റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു

റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് രണ്ടു തവണകളായി ആയിരത്തോളം രൂപയാണ് കൂടിയത്.

റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായി അന്വേഷിക്കാന്‍ എസ്‌ഐടി. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലും അന്വേഷണ സംഘം പരിശോധിക്കും. നേരത്തേ, കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്‌ഐടി വ്യക്തമാക്കി.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്ജയിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചു.

‘പവർ ക്വിസ് 2025’ സംസ്ഥാനതല ഫൈനൽ മത്സരം നടന്നു

‘പവർ ക്വിസ് 2025’ സംസ്ഥാനതല ഫൈനൽ മത്സരം നടന്നു

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ് 2025 (വിജ്ഞാനത്തിന്റെ 32-ാം വർഷം) സംസ്ഥാനതല ഫൈനൽ മത്സരം ബുധനാഴ്ച ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആവേശകരമായി അരങ്ങേറി.

“പവറിങ് ദി പ്രോഗ്രസ്സ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവം, രാജ്യത്തെ ഊർജ്ജമേഖലയിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ ക്വിസ് മത്സരങ്ങളിലൊന്നായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹയർ സെക്കൻഡറി സ്കൂൾ, കോളേജ്, എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ, പ്രാഥമികവും ജില്ലാതലവും വിജയകരമായി പിന്നിട്ടവരാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്.

വൈദ്യുതി, ശാസ്ത്രം, സാങ്കേതികവിദ്യ, ചരിത്രം, സാമൂഹിക വിഷയങ്ങൾ, സമകാലിക സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളിലൂടെ മത്സരാർത്ഥികളുടെ സമഗ്ര വിജ്ഞാനശേഷി മത്സരത്തിൽ സൂക്ഷ്മമായി വിലയിരുത്തപ്പെട്ടു. ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്‌കൂളിനെ പ്രതിനിധീകരിച്ച നിള രാജുവും മിഥുൻ നായർ എം. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇവർക്ക് സർ വിശ്വേശ്വരയ്യ ട്രോഫിയും ₹20,000 രൂപയുടെ ക്യാഷ് അവാർഡും സമ്മാനമായി നൽകി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിനെ പ്രതിനിധീകരിച്ച യദുനാഥ്‌ ജി ആറും വിസ്മയ സി പിയും രണ്ടാം സ്ഥാനവും ഡോ. കെ.എൽ. റാവു ട്രോഫിയോടൊപ്പം ₹10,000 രൂപയും നേടി.

എറണാകുളം ജില്ലയിലെ, ആലുവ യൂ. സി കേളേജിനെ പ്രതിനിധീകരിച്ച അനുഗ്രഹ് വി കെ യും അനുപമ സി എം – ഉം താണു പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും ₹5,000 രൂപയുടെ ക്യാഷ് അവാർഡും നേടി പൗൺസ് ചാമ്പ്യന്മാരായി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. ജയപ്രകാശൻ.പി പവർ ക്വിസ് അവലോകനം നടത്തി.

ഉഷ ടി.എസ് സ്വാഗതവും അനീഷ്.ഡി കൃതജ്ഞതയും രേഖപ്പെടുത്തി. മനോജ്‌.ഇ, ജവാദ്.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. അവാർഡ് ദാനച്ചടങ്ങോടെ പവർ ക്വിസ് 2025 ഔപചാരികമായി സമാപിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവം, വിദ്യാഭ്യാസ രംഗത്ത് വീണ്ടും ഒരു മാതൃകയായി മാറി. അറിവിലൂടെ പുരോഗതി സാധ്യമാണെന്ന സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ച പവർ ക്വിസ് മത്സരം, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രചോദനമായി.

ആറ്റിങ്ങലിൽ 10 ടൺ ഓളം വരുന്ന തേക്കിൻ തടി ജി എസ് ടി വിഭാഗം പിടികൂടി

ആറ്റിങ്ങലിൽ 10 ടൺ ഓളം വരുന്ന തേക്കിൻ തടി ജി എസ് ടി വിഭാഗം പിടികൂടി

ആറ്റിങ്ങലിൽ ഫോറസ്റ്റിന്റെ അനുമതിയില്ലാതെ കൊണ്ടുപോവുകയായിരുന്ന 10 ടൺ ഓളം വരുന്ന തേക്കിൻ തടി ജി എസ് ടി വിഭാഗം പിടികൂടി. കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു തടി. ഡ്രൈവറെയും വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെയും ജി എസ് ടി വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ജിഎസ്‌ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്. ഒരു ഫർണിച്ചർ ഫാക്‌ടറിയിലേക്കുള്ള തടികളാണ് എന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞത്.

ചടയമംഗലത്ത് വാഹനാപകടം: ടിപ്പർ കയറി സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

ചടയമംഗലത്ത് വാഹനാപകടം: ടിപ്പർ കയറി സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

ചടയമംഗലം പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന അപകടത്തിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ ആലപ്പുഴ താമരകുളം സ്വദേശിയായ ബഷീർ മരണപ്പെട്ടു. ടിപ്പറിന്റെ പിൻ ടയർ ശരീരത്തിൽ കൂടി കയറിയിറങ്ങി തല്ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കടയ്ക്കൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല…, കുടുക്കിയതാണോ? അതെ…; അറസ്റ്റില്‍ പ്രതികരിച്ച് കണ്ഠര് രാജീവര്

കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല…, കുടുക്കിയതാണോ? അതെ…; അറസ്റ്റില്‍ പ്രതികരിച്ച് കണ്ഠര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ തള്ളി തന്ത്രി കണ്ഠര് രാജീവര്. എസ്‌ഐടി അറസ്റ്റിന് പിന്നാലെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു രാജീവരുടെ പ്രതികരണം. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇല്ല എന്ന ഒറ്റവാക്കില്‍ ആയിരുന്നു കണ്ഠരര് രാജീവര് പ്രതികരിച്ചത്. കുടുക്കിയതാണോ എന്ന് ചോദ്യത്തിന് അതെ എന്നും അദ്ദേഹം മറുപടി നല്‍കി.

അറസ്റ്റിലായ തന്ത്രിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി രാജീവരെ കൊല്ലത്തേക്ക് കൊണ്ടുപോയി. കൊല്ലം വിജിലൻസ് കോടതിയിലാണ് രാജീവരെ ഹാജരാക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്റ് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് പിന്നാലെയായായിരുന്നു അറസ്റ്റ്.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്ന എസ്ഐടി കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.