ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

റിട്ടയര്‍മെന്റ് കാലത്ത് സ്ഥിരമായി തരക്കേടില്ലാത്ത മാസ വരുമാനം ലഭിക്കുന്നതിന് ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്ന പദ്ധതികളെ താത്പര്യത്തോടെ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. റിസ്‌കില്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിക്ഷേപിക്കാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുകയും ചെയ്യും. ഇത്തരത്തില്‍ റിസ്‌കില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന നിരവധി സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായും ബാങ്ക് നിക്ഷേപങ്ങളായും വിപണിയിലുണ്ട്.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

മാസത്തില്‍ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 7.4 ശതമാനം പലിശ നിരക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നുമാസം കൊണ്ട് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്്സ് സ്‌കീം. 8.2 ശതമാനം പലിശയാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വര്‍ഷമാണ് കാലാവധി.

ബാങ്ക് മന്ത്ലി ഇന്‍കം സ്‌കീം

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിങ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളില്‍ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും.

ബോണ്ടുകള്‍

കമ്പനികളുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പണ്‍ എന്ന പേരില്‍ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്കൗണ്ട് വഴി ബോണ്ടുകള്‍ വാങ്ങാം. ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പണ്‍ റേറ്റ്.

കമ്പനി സ്ഥിര നിക്ഷേപം

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മാസ, ത്രൈമാസങ്ങളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതല്‍ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നികുതി ഈടാക്കും. 1 മുതല്‍ 5 വര്‍ഷം വരെ കാലാവധി ലഭിക്കും.

ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

റായ്പൂര്‍: ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലെത്തി.

റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0 ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ റായ്പൂരില്‍ തന്നെ പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ(ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.

ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്,, പ്രസിദ്ധ് കൃഷ്ണ.

‘കോഹ്‌ലിയെയും രോഹിതിനെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്’; ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

‘കോഹ്‌ലിയെയും രോഹിതിനെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്’; ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

ന്യൂഡല്‍ഹി: 2027 ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകുമോയെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കണക്കിലെടുത്ത് ഇരുവരെയും ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്.

ഇരുവരെയും പിന്തിരിപ്പിക്കരുതെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനോടാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന. നിലവിലുള്ള പല താരങ്ങളെക്കാളും കോഹ് ലിയും രോഹിത്തും മികവ് കാണിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. രോഹിതിനെയും കോഹ്‌ലിയെയും കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം അനുവദിക്കണം. ഫോര്‍മാറ്റില്‍ തുടരാന്‍ അവര്‍ അര്‍ഹരാണ് ശ്രീശാന്ത് പറഞ്ഞു.

നിലവിലുള്ള മിക്ക കളിക്കാരേക്കാളും ഈ രണ്ട് സീനിയര്‍ ബാറ്റര്‍മാരും ആയിരം മടങ്ങ് മികച്ചവരാണ്. അബുദാബി ടി10 ലീഗിനിടെ ശ്രീശാന്ത് പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ കോഹ് ലിയുടെയും രോഹിത്തിന്‍രെയും റെക്കോര്‍ഡുകള്‍ മികച്ചതാണെന്നും ഇരുവരെയും ഒരു കാരണവശാലും ടീമില്‍ നിന്ന് ഒഴിവക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു.

‘ഗൗതം ഭായ്, പരിശീലകനെന്ന നിലയില്‍ താങ്കള്‍ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോഹ് ലിയെയും. കാരണം, ഏകദിന ക്രിക്കറ്റില്‍ അവരുടെ റെക്കോര്‍ഡ് അനുപമമാണ്. അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം അവരെ കളിക്കാന്‍ അനുവദിക്കുക. കാരണം, ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണ് അവര്‍. അതുകൊണ്ട് എനിക്ക് പറയാനുള്ളത് അത്രയും മഹാന്‍മാരായ താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നതില്‍ നിന്ന് അവരെ തടയരുതെന്നാണ് ഗൗതം ഭായിയോട് എനിക്ക് പറയാനുള്ളത്ശ്രീശാന്ത് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള: എൻ വാസു ജയിലിൽ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള: എൻ വാസു ജയിലിൽ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം നഷ്ടമായ കേസിൽ എൻ വാസു മൂന്നാം പ്രതിയാണ്.

പ്രായവും ആരോഗ്യപ്രശ്നവും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു വാസു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോടതി ഈ ആവശ്യം അം​ഗീകരിച്ചില്ല. വാസുവിന് ജാമ്യം നൽകുന്നതിനെ എസ്ഐടി എതിർത്തിരുന്നു. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ.

2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറുമ്പോള്‍ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ വാസുവിന്‍റെ അറിവോടു കൂടിയാണ് എന്നാണ് എസ്ഐടി കണ്ടെത്തിയത്. എന്നാൽ ആരോപണം വാസു നിഷേധിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറുമ്പോള്‍ എൻ വാസു സ്ഥാനത്തുണ്ടായിരുന്നില്ലെന്നും വിരമിച്ചെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് വാസുവിന് കൃത്യമായി ധാരണയുണ്ടായിരുന്നെന്നും ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് എസ്ഐടി അറിയിച്ചത്. തുടര്‍ന്നാണ് ജാമ്യാപേക്ഷ ഇപ്പോള്‍ തള്ളിയത്. അതിനിടെ, ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അന്വേഷണത്തിന് എസ്ഐടിക്ക് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകിയിട്ടുണ്ട്.

ആദ്യമായി 90 കടന്ന് രൂപ, സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തിലും

ആദ്യമായി 90 കടന്ന് രൂപ, സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തിലും

ഡല്‍ഹി: ഡോളറിനെതിരെ ആദ്യമായി 90 എന്ന നിലവാരം മറികടന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറു പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. 90.02 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എങ്കിലും എണ്ണവില കുത്തനെ ഇടിഞ്ഞതും ഡോളര്‍ ദുര്‍ബലമായതും വലിയ തോതില്‍ ഇടിയുന്നതില്‍ നിന്ന് രൂപയെ തടഞ്ഞുനിര്‍ത്തി. ഇന്നലെ രൂപ 43 പൈസയുടെ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് 89.96 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്.

അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിലവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 85,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ശ്രീറാം ഫിനാന്‍സ്, മാക്‌സ്‌ഹെല്‍ത്ത് കെയര്‍, കോള്‍ ഇന്ത്യ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

‘എന്റെ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല’; രാഹുലിനെതിരായ നടപടിയില്‍ ഷാഫി പറമ്പില്‍

‘എന്റെ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല’; രാഹുലിനെതിരായ നടപടിയില്‍ ഷാഫി പറമ്പില്‍

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിയമപരമായി കാര്യങ്ങള്‍ നടക്കുകയാണ്. രാഹുലിനെതിരെ കൂടുതല്‍ നടപടി എടുക്കേണ്ടതില്‍ പാര്‍ട്ടി നേതൃത്വം കൂട്ടായി കൂടിയാലോചിച്ച് കെപിസിസി അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും തന്റെതു കൂടിയാണെന്ന് ഷാഫി പറഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് യോജിച്ചെടുക്കുന്ന തീരുമാനങ്ങളാണത്. വ്യക്തിപരമായ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നതും പാര്‍ട്ടി എടുത്ത തീരുമാനമാണ്. അതില്‍ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തി ചിത്രീകരിക്കേണ്ടതില്ലെന്നും ഷാഫി പറഞ്ഞു.

വേറൊരു പാര്‍ട്ടിയും കൈകാര്യം ചെയ്യാത്ത തരത്തിലാണ് രാഹുല്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്തത്. സമാനമായ കേസും കാര്യങ്ങളും ഉണ്ടായപ്പോള്‍ സിപിഎമ്മില്‍ എത്രപേര്‍ പുറത്തുപോയി, എത്രപേര്‍ക്കെതിരെ നടപടിയെടുത്തു എന്നതെല്ലാം മാധ്യമങ്ങള്‍ അന്വേഷിക്കുന്നത് നല്ലതാണ്. മറ്റു പാര്‍ട്ടി ചെയ്യുന്നതു പോലെയല്ല കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തത്. രണ്ടാമതൊരു പരാതി വന്നപ്പോഴും സിപിഎം ചെയ്തതുപോലെ, കമ്മീഷനെ വെച്ച് തീവ്രത അന്വേഷിക്കുകയല്ല ചെയ്തത്. മറിച്ച് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

തന്റെ ധാരണകളും അടുപ്പവും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് ഇപ്പോള്‍ രാഹുല്‍ നേരിട്ട നടപടികള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. കേരളത്തെ ഞെട്ടിക്കുന്ന സംഭവമാണ് ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്. അയ്യന്റെ സ്വര്‍ണം കവരാന്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൂട്ടുനിന്നിട്ട്, പ്രതിയായ ആള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ഇപ്പോഴും തുടരുകയാണ്. അയാള്‍ എന്തെങ്കിലും പറയുമോ എന്നു പേടിച്ചിട്ടാണ് ജാഗ്രതയോടെ സിപിഎം നടപടിയെടുക്കാത്തതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.