by Midhun HP News | Mar 18, 2026 | Latest News, കേരളം
കൊച്ചി: ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു രാവിലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 14,460 ആയി.
ഏതാനും ദിവസങ്ങളായി ഇടിവു പ്രകടിപ്പിച്ച പവന്‍ വില ഇന്നലെ 880 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണ വില. ഇതു പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 11,000 രൂപയിലധികമാണ് ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേകു തിരിയുന്നത് അടുത്തിടെ വിലയില്‍ കുതിപ്പുണ്ടാക്കിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.


by Midhun HP News | Mar 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 27 സീറ്റുകളില്‍ മുസ്ലിം ലീഗ് ജനവിധി തേടും. 8 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കും. കേരള കോണ്‍ഗ്രസിന്റെ ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടു നല്‍കിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം വിട്ടു നല്‍കുകയും, പകരം കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തതായി വിഡി സതീശന്‍ അറിയിച്ചു.
ആര്‍എസ്പി കഴിഞ്ഞ പ്രാവശ്യം 5 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണയും 5 സീറ്റുകളില്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പി കോണ്‍ഗ്രസിന് വിട്ടുനല്‍കി. പകരം പയ്യന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയിട്ടുണ്ട്. ആ സീറ്റില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. പകരം സിപിഎം വിമതനായ വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനാണ് ആര്‍എസ്പിയുടേയും യുഡിഎഫിന്റെയും തീരുമാനം.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബിന് പിറവം, സിഎംപിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലവും, കെഡിപിയിലെ മാണി സി കാപ്പന് പാലാ മണ്ഡലവും നല്‍കും. ആര്‍എംപിക്ക് വടകരയും നല്‍കിയിട്ടുണ്ട്. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വറും മത്സരിക്കും. സ്വതന്ത്രരെ പിന്താങ്ങുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നുതന്നെ തീരുമാനമെടുക്കുമെന്നും വിഡി സതീശന്‍ അറിയിച്ചു.
ചാത്തന്നൂര്‍ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ അവര്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് സീറ്റ് തിരിച്ചു തന്നു. അതില്‍ ഫോര്‍വേഡ് ബ്ലോക്കിനും ജി ദേവരാജനും നന്ദി അറിയിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഫോര്‍വേഡ് ബ്ലോക്കിനോട് യുഡിഎഫ് പൂര്‍ണമായ നീതി പുലര്‍ത്തും. ഇതു വാക്കാണ്. രാജ്യസഭാ സീറ്റ് ആയിരിക്കുമോ എന്നതൊന്നും പറയാന്‍ താനാളല്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.


by Midhun HP News | Mar 18, 2026 | Latest News, കേരളം
കൊച്ചി: മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയെന്നും എല്ലാ ദിവസവും രാഷ്ട്രീയ വിഷയങ്ങളിലടക്കം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. ചലച്ചിത്ര താരങ്ങളെയാരെയും താന്‍ നിര്‍ബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ലെന്നും പിഷാരടി പറഞ്ഞു.
തൃപ്പൂണിത്തുറക്കാരുടെയും സിറ്റിങ് എംഎല്‍എ കെ ബാബുവിന്റെയും ‘അനുഗ്രഹം വാങ്ങി’യാണ് രമേഷ് പിഷാരടി പാലക്കാട്ടേക്ക് പോയത്. പാലക്കാട്ടേക്ക് പുറപ്പെടുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ രമേഷ് പിഷാരടി താമസിക്കുന്നത് തൃപ്പൂണിത്തുറയില്‍ ആണ്. അവിടെ നിന്ന് വൈകിട്ട് നാലു മണിയോടെ പിഷാരടി പാലക്കാടെത്തി പ്രചരണത്തിനു തുടക്കം കുറിക്കും. എംഎല്‍എമാരെന്ന നിലയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പാലക്കാട് വിപ്ലവാത്മകരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ പിന്തുടര്‍ച്ച തന്റെ ഭാഗത്തു നിന്നുണ്ടാകും. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ്, മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറ്റിയിരുന്നുവെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നു പറഞ്ഞത്, രാഹുലിനെ താന്‍ പിന്തുണയ്ക്കുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ തലക്കെട്ടു കൊടുത്തതാണെന്നും പിഷാരടി പറഞ്ഞു.
”രാഹുല്‍ 13 വീടുകള്‍ വച്ചുകൊടുത്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. എട്ടോ പത്തോ വീടുകള്‍ കൂടിയുള്ളത് നിര്‍മാണം പാതിയില്‍ നില്‍ക്കുകയാണ്. അതിനെ പിന്താങ്ങുന്നില്ല എന്നു പറയാന്‍ പറ്റില്ലല്ലോ. നല്ല കാര്യങ്ങള്‍ എന്തെല്ലാമുണ്ടോ, അതിനെ പിന്തുണയ്ക്കലാണ് മുന്നിലുള്ള കാര്യമെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ഇതിനു മുമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ പേരുകള്‍ വരാറുണ്ടായിരുന്നെങ്കിലും തന്റെ സൗകര്യത്തിന് അനുസരിച്ച് ഇന്ന സ്ഥലത്ത് മത്സരിക്കും എന്ന് ആലോചിച്ചിട്ടില്ലെന്നും പിഷാരടി പറഞ്ഞു. പാലക്കാട് തന്റെ ജന്മനാടാണ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് തന്റെ അമ്മയുടെ നാടെന്നും പിഷാരടി പറഞ്ഞു. പിതാവ് ജോലിക്കായി വെള്ളൂരിലേക്ക് വന്നതുകൊണ്ട് പില്‍ക്കാലത്ത് തൃപ്പൂണിത്തുറയില്‍ താമസമാക്കുകയായിരുന്നു. അതുകൊണ്ട് ‘ജനവിധി തേടി ജന്മനാട്ടിലേക്ക്’ പോവുന്നു എന്നും പിഷാരടി പറഞ്ഞു.


by Midhun HP News | Mar 18, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍ നിസാര്‍, മുസഫര്‍ അലി ഗുലാം, ഇസ്മായീല്‍ സലിം ഖാന്‍ എന്നിവര്‍ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാള്‍ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അതാത് എംബസികളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇറാന് നേരെ ഇസ്രയേല്‍ – യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി 28 മുതലാണ് മേഖല സംഘര്‍ഷഭരിതമായത്. ഗള്‍ഫ് മേഖലകളിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ. സംഘര്‍ഷം പത്തൊന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുഎഇക്ക് നേരെ രണ്ടായിരത്തോളം ആക്രമണങ്ങള്‍ ഉണ്ടായെന്നും അധികൃതര്‍ പറയുന്നു. 314 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും 1672 ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചെന്നാണ് കണക്കുകള്‍. സിവിലിയന്‍ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം ഉണ്ടായെന്നാണ് യുഎഇ നല്‍കുന്ന വിവരം.
യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സേന ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


by Midhun HP News | Mar 18, 2026 | Latest News, കേരളം
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം.
കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന് ഇറങ്ങാന്‍ കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറോട് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നിയില്‍ സര്‍പ്രൈസ് ഉണ്ടാകില്ലെന്നും, അടൂര്‍ പ്രകാശ് മത്സരിക്കുമെന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.
അതിനിടെ, കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ്, ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് വീണ്ടും ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു കേരള നേതൃത്വം ഹൈക്കമാന്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നത്.


by Midhun HP News | Mar 18, 2026 | Latest News, കേരളം
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പു പറയുന്നു. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.
പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിങ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം, എൽപിജി സിലിണ്ടറുകൾ പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ ഇതുവരെ പിടിച്ചെടുത്തു.


Recent Comments