ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

കൊച്ചി: മത – ജാതി വിവേചനങ്ങള്‍ നിലനിന്ന കാലത്തു കഥകളിയില്‍ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിച്ചു ആസ്വാദക മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഹൈദരാലി. ഹരിപ്പാട്ടെ ഒരു ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് വലിച്ചുകെട്ടിയ സ്റ്റേജില്‍ പാടേണ്ടി വന്ന ഹൈദരാലിയെ പഴയ തലമുറയിലെ കഥകളി ആസ്വാദകര്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ആര്‍ദ്രമായ ശബ്ദം കൊണ്ട് മാമൂലുകളെ തിരുത്തിയെഴുതിയ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതു വര്ഷം പിന്നിടുന്നു.

കഥകളി വേദിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റു വീശുന്ന വര്‍ത്തമാന കാലത്തില്‍ രണ്ടു മുസ്ലിം വനിതകളാണ് ഹൃദയം കീഴടക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാബ്രി എന്ന പതിനാറുകാരി വിജയദശമി ദിനത്തില്‍ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ കഥകളി വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ലാണ് കൊല്ലം അഞ്ചലിലെ ഫോട്ടോഗ്രാഫര്‍ നിസാമിന്റെയും അനീസയുടെയും മകളായ സാബ്രി കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനം നേടിയത്.

സാബ്രിയയുടെ തുടര്‍ച്ചയായി ഫാത്തിമ ഇസ്തിക് എന്ന മലപ്പുറം വാണിയമ്പലംകാരി കഴിഞ്ഞ ഡിസംബര്‍ 27 നു പോരൂര്‍ ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരി അവതരിപ്പിച്ച് ശ്രദ്ധ നേടി. വാണിയമ്പലത്തിലെ സ്‌കൂള്‍ അധ്യാപകനായ ഇസ്തികറുദീന്റെയും രജിതയുടെയും മകളായ ഫാത്തിമ ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചാണ് അര മണിക്കൂര്‍ കഥകളിപദ കച്ചേരി നടത്തിയത്. ലവണാസുരവധത്തില്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ടു വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന സീതയെ അശ്വമേധത്തിനിടെ ലവകുശന്മാരാല്‍ ബന്ധിതനായ ഹനുമാന്‍ കാണുന്ന വികാരതീവ്രമായ പദമാണ് ഫാത്തിമ അവതരിപ്പിച്ചത്. ദുബായില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്ന ഭര്‍ത്താവു നാജി റഹീമിനൊപ്പം കഴിയുന്ന ഫാത്തിമ ക്ഷേത്രത്തിലെ പരിപാടിക്കായാണ് നാട്ടില്‍ എത്തിയത്.

വണ്ടൂര്‍ ഡബ്ലിയു ഐ സി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലളിത സംഗീതം നന്നായി ആലപിച്ചിരുന്ന ഫാത്തിമയോട് അധ്യാപികയായ റഷീദ ടീച്ചര്‍ ആണ് അവളുടെ സ്വരം കഥകളി സംഗീതത്തിന് യോജിക്കും എന്ന് പറഞ്ഞത്. ‘ടീച്ചര്‍ ആണ് എന്നെ കഥകളി സംഗീതജ്ഞയായ ദീപ പാലനാടിനു പരിചയപ്പെടുത്തിയത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ 2016 സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാനതലം വരെ മല്‍സരിച്ചു. പിന്നീട് മഹാരാജാസ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദാനന്തര ബിരുദവും ലഭിച്ചു,’ ഫാത്തിമ പറഞ്ഞു.

കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും റീലുകളായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു ആരാധക ശ്രദ്ധ നേടിയ ഫാത്തിമയ്ക്ക് ഒരു പ്രഫഷണല്‍ ഗായികയാവാനാണ് ആഗ്രഹം. ജനുവരി അഞ്ചിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഫാത്തിമ കഥകളിപദ കച്ചേരി അവതരിപ്പിക്കും. മാര്‍ച്ചില്‍ വനിതാദിനത്തില്‍ സംഗീത നാടക അക്കാദമിയില്‍ കഥകളിക്ക് പാടാനുള്ള ഒരുക്കത്തിലാണ്.

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ

ഷിംല: 78 വർഷം കാത്തിരുന്നു കിട്ടിയ റോഡും ആദ്യ ബസിന്റെ വരവും ആ ​ഗ്രാമ വാസികൾ ആഘോഷമാക്കി! ഹിമാചൽ പ്രദേശിലെ ചെറിയ ​ഗ്രാമങ്ങളിൽ ഒന്നായ മാണ്ഡി ജില്ലയിലെ ചവാസി പ്രദേശത്തുള്ള തുമാൻ ​ഗ്രാമത്തിലാണ് വാഹനങ്ങൾക്കു സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദ്യ റോഡ് ലഭിച്ചത്. ഷാക്കേൾ‍ഡ് മുതൽ തുമാൻ വരെ 2.7 കിലോമീറ്റർ നീളമുള്ള റോഡ് പൊതുമരാമത്ത് വകുപ്പാണ് നിർമിച്ചത്. കാലങ്ങളായി അടിസ്ഥാന ​ഗതാ​ഗത സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ​ഗ്രാമം.

വർഷങ്ങളോളം കാത്തിരുന്ന ശേഷം റോഡ് ലഭിച്ചതിലുള്ള സന്തോഷം ഗ്രാമവാസികൾ ആഘോഷമാക്കി. റോഡിന്റെ ഉദ്ഘാടനവും ബസിന്റെ വരവും മധുരം വിതരണം ചെയ്തും സ്വീകരണച്ചടങ്ങു നടത്തിയുമാണ് ജനങ്ങൾ ആഘോഷിച്ചത്. ചടങ്ങിൽ ആളുകൾ കൈയടിച്ചും ആർപ്പു വിളിച്ചും പൂമാലകളുമായി ബസ് സ്വീകരിക്കാൻ കാത്തു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

റോഡ് തുറന്നതിനോടുബന്ധിച്ച് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എച്ആർടിസി) ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ഗ്രാമവാസികൾ, നേതാക്കളെയും ഉദ്യോഗസ്ഥരെയും സ്വീകരിച്ചു. ഷാക്കേൾഡ് മുതൽ തുമാൻ വരെയും തിരിച്ചുമുള്ള പരീക്ഷണ ബസ് യാത്രയിൽ അവരോടൊപ്പം പങ്കെടുത്തു.

കാർസോഗ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗൗരവ് മഹാജൻ ഷാക്കേൾഡിൽ നിന്ന് തുമാൻ വരെയുള്ള ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മുൻ കാർസോഗ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പൃഥ്വി സിങ് നേഗി റോഡ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു, മൂന്ന് ദിവസത്തില്‍ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തര്‍

ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു, മൂന്ന് ദിവസത്തില്‍ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തര്‍

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. ഡിസംബര്‍ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288 അയ്യപ്പ ഭക്തര്‍ സന്നിധാനത്തെത്തി.

ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം നടത്തി. വിര്‍ച്വല്‍ ക്യൂവിലൂടെ 20,477 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 4,401, പുല്‍മേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്. ഡിസംബര്‍ 31ന് 90,350 പേര്‍ സന്നിധാനത്തെത്തി. വിര്‍ച്വല്‍ ക്യൂവിലൂടെ 26,870; സ്‌പോട്ട് ബുക്കിംഗ്: 7,318, പുല്‍മേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേരും ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയില്‍ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പ്

ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത് നട തുറന്നത് മുതല്‍ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പും ശബരിമലയില്‍ സജീവമാണ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബര്‍ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി. ഇക്കാലയളവില്‍ 239 ഹോട്ടലുകള്‍/ വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിക്കുകയും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 19 സംയുക്ത പരിശോധനകളും നടത്തി. അനധികൃത പുകയില ഉപയോഗ/വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റര്‍ ചെയ്തു; 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് പമ്പ എക്സൈസ് സി ഐ ശ്യാം കുമാര്‍ അറിയിച്ചു.

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു

കാസർക്കോട്: ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കൾ ​ഹോട്ടൽ അടിച്ചു തകർത്തു. കാസർക്കോട് തൃക്കരിപ്പൂരിലാണ് യുവാക്കളുടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള പരാക്രമം. ഇതര സംസ്ഥാന ഹോട്ടൽ ജീവനക്കാരെ യുവാക്കൾ മർദ്ദിച്ചു. മർദ്ദനത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണം കണ്ടതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവർ ഇറങ്ങിയോടി.

ബുധനാഴ്ച വൈകീട്ട് തൃക്കരിപ്പൂരിലെ ‘പോ​​ഗ്​ഗോ’ ഹോട്ടലിലാണ് സംഭവം. ഇവിടെയെത്തിയ നാല് യുവാക്കൾ ഭക്ഷണം ഓർഡ‍ർ ചെയ്തു. പിന്നീട് ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു. ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു.

എന്നാൽ ഇതിനു പിന്നാലെ 25ഓളം വരുന്ന സംഘം വീണ്ടും ​ഹോട്ടലിലെത്തി. ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർത്തു. ജീവനക്കാരെ മർദ്ദിച്ചു. നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങളും സംഘം തകർത്തു.

പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള ഈർജ്ജിത ശ്രമത്തിലാണ് പൊലീസ്.

രാത്രി 11 മണിയോടെ ഹോട്ടലിലെത്തിയ 4 പേരാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്ന് ഹോട്ടൽ ഉടമ കെ ഷിഹാബുദ്ദീൻ വ്യക്തമാക്കി. ആദ്യമെത്തിയവർ ഗ്രിൽ ചിക്കനും മന്തിയും ഓർഡർ ചെയ്തു. 15 മിനിറ്റ് താമസമുണ്ടാകുമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ 5 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ യുവാക്കൾ പ്രശ്നമുണ്ടാക്കി. പാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞു തകർത്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടി.

തുടർന്ന് പൊലീസിനെ വിളിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ 25ഓളം പേർ വീണ്ടുമെത്തി ഹോട്ടൽ അടിച്ചു തകർത്തു. ജീവനക്കാർക്കും മർദ്ദനമേറ്റു. ഒരു ജീവനക്കാരന്റെ മൂക്കിന് സാരമായ പരിക്കുണ്ട്. അക്രമികൾ രക്ഷപ്പെട്ടെന്നും ഷിഹാബുദ്ദീൻ പറയുന്നു.

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതല്‍; ദർശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ്

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതല്‍; ദർശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ്

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതൽ. ഇന്ന് രാത്രി എട്ട് മുതൽ ഈ മാസം 13 വരെയാണ് നടതുറപ്പ് മഹോത്സവം. www.thiruvairanikkulamtemple.org വഴി വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം. ബുക്ക് ചെയ്യുന്നവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ കൗണ്ടറില്‍ ബുക്കിങ് രസീത് നല്‍കി ദര്‍ശനത്തിനുള്ള പാസ് വാങ്ങാം.

ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെ ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹന്‍കുമാര്‍, സെക്രട്ടറി എ എന്‍ മോഹനന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എസ് അശോകന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 8547769454.

12 ദിവസം നീണ്ടു നില്‍ക്കുന്ന നടതുറപ്പ് മഹോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് ഭക്തരാണ് എത്തുക. വര്‍ഷത്തിലൊരിക്കല്‍ 12 ദിവസം മാത്രം നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.

പെരിയാര്‍ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനെയും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി പാര്‍വ്വതിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.

ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേകം പ്രതിഷ്ഠയുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രം ഊരാള കുടുംബങ്ങളിലൊന്നായ അകവൂര്‍ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനില്‍ക്കുന്നു. പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം.

ശിവപാര്‍വ്വതിമാര്‍ക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര, മൂന്ന് ഊരാളകുടുംബങ്ങളില്‍ പ്രധാനപ്പെട്ട അകവൂര്‍ മനയില്‍ നിന്നാണ് പുറപ്പെടുന്നത്. കുലദൈവമായ ശ്രീരാമസ്വാമിയുടെ നടയില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷം അകവൂര്‍ മനയിലെ കാരണവര്‍, ക്ഷേത്രം ഭാരവാഹികള്‍ക്ക് തിരുവാഭരണങ്ങള്‍ കൈമാറുന്നതോടെ ഘോഷയാത്ര പുറപ്പെടും. പ്രത്യേക രഥത്തില്‍ തിരുവാഭരണങ്ങള്‍ പ്രതിഷ്ഠിച്ചശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തും. തിരുവാഭരണം ക്ഷേത്രത്തില്‍ എത്തിച്ചശേഷം മേല്‍ശാന്തിയോട് ദേവിയുടെ നട തുറക്കാന്‍ തോഴിയായ പുഷ്പിണി ആവശ്യപ്പെടുകയും അതനുസരിച്ച് നട തുറക്കുകയും ചെയ്യുന്നു. ഇതോടെയാണ് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകുന്നത്.

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ( ശനിയാഴ്ച ) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം വെള്ള കാര്‍ഡിന് അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു.

2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക. 2026 ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള (E) വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.