുന്‍ഷിക്ക് പുറമെ, രണ്ട് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒമ്പതുദിവസം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്.
മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഫോര്‍മുല മത്സരരംഗത്തുള്ള എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കിയുള്ളത്. ഇന്നു രാവിലെ അതുകൂടി പൂര്‍ത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. അന്തിമ പ്രഖ്യാപനത്തിന് മുമ്പ് ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡ് സംസാരിച്ചേക്കും. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഇന്നത്തെ യോഗം തിരുവനന്തപുരത്തേക്ക് മാറ്റി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് യുഡിഎഫ് എംഎല്‍എമാരുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണറെ കാണുക. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 102 സീറ്റുകളാണ് ലഭിച്ചത്.

by Midhun HP News | May 13, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന്‍ രാവിലെ മുതല്‍ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്‍ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.
ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗയേയും തമ്മില്‍ ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാല്‍ കേന്ദ്ര നേതാക്കള്‍ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് വിവരം. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി ഡി സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.
കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങള്‍ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും ഡല്‍ഹിയില്‍ നിന്ന് തിരിക്കും മുന്‍പ് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള തീരുമാനം മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത് എന്നാണ് വിവരം.
by Midhun HP News | May 13, 2026 | Latest News, ജില്ലാ വാർത്ത
മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം SNDP യൂണിയൻ പരിധിയിൽ വരുന്ന 819-)0 നമ്പർ വെഞ്ഞാറമൂട് ശാഖയിൽ പ്രവർത്തിക്കുന്ന ശ്രീഗുരു വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപയുടെ ചെക്ക് വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര വിതരണം ചെയ്തു.
യൂണിയൻ കൺവീനർ എസ്ആർ രജികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി, ചന്തു വെള്ളുമണ്ണടി, അർജുനൻ വയ്യേറ്റ്, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അതുൽ, ഫെഡറൽ ബാങ്ക് റിലേഷൻഷിപ്പ് ഓഫീസർമ്മാരായ ആര്യ, ആശ, വൈശാഖ് ശ്രീഗുരു വനിത സ്വയം സഹായ സംഘം കൺവീനർ വിജിത. വി. എസ്, ജോയിന്റ് കൻവീനർ സിലി പ്രകാശ് മറ്റ് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | May 13, 2026 | Latest News, കേരളം
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഴുത്തുകാരും സാംസ്‌കാരിക നായകരും രംഗത്ത്. വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും എഴുത്തുകാര്‍ പ്രസ്താവനയില്‍ പറയുന്നു. സാറാ ജോസഫ്, എംഎന്‍ കാരശ്ശേരി, കല്പറ്റ നാരായണന്‍, കെജി ശങ്കരപ്പിള്ള, യുകെ. കുമാരന്‍, എസ് ജോസഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘എന്താണ് ഈ പ്രശ്‌നത്തിന് കാരണം? ജനവിധിയുടെ ആത്മാവുകാണാന്‍ ശേഷിയില്ലായ്മയല്ലേ? അഥവാ അത് മനസ്സിലാക്കിയിട്ടും സ്വന്തം അജണ്ട നടപ്പാക്കാന്‍ ജനവിധി അട്ടിമറിക്കുന്നതില്‍പോലും തെറ്റു കാണാത്ത ചില നേതാക്കളല്ലേ? ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാന്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാന്‍ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങള്‍ കാണുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാല്‍ നല്‍കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നു പറയേണ്ടിവരുന്നു’- കുറിപ്പില്‍ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്, വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. മെയ് 4ന് തെരഞ്ഞെടുപ്പുഫലം വന്നതാണ്. പത്തു ദിവസമാകുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വത്തിനോ ദേശീയ നേതൃത്വത്തിനോ ഇനിയും പരിഹാരം കണ്ടേത്താനായിട്ടില്ല.
എന്താണ് ഈ പ്രശ്‌നത്തിന് കാരണം? ജനവിധിയുടെ ആത്മാവുകാണാന്‍ ശേഷിയില്ലായ്മയല്ലേ? അഥവാ അത് മനസ്സിലാക്കിയിട്ടും സ്വന്തം അജണ്ട നടപ്പാക്കാന്‍ ജനവിധി അട്ടിമറിക്കുന്നതില്‍പോലും തെറ്റു കാണാത്ത ചില നേതാക്കളല്ലേ? ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാന്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാന്‍ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങള്‍ കാണുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാല്‍ നല്‍കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നു പറയേണ്ടിവരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍നിന്ന് നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യ മുറ. അവിടെ ബാഹ്യമായ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ശരിയല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച ഒരാള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായാല്‍ ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുനിന്ന് മറ്റൊരു നേതാവിനെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവാം. പക്ഷേ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സന്ദിഗ്ദ്ധാവസ്ഥ അിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അതില്‍ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് സ്പഷ്ടവുമാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രതിഷേധാര്‍ഹമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
വൈകിയവേളയില്‍ തെറ്റുതിരുത്താനും ജനനിശ്ചയവും ജനാധിപത്യ മര്യാദയും സംരക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. ഇത് കോണ്‍ഗ്രസ്സിന്റേ ആഭ്യന്തരപ്രശ്‌നമല്ലാതായിട്ടുണ്ടെന്ന് ഞങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ജനനിശ്ചയം അട്ടിമറിക്കാനും വോട്ടുമോഷണം നടത്താനുമുള്ള ശ്രമം ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. അതില്‍ ഇടപെടാനും തടയാനും രാഷ്ട്രീയമായ വിവേകത്തോടെ വോട്ടു ചെയ്ത ബഹുജനത്തിന് അവകാശമുണ്ട്. അത് പൗരസമൂഹത്തിന്റെ ജനാധിപത്യധര്‍മ്മമാണ്.
കേരള ജനത കൊടിയ രാഷ്ട്രീയവഞ്ചനയ്ക്ക് ഇരയാകുന്ന ഒരു ഭയാനക നന്ദര്‍ഭത്തിന്റെ മുന്നിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ജനാധിപത്യധ്വംസനത്തിന് ഇട നല്‍കാതെ ജനവികാരം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാന്‍ ജനാധിപത്യ വിശ്വാസികളായ സാംസ്‌കാരിക പ്രവര്‍ത്തകരോടും സാമൂഹികപ്രതിബദ്ധരായ രാഷ്ട്രീയചിന്തകരോടും ആഹ്വാനം ചെയ്യുന്നു. പൊതുസമൂഹത്തിനൊപ്പം കൈകോര്‍ത്ത് പ്രതിഷേധിക്കാനും പ്രതിരോധം തീര്‍ക്കാനും അഭ്യര്‍ത്ഥിക്കുന്നു.

Recent Comments