by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ( ശനിയാഴ്ച ) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം വെള്ള കാര്‍ഡിന് അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു.
2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക. 2026 ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള (E) വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.



by Midhun HP News | Jan 2, 2026 | Latest News, കേരളം
കോട്ടയം: ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ആയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട. ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. ആ വിഷയത്തില്‍ എന്‍എസ്എസിന് ശരിദൂര നിലപാടാണ്. ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട് ആണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് സുകുമാരൻ നായർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്‍റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ന്യൂ ഇയർ ദിനത്തിലുണ്ടായ ബൈക്ക് അപകടത്തിൽ പൂത്തുറ സ്വദേശി മരണപ്പെട്ടു. താഴമ്പള്ളി കുരിശടിക്ക് സമീപം തരിശുപറമ്പ് മേരിദാസൻ സുനിത ദമ്പതികളുടെ മകൻ അജി രാജ് (27) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചേ 12.30 ഓടെയായിരുന്നു സംഭവം. പെരുമാതുറ ഭാഗത്ത്നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനത്തിനു പുറകിൽ ഇരുന്ന് സഞ്ചരിച്ച അജി രാജ് തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ, ചിറയിൻകീഴ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് സെൻ്റ് റോക്കി ദേവാലയത്തിൽ നടക്കും. സഹോദരങ്ങൾ: പ്രവീൺരാജ്, നീതു.
by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോരാണി കുറക്കട ഭാവന ജംഗ്ഷൻ സജിത്ത് ഭവനിൽ ഷീജ (49) യാണ് മരിച്ചത്. ദിവസങ്ങൾക്കു മുൻപ് വീട്ടിലേക്കുള്ള വഴിയരികിൽ വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മക്കൾ: സജിത്ത്, സിജിമോൻ.
മരുമകൾ: വിനിത
ചെറുമകൾ: നിധി.
മരണാനന്തര ചടങ്ങുകൾ തിങ്കൾ (05.01.26) രാവിലെ 8.30 ന്
by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചിറയിൻകീഴ് റേഞ്ച് ഇൻസ്‌പെക്ടർ വി എസ് ദീപുക്കുട്ടന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തികൊണ്ടിരിക്കുന്ന ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇരട്ടകലുങ് ഡ്രീം ലാൻഡ് വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിന്റെ കാർ പോർച്ചിന്റെ കോണിൽ പ്രത്യേകമായി സ്റ്റോർ റൂം സജ്ജീകരിച്ച് അതിനുള്ളിൽ 99 കെയ്സുകളിലായി 891 ലിറ്റർ ഗോവ നിർമ്മിത അനധികൃത വിദേശ മദ്യം കണ്ടെത്തി.
തുടർന്ന് ഡ്രീം ലാൻഡ് വീട്ടിൽ താമസക്കാരനായ 53 വയസ്സുള്ള ബിനു ജി യെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. കേസ് ചിറയിൻകീഴ് റേഞ്ചിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേഷ് കെ ആർ, പ്രിവന്റീവ് ഓഫീസർ എ ജസീം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷംനാദ്, പ്രവീൺ, അജാസ്, അഖിൽ, വൈശാഖ്,വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 1, 2026 | Latest News, കായികം
സിഡ്നി: ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരിയിൽ നടക്കുന്ന പോരാട്ടത്തിൽ സ്പിന്നർമാർക്ക് വലിയ പ്രാധാന്യം നൽകിയാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചത്. ടി20യിൽ നിന്നു വിരമിച്ച സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പകരക്കാരനായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
പരിക്കിനെ തുടർന്നു ടീമിൽ നിന്നു പുറത്തായ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, പേസർ ജോഷ് ഹെയ്സൽവുഡ് എന്നിവർ ലോകകപ്പ് ടീമിലുണ്ട്. ആഷസ് പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാറ്റ് കമ്മിൻസ് കളിച്ചത്. ജനുവരി അവസാനം നടക്കുന്ന അന്തിമ പരിശോധനകൾക്കു ശേഷമാകും കമ്മിൻസ് ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തത വരുക. ആഷസ് പരമ്പര പൂർണമായും നഷ്ടപ്പെട്ട ജോഷ് ഹെയ്‍സൽവുഡിനെയും ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വിധേയനാക്കും. പരിക്കേറ്റ് പുറത്തായ ഹാർഡ് ഹിറ്റർ ടിം ഡേവിഡും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. താരവും ലോകകപ്പ് ആകുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, ടിം ഡേവിഡ് എന്നിവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ലോകകപ്പിന് അവർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെലക്ടർ ജോർജ് ബെയ്‌ലി പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചത് പ്രാഥമിക ടീം മാത്രമാണെന്നും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടം കൈ സ്പിന്നർമാരായ മാറ്റ് കുനെമാൻ, കൂപ്പർ കോണോളി എന്നിവരെ 15 അംഗ ടീമിലേക്ക് ഉൾപ്പെടുത്തി. ആദം സാംപ, പാർട്ട് ടൈം സ്പിന്നർ ഗ്ലെൻ മാക്സ്‌വെൽ എന്നിവരും ടീമിലുണ്ട്. ഓസ്ട്രേലിയയുടെ ഗ്രൂപ്പ് ഘട്ട മത്സങ്ങൾ മുഴുവൻ ശ്രീലങ്കയിലാണ് നടക്കുന്നത്. കമ്മിൻസിനും ഹെയ്‌സൽവുഡിനും പുറമേ നതാൻ എല്ലിസ്, സേവ്യർ ബാർട്‌ലെറ്റ്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് ടീമിലെ പേസർമാർ. എല്ലാവരും വലം കൈയൻ ബൗളർമാരാണ്.
2026ലെ ഐപിഎലിന് മുന്നോടിയായി പഞ്ചാബ് കിങ്സ് നിലനിർത്തിയ ഓൾറൗണ്ടർ മിച്ചൽ ഓവനെ ടീമിലേക്ക് പരിഗണിച്ചില്ല. ഫെബ്രുവരി ഏഴ് മുതലാണ് ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി 11ന് കൊളംബോയിൽ അയർലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് മത്സരം. ടൂർണമെന്റിനു മുന്നോടിയായി പാകിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഓസ്‌ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, കൂപ്പര്‍ കോണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ.
Recent Comments